പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

16 ഡിസംബർ, 2024

കണ്ണാടി

കഷണ്ടി കേറി വെളുത്തതാവാം,

പുരികക്കട്ടി കറുത്തതാവാം.

നെറ്റിചുളുങ്ങിയിരുണ്ടതാവാം,

കണ്ണിന്‍ ചുറ്റുമിരുണ്ടതാവാം.


മൂക്കില്‍ ശുണ്ഠി ചുവന്നതാവാം,

മീശ പൊടിച്ചത് മാഞ്ഞതാവാം.

കവിളുകളൊട്ടി വരണ്ടതാവാം,

അത് പല്ലില്ലാതെ കുഴിഞ്ഞതാവാം.


വിളറിയ ചുണ്ടു വിണ്ടതാവാം,

താടി നീണ്ടു നരച്ചതാവാം.

കൊന്ത്രപ്പല്ല് മുളച്ചതാവാം,

ചെവിയില്‍ പൂട കിളിര്‍ത്തതാവാം.


മുഴച്ചതൊക്കെ മുഖക്കുരുവാകാം,

പഴഞ്ചനെന്നൊരു തോന്നലുമാവാം.

മുഖത്തിരിപ്പതു കാണാന്‍ വേണ്ടൂ,

പളുങ്കു കൊണ്ടൊരു കണ്ണാടി.

05 ഡിസംബർ, 2024

The Odd Pillar

By the sea, that's beautiful and blue,

Goes the sun, that's painting all its hue,

Was an old bridge, broken into two,

Left to survive only for the view.


Made of pillars, twenty and a few,

Above the rocks stood, all in the queue.

Never cared, never looked as new,

Drinking salt forever, like its due.


Among them was one, crippled by the clams,

Lost a footing, tumbled in the sands,

Rid of the burden, to drown on any day,

On the way slowly, but not today.


Cursed to be out, no bridge over head,

Pitiful not to be among the herd,

In the cold alone, scared of the winds,

Just to bear those weary noisy birds.


Dark around, waves making eerie sound,

Looked above, a solace may be found,

For the first time in a hundred years,

Got to witness the glory of the stars.


In a lifetime, counted all the waves,

Setting sun and storms, never alike,

Heart was full, warm and pounded in the gaze,

Like a call from home, beyond the space.


Long ago was a feeling this alive,

When the bridge had purpose and pride,

Biding time, now reminiscing the past,

A reminder, nothing ever last.


Then the day dawned, certain doom arrived,

With the waves came, a bed of surf behind,

The moon set, cometh the birds of prey,

And the tide took the old castaway.

22 നവംബർ, 2024

ചിന്താഭാരം

ഭാരമാകുന്ന ചിന്ത തൊട്ടുണർത്തരുത്,

എന്ന് കുത്തി നോക്കുന്ന പലക.

ഭാരിച്ച ചിന്ത തലയിൽ കേറ്റരുത്,

എന്ന് ചുറ്റുമിരിക്കുന്ന തലകൾ.


ഭരമേൽപ്പിച്ച ചിന്ത ലഘുവാക്കണം,

എന്ന് ചില്ലറ തരുന്നൊരാശാൻ.

ഭരിക്കണമെന്ന ചിന്ത തോന്നരുത്,

എന്ന് ഒപ്പമിരിക്കുന്നോരൽപർ.


ഭാരമായതൊന്നും കേറ്റാതെയിപ്പോൾ,

ലോലമായ ചിന്ത പുകയുന്നതുള്ളിൽ.

കനമില്ലാത്ത തണ്ടുപോലിന്ന് ഞാൻ,

ചെറുകാറ്റിലും വീഴുന്നമട്ടായ്.

17 നവംബർ, 2024

എനിക്ക് കിട്ടിയ വെളിപാട്

ചെന്നൈ. മെയ് 6, 2024 വെളുപ്പാന്‍കാലത്ത് കണ്ട സ്വപ്നം. 


ഭാഗം 1 - നഗരമദ്ധ്യത്തിലെ മുറി

രാവിലെ എണീറ്റ് ജനാല തുറന്നു. റൂമിന്‍റെ പിന്നിലുള്ള ജനാലയാണ്. റൂം രണ്ടാം നിലയിലാണ്. ജനാലയ്ക്ക് പുറത്തെ സ്ട്രീറ്റില്‍ നല്ല ആള്‍ത്തിരക്ക്. കടകളൊക്കെ തുറന്നിരിക്കുന്നു. സ്കൂള്‍ കുട്ടികളും ഒരുപാട് ആളുകളും അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്നു. ഞാന്‍ ജനാല തുറക്കുന്നത് താഴെ നില്‍ക്കുന്ന ഒരു ചേച്ചി കണ്ടു. സുന്ദരിയാണ്. അവരെന്നെത്തന്നെ നോക്കുന്നു. ഞാനാണെങ്കില്‍ ഒരു മുണ്ട് മാത്രം ഉടുത്ത് അര്‍ധനഗ്നനാണ്. അവരെന്നെത്തന്നെ നോക്കുകയും അടുത്ത് നില്‍കുന്ന ആളോട് തമാശ പറയുകയും ചെയ്യുന്നുണ്ട്. കണ്ടിട്ടൊരു സ്കൂള്‍ ടീച്ചറാണെന്ന് തോന്നുന്നു.

അല്പം കഴിഞ്ഞ് കടകളെല്ലാം ശാന്തമായി, ആളൊഴിഞ്ഞു. ഞാന്‍ ജനലയഴിയിലൂടെ ഊര്‍ന്ന് എന്‍റെ മുറിയുടെ ഭിത്തിയോട് ചേര്‍ന്ന് കാണപ്പെട്ട ഒരു ഇടത്തില്‍ ഇരിപ്പുറപ്പിച്ചു. വേഷം ഇപ്പോഴും മുണ്ടുതന്നെ. പെട്ടെന്ന് എന്‍റെ മുറി ഇടത്തോട്ട് നീങ്ങാന്‍ തുടങ്ങി. ഞാനടക്കം ഇടതുവശത്തുണ്ടായിരുന്ന എല്ലാ മുറികളും കെട്ടിടങ്ങളും നീങ്ങാന്‍ തുടങ്ങി. നീങ്ങി നീങ്ങി അത് അത്യാധുനികമായ ഒരു നഗരമധ്യത്തില്‍ എത്തി. എന്‍റെ മുറി കറങ്ങിത്തിരിഞ്ഞ് എങ്ങോ പോകുകയും ഞാന്‍ ഒറ്റയ്ക്കാവുകയും ചെയ്തു. കാഴ്ച കാണാനിരിക്കുകയായിരുന്ന എന്നെ നഗരത്തിലുള്ള എല്ലാവരും നോക്കുന്നു. ഞാന്‍ അരയില്‍ കെട്ടിയ മുണ്ടെടുത്ത് എന്നെയാരും കാണാത്തവിധം മുഴുവനായി മൂടി.

എന്‍റെ മുറി കറങ്ങിത്തിരിഞ്ഞ് പഴയ സ്ഥാനത്തെത്താന്‍ വൈകുന്നേരമാകും. ഞാന്‍ പഴയ സ്ട്രീറ്റിലൂടെ വന്ന വഴിയെ പിറകോട്ട്, മുറിയുണ്ടായിരുന്ന ആദ്യ സ്ഥാനത്തേക്ക് നടന്നു. വഴി ഇരുണ്ട് കാടുപിടിചിരിക്കുന്നു. ഒരു കുഞ്ഞിച്ചെറുക്കന്‍ എന്‍റെ വഴി മുടക്കി നടക്കുന്നു. അവനെ കവച്ച് വെച്ച് ഞാന്‍ മുറിയുടെ ആദ്യ സ്ഥാനത്തെത്തി. ഇപ്പോള്‍ ആ കടകള്‍ അവിടെയില്ല. ഒരു നാടന്‍ ചായക്കട മാത്രം. അവിടെക്കൂടിയിരുന്ന നാട്ടുകാരായ ചേട്ടന്മാരോട് ഞാന്‍ നടന്നതൊക്കെ പറഞ്ഞു. അവരെല്ലാം കണ്ടിരുന്നെന്ന് പറഞ്ഞു.

മുറി അപ്പോഴേക്കും കറങ്ങിത്തിരിഞ്ഞ് എത്തി. മുന്നിലെ വാതില്‍ അകത്തുനിന്നു പൂട്ടിയിരിക്കുന്നതിനാല്‍ ഞാന്‍ പിന്നിലെ ആ ജനാല വഴി കയറാന്‍ ശ്രമിച്ചു. അപ്പോള്‍ വീണ്ടും ആ ചെറുക്കന്‍ എന്നെ ശല്യപ്പെടുത്താന്‍ വന്നു. അതുവഴി പോകുന്ന ഒരു പോലീസ്കാരന്‍റെ അടുത്ത് ആ പയ്യനെ ഞാന്‍ ഏല്‍പ്പിച്ചു. പിന്നെ ജനലഴിയിലൂടെ മുറിയുടെ അകത്തേക്ക്. തിരിച്ചു കയറുമ്പോള്‍ ചുവന്ന മുണ്ടിനിടയില്‍ നിന്ന് ഒടിഞ്ഞ ഒരു പുതിയ പെന്‍ റീഫില്ലും, പൊട്ടിപ്പോയ മഷിതീര്‍ന്ന ഒരു പേനയും കിട്ടി. ജനാല അടച്ചിടാതിരുന്നതിനാല്‍ ഉണങ്ങിയ ഇലകളാണ് ഉള്ളില്‍ മുഴുവന്‍. ജിടിഎ സാന്‍ ആണ്ട്രിയാസ്-ന്‍റെ മരുഭൂമിയിലാണ് ചെന്നുപെട്ടത്.എങ്ങും മരുഭൂമി തന്നെ. ഉപയോഗയോഗ്യമായ വീടുകളോ, വാഹനങ്ങളോ കാണാനില്ല.അവിടെയുണ്ടായിരുന്ന ആളുകള്‍ എന്നെക്കണ്ടപാടെ വെടിയുതിക്കാന്‍ തുടങ്ങുന്നു. ഞാന്‍ കളി മതിയാക്കി പുറത്തുവന്നു.


ഭാഗം 2 - വനമദ്ധ്യത്തിലെ ഗ്രാമം

ഇപ്പോള്‍ ഞാനൊരു റോഡിന്‍റെ നടുക്കാണ്. ഒരു ബോക്സര്‍ മാത്രമാണുള്ളത്. മലയോരത്തുള്ള ഒരു റോഡ്‌. വിജനമെങ്കിലും ഒരു സൈഡില്‍ നിറയെ വാഹനങ്ങള്‍. ഞാന്‍ ഒരു വശത്തേക്ക് നടന്നു. അവിടെ ഒരു പെണ്‍കുട്ടിയും അവളുടെ കുടുംബക്കാരും എന്തൊക്കെയോ ആലോചിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടെങ്കിലും മൈന്‍ഡ് ചെയ്തില്ല. ഞാനും അവരെ മൈന്‍ഡ് ചെയ്തില്ല. ഞാന്‍ വീണ്ടും മുന്നോട്ട് നടന്നു.  വഴിയരികില്‍ അവസാനം കിടക്കുന്ന ഒരു വാനില്‍ നിന്ന് ഡ്രസ്സ് മാറി.ചേട്ടായീടെ കല്യാണത്തിനിട്ട സ്യുട്ട് ആണ്. അവിടെ നില്‍ക്കുകയായിരുന്ന അനിയന്‍റെ  കൂടെ കല്യാണപ്പന്തലിലേക്ക് നടത്തം തുടങ്ങി.

റബ്ബര്‍ തോട്ടത്തിനു നടുക്കാണ് വിവാഹം. കണ്ടു പരിചയമുള്ള ഒരു പെണ്‍കുട്ടിയുടെ കല്യാണമാണ്. ഞാനും അനിയനും ഭക്ഷണം കഴിക്കാനിരുന്നു. പെട്ടെന്നവിടേക്ക് കല്യാണചെക്കനെ അന്വേഷിച്ച് പപ്പ വന്നു. അവിടെയിരിക്കുന്നവരില്‍ ഞാന്‍ മാത്രമേ സ്യുട്ട് ഇട്ടിരുന്നുള്ളൂ. അത്കൊണ്ട് എന്നോട് കല്യാണം കഴിക്കാന്‍ പറഞ്ഞു. അത്കേട്ടപ്പോള്‍ ഞാനവിടെനിന്ന് ഇറങ്ങിപ്പോയി. 

ഇരുട്ടി, രാത്രിയായിരിക്കുന്നു. ഞാന്‍ വെളിച്ചം അന്വേഷിച്ചു നടന്നു. റബ്ബര്‍ ഷീറ്റടിക്കുന്ന ഒരു പുരയില്‍ ലൈറ്റുണ്ട്. ഞാനങ്ങോട്ട് കേറുമ്പോള്‍ ഒരാള്‍, 'പോകല്ലേ, അവിടെ നീലഗിരിപ്പട്ടിയുണ്ട്' എന്ന് പറഞ്ഞു. 'അതെന്താ സാധനം?', ഞാന്‍ ആ ഷീറ്റ് പുരയിലേക്ക്‌ കയറാന്‍ തുടങ്ങി. പെട്ടെന്ന്, മുന്നിലതാ നീലഗിരിപ്പട്ടി. കണ്ടാല്‍ ഒരു കുറുക്കനേപ്പോലെ, കൊമ്പുണ്ട്. അത് വരയാടിനെപ്പോലെ ചാടിച്ചാടി എന്‍റെ അടുത്തു വന്നു. ഞാനൊഴിഞ്ഞു മാറിയപ്പോള്‍ രണ്ട് മാന്‍ കുഞ്ഞുങ്ങള്‍ വന്ന് അതിനെ കുത്തിയകറ്റി. എങ്കിലും അത് തിരിച്ചു വന്നു. അതിന്‍റെ കൊമ്പ് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. എന്‍റെ അടുത്തെത്തിയപ്പോള്‍ ഞാനതിനു ഒരു തൊഴി കൊടുത്തു. അത് പറന്ന്, അല്പം ദൂരെ തലയും കുത്തി വീണു. അതിനു അനക്കമില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു നടന്നു.

വീട്ടിലെത്തിയപ്പോള്‍ മമ്മി കുര്‍ബ്ബാനയ്ക്കുപയോഗിക്കുന്ന ഒരു പാത്രം കാണുന്നില്ലെന്ന് പറഞ്ഞ് തപ്പിനടക്കുകയാണ്. ഞാനത് വഴിയില്‍ വെച്ച് കണ്ടെന്ന കാര്യവും അതിരിക്കുന്ന സ്ഥലവും പറഞ്ഞു കൊടുത്തു. അതിനുശേഷം ഞാനും ഒരു ചേട്ടനും കൂടി ചായ കുടിച്ച് കൊണ്ട് ചെറിയൊരു കയറ്റം നടന്നു കയറാന്‍ തുടങ്ങി. മുകളിലെത്തിയപ്പോള്‍ ചേട്ടന്‍ ചായഗ്ലാസ്സ് നിലത്ത് വെച്ചു. ആനയ്ക്ക് ചില്ലുഗ്ലാസ്സ് പേടിയാണത്രെ. കയറ്റം അവസാനിച്ചു മുന്നോട്ട് ചെന്നപ്പോള്‍ താഴേക്കിറങ്ങാനുള്ള സ്റ്റെപ്പുകള്‍ കാണാം. ഞാന്‍ സ്റ്റെപ്പുകള്‍ ഇറങ്ങാന്‍ തുടങ്ങി. സ്റ്റെപ്പില്‍ രണ്ട് പിള്ളേര്‍ ക്രിക്കറ്റ് കളിക്കുന്നു. താഴെയെത്തിയപ്പോള്‍ അവസാനത്തെ സ്റ്റെപ്പ് സൂപ്പര്‍ മരിയോയില്‍ ഉള്ളത്പോലെ മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനു താഴെ അഗാധമായ ഗര്‍ത്തം. സ്റ്റെപ്പില്‍ കയറി അടുത്ത കരയ്ക്കടുത്തെത്താനായപ്പോള്‍ എനിക്ക് പരിചയമുള്ള ഒരു ചേട്ടന്‍ എന്നെ തള്ളി കരയ്ക്കെത്തിച്ചു. പുള്ളിക്കാരന്‍ ചിരിച്ചു.


-സുഹൃത്തിന്‍റെ ഫോണ്‍ കോള്‍ വന്നതിനാല്‍ ഉറക്കം പോയി. സ്വപ്നം അവസാനിച്ചു.  


15 നവംബർ, 2024

ബലൂണ്‍

ഇതുമതിയോ,

ഇനിയും നിറയ്ക്കണോ?

ഇത്ര വേണോ,

ഒരിറ്റു കുറയ്ക്കണോ?


വാ മുറുക്കണോ,

വയറില്‍ പിടിക്കണോ?

വള്ളി കെട്ടണോ,

വിടാതെയിരിക്കണോ?


കൂര്‍ത്തതൊന്നും,

മണല്‍ത്തരിപോലും,

തട്ടിടാതെ,

പൊക്കിപ്പിടിക്കണോ?


ഇന്ന് കാണാന്‍

ഭംഗിയുണ്ടെങ്കിലും,

ഉള്ളിലെപ്പോഴും

വീര്‍പ്പുമുട്ടുന്നല്ലോ.


ഭാരമില്ല,

വേദനിപ്പിക്കില്ല,

തൊഴികൊടുത്താലും,

ദൂരേക്ക് പോകില്ല.


അല്‍പനേരം

രസിച്ചുല്ലസിച്ചിടാം,

നാളെ വിദ്വാന്‍റെ

കാറ്റു പോയെങ്കിലോ.

25 ഒക്‌ടോബർ, 2024

ഒരമ്മ രണ്ടു മക്കൾ

അമ്മ ആത്മാഹുതി ചെയ്തു;

മകൻ മറക്കാൻ ശ്രമിച്ചു.

മകൻ ആത്മാഹുതി ചെയ്തു;

അമ്മയും ആത്മാഹുതി ചെയ്തു.

 

അമ്മ ഇനിയില്ല;

മകൻ കണ്ണീർ പൊഴിച്ചു.

മകൻ ഇനിയില്ല;

അമ്മയും ഇനിയില്ല.

 

അമ്മ ഒറ്റയ്ക്കു പോയി;

മകൻ ഒറ്റയ്ക്കായി.

മകൻ ഒറ്റയ്ക്കു പോയി;

അമ്മ കൂട്ടു പോയി.


11 ഒക്‌ടോബർ, 2024

നിർമിതഹൃദയം

ജനിക്കും മുതലേ എനിക്കു ഹൃദയമില്ല.

പലരും പറഞ്ഞു, ഇനിയുണ്ടാവുകില്ല.

ചിലരു പറഞ്ഞു, അതൊരു പ്രശ്നമല്ല.

ഒരുപാടു പേർ ഒന്നും പറഞ്ഞുമില്ല.

 

ഇങ്ങനായാൽ ശരിയാവുകില്ല, ഇനി

ഹൃദയമില്ലാതെ ഞാൻ മരിക്കുകില്ല.

എവിടെക്കിട്ടും പുതിയൊരു ഹൃദയം?

എവിടെക്കിട്ടും പഴയൊരു ഹൃദയം?


ആരാൻ ഹൃദയം വിൽക്കുന്നുണ്ടോ?

ആരാൻ ഒന്നുപേക്ഷിച്ചതുണ്ടോ?

ആരാൻ ഉപയോഗിക്കാത്തതുണ്ടോ?

ആരാൻ വച്ചു മറന്നതുണ്ടോ?


ഹൃദയം കിട്ടാതൊരുനാളീ ഞാൻ

തുനിഞ്ഞു പുതിയൊരു ഹൃദയം മെനയാൻ.

ശ്വാസമളന്നു, ശരീരമളന്നു,

നെഞ്ചിൻ കൂടിൻ ഉള്ളുമളന്നു.


വഴിയിൽ കിട്ടീ ഹൃദയച്ചീളുകൾ,

നുറുങ്ങി വീണതുപലരിൽ നിന്നും.

ദാനം കിട്ടീ ഹൃദയച്ചീളുകൾ,

മുറിച്ചു തന്നതു ചിലരല്ലോ.


ഒട്ടിച്ചേർത്തതു സ്നേഹം കൊണ്ട്,

മിനുസപ്പെട്ടത് ദുഃഖം കൊണ്ട്.

പ്രതിഷ്ഠ വെച്ചു പാലുമുഴിഞ്ഞു,

പിറ്റേന്നു തന്നതു പൂട്ടിവെച്ചു.


ആറ്റുനോറ്റൊരു ഹൃദയം പക്ഷേ,

പെട്ടെന്നൊരുനാൾ പൊട്ടിപ്പോയി.

പൊട്ടിയ ചീളുകളടുക്കിവെച്ച്

വീണ്ടും വീണ്ടും പണിയുകയായി.


പ്രാകൃതമായൊരു ലോകത്തിന്നൊരു

നിർമിത ഹൃദയം പരാജയമത്രേ.

തുടരെത്തുടരെ തകരും ഹൃദയം

പൂട്ടിവെക്കുക വേണ്ടത്രേ.

08 ഒക്‌ടോബർ, 2024

An old sweetheart

I am a rose on the roadside,


Looking you with broad eyes


Oh, princess on the horse ride


A moment, will you stop by.



I am estranged in the big street


Glancing at you every time


Oh, lordess from a far stoop


Feel the beating heart mine.



I am deserted in the dry lands


Searching for thy dark clouds


Oh, come dear above the sands


Grazing hands upon my boughs



I am writhed in the deep wood


Wild abound, fear around


Oh, my light, shine you should


That I am found, frost-bound

ഒരു സാധാരണ കാമുകഹൃദയം

വഴിയരികിലെ തുമ്പ പോലെ ഞാൻ

വിടർന്ന കണ്ണാലെ നോക്കി നിന്നെ

രഥമേറിയ രാജകുമാരി നീ

തിരയുമോ മിന്നുമൊളിയാലെന്നെ.


ആൾക്കൂട്ടത്തിലന്യനായി ഞാൻ

നൊടിയിടയിൽ കണ്ടു നിന്നെ

നഗരവാരിധി നടുവിലിന്നു നീ

അറിയുമോ പിടയുമെൻ്റെ മാനസം.


വീണ്ടുണങ്ങിയ മരുവിലിന്നു ഞാൻ

തേടി നിൻ ഘനമേഘങ്ങളെ

വന്നു പൊഴിയവേ മുകളിലായ് നിന്നു നീ

തഴുകുമോ ജലകരങ്ങളാൽ സാദരം.


നിലം പറ്റിയ കാട്ടുവള്ളി ഞാൻ

പന്തലിട്ട വനത്തിനു കീഴിലായ്

ഉദിച്ചു നീ പതിക്കുന്ന രശ്മിയാൽ

പകരുമോ ചൂടൊരൽപം ഉടലിലായ്.

05 ഒക്‌ടോബർ, 2024

അവസാന വണ്ടി

പകലുകീറി ഇരുട്ടിത്തുടങ്ങവേ,

അകലെ മിന്നും മഞ്ഞ വെളിച്ചമേ.

കാത്തിരിപ്പു ഞാൻ ഈ വഴിപ്പാതയിൽ,

വീട്ടിലേക്കെന്നവസാന വണ്ടി നീ.

 

നടുക്കിരിപ്പൂ ചൂഴുന്ന കണ്ണുമായ്,

ഒതുക്കി വെച്ച ഭാരത്തിനിടയിലായ്.

നേരമേറുന്നു ആധിയുമേറുന്നു,

ആളൊഴിഞ്ഞില്ലേ, വൈകുന്നതെന്തിനി.

 

വന്നു വണ്ടികൾ ഓരോ നിമിഷവും,

വിട്ടുപോയിതാ കൂടെയിരുന്നവർ.

വന്നു പിന്നെയും ഇടമുള്ള വണ്ടികൾ,

വിഴുപ്പുഭാണ്ഡം കണ്ടു നിർത്താതെ പോയവർ.

 

വൈകിയാലും വരാതിരിക്കല്ലേ

വഴിയിലെങ്ങും നിന്നു പോകല്ലേ.

വേറെയാർക്കുമിടം കൊടുക്കല്ലേ.

രാത്രിയെന്നെ തനിച്ചാക്കിടല്ലേ. 

 

പശികെടുംമുമ്പ് പടിക്കെട്ട് കയറണം.

പായിടും മുമ്പ് നന്നായി കുളിക്കണം.

പോയൊരെൻ കഥകൾ കേട്ടുറങ്ങേണ്ടവർ,

പാർത്തിരിപ്പതാം അവസാന വണ്ടി നീ.

 

04 ഒക്‌ടോബർ, 2024

ഇണ

ദൂരെപ്പറക്കുന്ന പക്ഷി നീയെൻ്റെ

അഴിയിട്ട കൂടു കാണാതിരിക്കുക.

അരികിലെ ചില്ലയിൽ ചേക്കേറിയാലുമെൻ

മുറിയുന്ന പാട്ടുകേൾക്കാതിരിക്കുക.


നാളത്തിലാളുന്ന നിഴലായയെന്നെ നിൻ

മിഴിയാലെ ദയവായ് നോക്കാതിരിക്കുക.

വിധിയെങ്കിൽ, വന്നെൻ്റെ മുറിവു തുന്നീടുമ്പോൾ

ഉറങ്ങും വരേക്കുമെന്നുയിരായിരിക്കുക.


പ്രിയമുള്ളവളെ, നീ പൂവായിരിക്കുക.

ഞാനിറുത്താലും വാടാതിരിക്കുക.

പ്രിയമുള്ളവളെ, നീ മഴയായിരിക്കുക.

ഞാനിരുണ്ടാലും നനവായിരിക്കുക.

02 ഒക്‌ടോബർ, 2024

പരദൂഷണം

വാതിലിനപ്പുറം നീളുന്നു കാതുകള്‍.

ജനാലയ്ക്കപ്പുറം തേടുന്നു കണ്ണുകള്‍.

നാവിന്‍റെ തുമ്പില്‍ തരിക്കുന്നു വാക്കുകള്‍.

നാഡീഞരമ്പില്‍ തുടിക്കുന്നു വിരലുകള്‍.

 

തലയില്‍ കുരുത്തുകൊരുക്കുന്നു ചിന്തകള്‍.

നെറ്റിവിയര്‍ത്താലുമുണരാതെ പേടികള്‍.

തെല്ലുനിദ്രയും വരാതെയിരിക്കിലും,

പല്ലുകള്‍ക്കിടയിലമരാതമര്‍ഷവും.

 

ഒട്ടു വാസ്തവമില്ലെങ്കില്‍ പോലുമേ,

ഒറ്റിക്കൊടുക്കുന്നതുയിരെങ്കില്‍ പോലുമേ,

ഒന്നു രണ്ടാളു വന്നെങ്കിലെന്നായി,

ഒന്നും മുറിയാതെ പറയണമെന്നായി.

പരാശ്രയം

വാതിലിനപ്പുറം കേള്‍ക്കാതെ കാതുകള്‍.

ജനല്‍ച്ചില്ലില്‍ മുട്ടിയടയുന്നു കണ്ണുകള്‍.

നാവിന്‍റെ തുമ്പില്‍ മരിക്കുന്നു വാക്കുകള്‍.

നാഡീഞരമ്പാല്‍ പിടയുന്നു വിരലുകള്‍.

 

തലയില്‍ കനപ്പെട്ടിരിക്കുന്നു ചിന്തകള്‍.

നെറ്റിവിയര്‍പ്പായ് നനയ്ക്കുന്നു പേടികള്‍.

തെല്ലുനേരം വരാതെയുറക്കവും,

പല്ലുകള്‍ക്കിടയിലമരുന്നമര്‍ഷവും.

 

ഒട്ടുമൊരുങ്ങാതെ വന്നോരവസ്ഥയില്‍,

ഒട്ടിനില്‍ക്കുന്നതുയിരെന്നു മാത്രമായ്.

ഒന്നു രണ്ടാളു വന്നെങ്കിലെന്നായി,

ഒന്നു തളരാതെണീക്കണമെന്നായി.

21 ഓഗസ്റ്റ്, 2024

Untended Heaven

A heaven that is chained, by feeding dreams.

A heaven that is latched, in silence begone.


A heaven that is held, for fear of shame.

A heaven that is dying, in the bed of fate.


A heaven that never, creeps into the feast.

A heaven that keeps, an eye open in sleep.


A heaven made up, to look nice in frames.

A heaven whose face, faded in portraits.


A heaven that grew, giants in its shades.

A heaven that threw, despair in the minds.


A heaven betrayed by verity abide.

A heaven rejected to the back of beyond.

12 ഓഗസ്റ്റ്, 2024

പ്രതീക്ഷയ്ക്കുള്ള വക

പ്രതീക്ഷയ്‌ക്കൊരു വകയും കരുതി വെക്കാതെയാണ്

ഉറങ്ങാൻ കിടന്നത്.

പ്രതീക്ഷയുണ്ടാകുമെന്നതുകൊണ്ടാണ്

രാവിലെ നേരത്തെ എണീറ്റതും.


എപ്പോൾ വരുമെന്ന് പറഞ്ഞിട്ടില്ല.

ചിലപ്പോൾ വരാൻ വൈകുമായിരിക്കും.

മുഖം കണ്ട ഓർമയില്ല.

എന്തിനാണ് വരുന്നതെന്ന് അറിയില്ല.


പ്രതീക്ഷകൂടി വന്നിട്ട് ചെയ്യാൻ കരുതി വെച്ച ഒരുപാട് കാര്യങ്ങളുണ്ട്.

വന്നാൽത്തന്നെ എത്രനേരം കൂടെയുണ്ടാകുമെന്നറിയില്ല.

എല്ലാത്തിനും സമയമുണ്ടാവുമോ ആവോ.

നേരം പോയികൊണ്ടേയിരുന്നു.


ഒടുക്കം രാത്രിയായി.

ഉറങ്ങാൻ സമയമായി.

മനസ്സ് പറഞ്ഞു, 'പ്രതീക്ഷ കൈ വിടരുത്'.

ഞാൻ ചുറ്റും നോക്കി.


ഞാനാരുടെയും കൈ പിടിച്ചിട്ടില്ല.

കൈ വിടാൻ മാത്രം ആരുമെന്റെയും കൈ പിടിച്ചിട്ടില്ലെന്ന് ബോധ്യമായി.

ന്നിനിയിപ്പോൾ ഉറങ്ങാം.

നാളെ നേരത്തെ എണീക്കാം.

06 ഓഗസ്റ്റ്, 2024

തിരസ്കരിക്കപ്പെട്ട സ്വർഗം

സ്വപ്നങ്ങൾ എറിഞ്ഞ് കൊടുത്ത്

ചങ്ങലയ്ക്കിട്ട സ്വർഗം.

ഓർമ്മിക്കാതിരിക്കാൻ

മൗനപ്പൂട്ടിട്ട സ്വർഗം.


പേരുദോഷം വരാതിരിക്കാൻ

പടിയിറക്കി വിടാത്തൊരു സ്വർഗം.

പ്രാരാബ്ധം പുതച്ച്

മരിക്കാൻ കിടക്കുന്ന സ്വർഗം.


വിരുന്നുള്ളപ്പോൾ

നിലവിളിക്കാത്ത സ്വർഗം.

ഉറക്കത്തിലും

കണ്ണടയ്ക്കാത്ത സ്വർഗം.


ചുമരിലെ ചില്ലിൽ

കണ്ണാടി നോക്കുന്ന സ്വർഗം.

പിന്നിലെ ചിത്രങ്ങളിൽ

മുഖം മാഞ്ഞ സ്വർഗം.


നിഴലുകളിൽ സത്വങ്ങളെ

വളർത്തിയ സ്വർഗം.

ചിന്തകളിൽ നിരാശ

പടർത്തിയ സ്വർഗം.


നേരിൽ നീറി

വ്രണപ്പെട്ട സ്വർഗം.

തമസ്കരിച്ച

തിരസ്കരിക്കപ്പെട്ട സ്വർഗം.

27 ജൂലൈ, 2024

Never I have

The word that was never given,

The word that was never kept.


The hand that was never raised,

The hand that was never held.


The truth that was never faced,

The truth that was never spilled.


The call that was never made,

The call that was never taken.


The idea that was never bought,

The idea that was never taught.


The shame that was never broken,

The blame that was never spoken.


The love that was never meant,

The love that was never said.


The trail that has never begun,

The trail that has never ended.


All that I could have, but never I have;

For all the regret I have, that never should have.

20 മേയ്, 2024

ഒറ്റമുറി ജീവിതം

എന്റേതെന്ന് പറയാൻ 

എനിക്കുള്ളതൊരു 

കമ്പിയിട്ട ചിരി,

മീശമുട്ടാത്ത കിറി.


ആളൊഴിഞ്ഞ മുറിയിൽ 

ആകെയുള്ളത് 

തുരുമ്പെടുത്തൊരു കസേര,

വലിമുട്ടിയൊരു ഫാൻ,


ഉപ്പരിച്ചൊരു ഷർട്ട്,

ഒച്ചയില്ലാത്തൊരു പാട്ട്,

പതയാത്തൊരു സോപ്പ്,

പരാതിയില്ലാത്തൊരു ചുമര്,


മാറാലയിട്ടൊരെൻ 

ജനാല കൈ നീട്ടുമ്പോൾ 

എന്റേതല്ലെങ്കിലും എന്നെ 

ഇരുട്ടിലാക്കാത്ത 


നിഴലുവീണെങ്കിലും 

ഒരിക്കലും നിന്നുപോകാത്ത 

വഴിവിളക്ക് തുപ്പിയ 

പൊടിപിടിച്ച വെട്ടം.

02 മേയ്, 2024

ട്രൂത്ത് ഓർ ഡെയർ

'Dare for truth, truth for dare, in life's intricate, poetic affair.' - ചുമരെഴുത്ത്


'എനിക്കങ്ങനെയൊന്നുമില്ലെന്ന് അവൾ തന്നെയല്ലേ അന്ന് പറഞ്ഞത്?'

'അങ്ങനെ തോന്നിയിട്ടുണ്ടെന്ന് നാലാളുടെ മുന്നിൽ വെച്ച് പറയാൻ അവൾക്ക് ധൈര്യമുണ്ടെന്ന് നീ കരുതുന്നുണ്ടോ?'

'പിന്നെ ഒരിക്കലും എന്നോടൊന്ന്  സംസാരിക്കാൻ പോലും അവൾ കൂട്ടാക്കിയില്ലല്ലോ?'

'നിന്നോടെന്നല്ല, പിന്നെ ഏതെങ്കിലുമൊരാണിനോട് അവൾ മിണ്ടിയതായിട്ട് നീ കണ്ടിട്ടുണ്ടോ?'

'അവളാരോടൊക്കെ സംസാരിക്കുന്നുവെന്ന് നോക്കിയിട്ടാണോ ഞാൻ നടക്കുന്നത്? It is none of my business .'

'എന്നിട്ടാണോ അവളുടെ നാട്ടിൽ പോയി പഠിച്ചത്? അവൾ ജോലി ചെയ്യുന്നിടത് ജോലി നോക്കുന്നത്?'

'അത്...,അത് വെറും കോയ്നസിഡൻസ്.'

'ഐ ഡോണ്ട് തിങ്ക് സൊ. എന്റെ കേസ് തന്നെ നോക്ക്, അജയ് എങ്ങനെയാണ് എന്നെ പ്രൊപ്പോസ് ചെയ്തത്?'

'നിങ്ങൾ കൊളീഗ്സ് അല്ലെ, പണ്ടുതൊട്ടേ അറിയുകയും ചെയ്യും.'

'അജയ്‌ക്കും ഇത് തന്നെയാണ് പ്രശനം, നിങ്ങളീ ആണുങ്ങൾക്ക് ഒന്നും മനസ്സിലാവില്ല.'

'I am  so  done with this conversation. എന്താണ് നീയീ പറഞ്ഞുവരുന്നത്?'

'വേണ്ട, നമുക്കീ ടോപ്പിക്ക് വിടാം.'


നിതിൻ. നിതിൻറെ ഫ്രണ്ട് അജയ്. അജയ്‌യുടെ വൈഫ് താര. താരയുടെ ബേസ്ഡ് ഫ്രണ്ട് മെറിൻ. നാലുപേരും ഹൈസ്കൂൾ ക്ലാസ്സ്‌മേറ്റ്സ്. മെറിനെപ്പറ്റിയാണ് നിതിനും താരയും ഇത്രയും നേരം തർക്കിച്ചുകൊണ്ടിരുന്നത്. ഇന്ന് വർഷങ്ങൾക്ക് ശേഷം നിതിനും മെറിനും കണ്ടുമുട്ടുകയാണ്. രണ്ടുപേരും മാട്രിമോണിയിൽ പാർട്ണറെ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു. അജയ്‌യും താരയും മുൻകൈയെടുത്താണ് രണ്ടുപേരും തമ്മിൽ ഇന്റെരെസ്റ്റ് അയച്ചത്. അജയ് മെറിനെ കൂട്ടാൻ പോവുകയും താര നിതിനല്പം നൊസ്റ്റാൾജിയ കൊടുത്തുംകൊണ്ടിരിക്കുമ്പോഴാണ് ഈ തർക്കം. 


'ഹായ് മെറിൻ, നമുക്ക് പോകാം?'


മെറിൻ കാറിൽ കയറുന്നു. ഒരല്പം പരിഭ്രമമുണ്ട്.


'അജയ്, ഇത് വർക്ഔട് ആവുമോ?'

'അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ?'

'ഞങ്ങളിപ്പോ കംപ്ലീറ്റ്‌ലി സ്‌ട്രെഞ്ചേഴ്‌സ് ആണ്. രണ്ടുപേരും ഇപ്പോൾ വളരെയധികം മാറിക്കാണും. ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ പഴയ സൗഹൃദം പോലും ഇപ്പോഴുണ്ടാവുമോന്നറിയില്ല.'

'അതിനു നിങ്ങൾക്കിടയിലെപ്പോഴാ സൗഹൃദമുണ്ടായിരുന്നത്? പ്രണയം മാത്രമായിരുന്നില്ലേ? ഹഹ.'

'Dont tease me. But you are right. എനിക്കവനെ ഇഷ്ടമായിരുന്നു. അന്ന് താര എല്ലാവരുടെയും മുന്നിൽവെച് അങ്ങനെ ചോദിച്ചില്ലായിരുന്നുവെങ്കിൽ, we would be together all this time.'

'അതന്നുതന്നെ സമ്മതിക്കാമായിരുന്നില്ലേ?'

'എനിക്കതിനു കഴിയുമായിരുന്നില്ല. നിനക്ക് നിതിനെ ഇഷ്ടമല്ലേ എന്ന് താര നമ്മുടെ ക്ലാസ് മുഴുവൻ കേൾക്കെ ചോദിച്ചപ്പോ, എന്റെ ജീവൻ പോയ പോലെ ആയിരുന്നു. My heart literally stopped.... ഞാനാദ്യം നോക്കിയത് അവനെയായിരുന്നു. എന്നെക്കാളും ഷോക്ക് അവനായിരുന്നു. എനിക്കവനോട് അനഗ്നെ തോന്നിയിട്ടുണ്ടെന്ന് അവനൊരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. അവനു വിഷമമുണ്ടാവരുതെന്ന് കരുതിയാ പെട്ടെന്ന് ഞാൻ അന്ഗനെയൊക്കെ പറഞ്ഞത്.'

'പിന്നീടെപ്പോഴെങ്കിലും നിനക്കവനോട് പറയാമായിരുന്നില്ലേ?'

'എനിക്കതിനു ധൈര്യമുണ്ടായില്ല. നിന്നെയും താരയെയും പോലെ സൗഹൃദത്തിലെത്ര അടുപ്പം വേണമെന്നോ, പ്രണയത്തിൽ എത്ര അകലം വേണമെന്നോ എനിക്കറിയില്ലായിരുന്നു.'

'അവനെക്കാണുന്നതിനു മുൻപ് ചോദിക്കട്ടെ, ഇപ്പോഴും അന്ഗനെത്തന്നെയാണോ?, നീയും താരയും ഫ്രണ്ട്സായിരിക്കുന്നത് പോലെ, നിനക്ക് നിതിനോട്....?'

'എപ്പോഴും. Maybe അതിനേക്കാളേറെ..'


മെറിൻ കാർ വിൻഡോയിലൂടെ അസ്തമിക്കുന്ന സൂര്യനെ നോക്കിക്കൊണ്ടിരുന്നു. ഓർമയിലേക്ക് ആ പഴയ ക്ലാസ്സ്മുറിയും, സെന്റ് ഓഫ് ഫങ്ക്ഷനും കടന്നുവരുന്നു. മൈക്ക് ഇപ്പോൾ മെറിന്റെ കയ്യിലാണ്. 'ട്രൂത് ഓർ ഡെയർ?' ക്ലാസ് മുഴുവൻ ഒരേ സ്വരത്തിൽ ചോദിക്കുന്നു. 'ട്രൂത്' എന്ന മറുപടി. താര എണീറ്റ് നിന്ന് ചോദിക്കുന്നു, 'നിനക്ക് നിതിനെ ഇഷ്ടമാണോ?'. ക്ലാസ് മുഴുവൻ ഒരു കനത്ത നിശബ്ദത. 


കഫേ. താരയും നിതിനും.


'I am sorry. അന്ന് ഞാനങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു.'

'അതൊക്കെ കഴിഞ്ഞ കാര്യമല്ലേ. But, why? അന്നെന്തിനാണങ്ങനെ ചോദിച്ചത്?

'I felt so. എനിക്ക് അജയ്‌യെ ഇഷ്ടമായിരുന്നത്പോലെ, നിങ്ങൾ രണ്ടുപേരെയും ഒരുമിച്ച് കാണാൻ എനിക്ക് കൊതിയായിരുന്നു. ഡെയറിനു പകരം അവൾ ട്രൂത് പറഞ്ഞപ്പോൾ എനിക്കെന്റെ എക്സൈറ്റ്മെന്റ് കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല. Shall I ask you something? നിനക്കവളോട് എപ്പോഴെങ്കിലും?

'ഞാനന്ന് അക്ഷരാർത്ഥത്തിൽ തകർന്നു പോയി. സെന്റ് ഓഫ് കഴിഞ്ഞാലുടൻ അവളോട് തുറന്നു പറയണമെന്ന് വിചാരിച്ചതാണ്. പക്ഷെ അതിനുമുമ്പേ എല്ലാം തീരുമാനമായി.'

'ഞാനന്നങ്ങനെ ചോദിച്ചില്ലായിരുന്നെങ്കിൽ നിങ്ങളിപ്പോഴും ഒരുമിച്ചാകുമായിരുന്നല്ലേ?'

'ഇതിനുള്ള മറുപടിയല്ല, അവളപ്പൊഴേ തന്നത്?'

'അപ്പൊ പിന്നെ ഇന്ന് കാണുന്നതെന്തിനാ?'

'For one last time. ഞാനത് മുൻപേ അവളോട് പറഞ്ഞിരുന്നെങ്കിൽ, ഞാനത് കുറച്ച നേരത്തെ ചെയ്തിരുന്നെങ്കിൽ... I was too late then. ഇന്ന് അവളിൽ നിന്ന് എനിക്ക് നേരിട്ടറിയണം. ആൾക്കൂട്ടത്തിന്റെ സമ്മർദ്ദമില്ലാതെ. അത് എസ് ആയാലും നോ ആയാലും..., ഇനിയൊരിക്കൽ കൂടി താമസിക്കാൻ വയ്യ.'


താര ഒരു ചെറിയ ചിരിയോടെ തന്റെ കാപ്പിയെടുത്തു കുടിക്കുന്നു. കഫെയുടെ ഓപ്പൺ ടെറസിൽ നിന്ന്, നിതിൻ ദൂരെ കടലിലേക്ക് മുങ്ങിത്താഴുന്ന സൂര്യനെ നോക്കുന്നു. ഓർമയിലേക്ക് ക്ലാസ് റൂമും സെന്റ് ഓഫ് ഫങ്ക്ഷനും കടന്നു വരുന്നു. നിതിൻറെ പോക്കറ്റിൽ ഒരു ഡെയറിമിൽക്ക് ചോക്ലേറ്റും ഒരു ലെറ്ററും. അക്ഷമനായിരിക്കുന്ന നിതിൻ. പെട്ടെന്ന് എല്ലാവരും 'ട്രൂത് ഓർ ഡെയർ?' എന്ന് ചോദിക്കുന്നത് കേൾക്കാം. ട്രൂത് എന്ന് മെറിൻ പറയുന്നത് കേൾക്കുമ്പോൾ നിതിൻ എക്സൈറ്റഡ് ആവുന്ന്. പെട്ടെന്ന് നിശബ്ദത. നിതിൻറെ മുഖത്തു പതിയെ നിരാശയും വിഷമവും നിറയുന്നു.


കഫേ. മെറിൻ പിന്നിൽ നിന്ന് വരുന്നത്, താരയുടെ മുഖഭാവത്തിൽ നിന്ന് നിതിൻ മനസ്സിലാക്കുന്നു. എങ്കിലും അജയ് വന്നു നിതിൻറെ തോളത് തട്ടുന്നു. നിതിൻ പരിഭ്രമിച് എഴുന്നേൽക്കുന്നു.


'എന്റെ ഭാര്യ നിന്നെയും വെറുപ്പിച്ചോ?'

'ഏയ് ഇല്ല.'


മെറിൻ മുന്നിലേക്ക് വന്നു നിതിനെ കാണുന്നു.


'ഹായ് നിതിൻ.'

'ഹായ് മെറിൻ.'

'നമുക്കിനി പ്രസക്തിയില്ല കേട്ടിയോനെ, നമുക്ക് പോകാം.'


തമ്മിൽ തമ്മിൽ ബൈ പറഞ്ഞു അജയ്‌യും താരയും മടങ്ങുന്നു. നിതിനും മെറിനും ശാന്തമായി ഇരിക്കുന്നു. കടലിരമ്പം കേൾക്കാം. സൂര്യൻ അസ്തമിച്ചു കഴിഞ്ഞു. കഫെയുടെ ബൾബുകൾ ഓണാവുന്നു. താഴെ കാറിലേക്ക് കയറുന്ന അജയ്‌യും താരയും. 


'നമ്മളൊന്നും അറിയുന്നില്ലെന്നാ രണ്ടുപേരുടെയും വിചാരം. മാട്രിമോണിയയും ഡേറ്റിംഗും കൊണ്ടുവന്നപ്പോഴേ എനിക്ക് മനസ്സിലായി, രണ്ടുപേർക്കും പ്രേമം അസ്ഥിയിനിന്നു വിട്ടുപോയിട്ടില്ലെന്നു.'

'നിനക്കൊക്കെ ലേറ്റ് ആയിട്ടാണല്ലോ എല്ലാം മനസ്സിലാവുന്നത്.'


അജയ് ഒരു കള്ളച്ചിരിയോടെ താരയുടെ മുഖത്തേക്ക് നോക്കുന്നു. ഓർമയിലേക്ക് സ്കൂളിന് പുറത്തുള്ള ടി സ്റ്റാൾ. അജയ് രണ്ട്‌ ഡെയറി മിൽക്ക് വാങ്ങി ഒന്ന് നിതിന് കൊടുക്കുന്നു. 


'ഒരു ലെറ്റർ മാത്രം കൊടുക്കണ്ട, ഈ ഡെയറി മിൽക്ക് കൂടി വെച്ചോ.'

'ഒന്ന് പോരെ, ഇതെന്തിനാ രണ്ടെണ്ണം?'

'എന്റെ കാര്യത്തിന് ലെറ്റർ വേണ്ട, ഡെയറി മിൽക്ക് മാത്രം മതി.'


അദ്‌ഭുതത്തോടെ നിതിൻ അജയ്‌യെ നോക്കുന്നു. അതേ അദ്‌ഭുതത്തോടെ നിതിൻ ഇപ്പോൾ മെറിനെ നോക്കുന്നു. കഫേ.


'മെറിൻ, എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്'

'നിതിൻ, അതിനുമുൻപ് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.'


28 മാർച്ച്, 2024

പച്ച തിന്ന് ചുവപ്പ് തുപ്പുന്നവർ

അകം എല്ലും തോലും പുറം പൊന്തം പൊന്തം എന്ന്‌ പറഞ്ഞതുപോലെയാണ്‌ കാര്യങ്ങള്‍. വൈക്കോല്‍ തുറുവുമായി സാദൃശ്യമുള്ള മനുഷ്യന്റെ ശരീരവും മനസ്സുമൊക്കെ അകത്ത്‌ ഒന്ന്‌ പുറത്ത് മറ്റൊന്ന് എന്ന രീതിയില്‍ സ്വഭാവ വൈവിധ്യം പുലര്‍ത്തുന്നു. നമ്മുടെ പുതിയ സമുച്ചയങ്ങളും മാളികകളുമൊക്കെപ്പോലെ പുറത്തെ സ്ഫടികാലങ്കാരങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതാണെങ്കിലും നിര്‍മ്മിക്കുന്നത്‌ അപൂര്‍വമായി കണ്ടുവരുന്ന മണലും വിരളമായി കിട്ടിക്കൊണ്ടിരിക്കുന്ന സിമന്റും കമ്പിയും കൊണ്ടുതന്നെ. ഇത്തരമൊരു 'മെറ്റാമോര്‍ഫിസം” തന്നെയാണ്‌ ഈ കുറിപ്പിന്റെ സാരവും ഘടനയും.

കുറച്ചുകൂടി ആഗോളതലത്തിലേക്ക്‌ ചിന്തിച്ചാല്‍, നവമാധ്യമങ്ങളുടെ ആഗമനത്തോടെ മനുഷ്യന്റെ വാക്കിലും പ്രവര്‍ത്തിയിലുമുള്ള അന്തരം ഒരു പുതിയ മാനവികയിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. സ്വതവേ മാന്യരും ശാന്തരുമായവരുടെ ഉള്ളുകളിലേക്ക്‌ ടോര്‍ച്ചടിക്കുന്നതാണ്‌ ഇന്നത്തെ മാധ്യമവികാരം. ഇപ്പറയുന്നത്‌ നമ്മുടെ മുഖം മിനുക്കുന്ന "മുഖപുസ്തകമോ", "എന്തുണ്ട്‌ കാര്യം” തുടങ്ങിയവയെപ്പറ്റിയല്ല. യഥാര്‍ത്ഥ മാധ്യമത്തെപ്പറ്റിത്തന്നെ. മാധ്യമം ഒരു സമുഹത്തിന്റെ കണ്ണാടിയാണ്‌ എന്നതിനപ്പുറം അതിനെ വിശദികരിക്കേണ്ടതില്ല. ചിന്താമണ്ഡലം എന്ന നിലയ്ക്കാവാം മനസ്സിനെ “മെരുങ്ങാത്ത കുതിര" എന്ന്‌ വിളിക്കേണ്ടി വരുന്നത്‌, അങ്ങനെയാണെങ്കില്‍ മാധ്യമങ്ങള്‍ ഈ കുതിരകളുടെ പാഠശാല എന്ന്‌ കരുതേണ്ടിവരും. എന്നാലും മെരുങ്ങാത്ത കുതിരകളുണ്ടാവുക സ്വാഭാവികം. പായ്ക്കപ്പലുകളെ മുന്നോട്ട്‌ നയിക്കുന്ന കാറ്റിനോട്‌ മാധ്യമങ്ങളെ ഉപമിക്കുകയാണെങ്കില്‍ കാറിലും കോളിലും പെട്ട്‌ ദിശയറിയാതെ അലയുന്ന കപ്പല്‍ നമ്മുടെ ചിന്തകളല്ലാതെ മറ്റെന്താണ്‌? ചിലപ്പോള്‍ ആയിരുന്നിടത്ത്‌ തന്നെ, ചിലപ്പോള്‍ നമ്മുടെ ലക്ഷ്യത്തിന്റെ വളരെയടുത്ത്‌, അതുമല്ലെങ്കില്‍ നമുക്ക്‌ മനസ്സിലാക്കാന്‍ പറ്റാത്തവിധം ദുരേയേതോ ദിക്കില്‍. ആ കാറ്റിനൊപ്പം എവിടേക്കാണെന്നറിയാതെ.

മാധ്യമങ്ങളുടെ പൊതുസ്വഭാവം മറ്റൊരു രീതിയിലും വ്യാഖ്യാനിക്കാം. “പുലി വരുന്നേ പുലി വരുന്നേ” എന്ന്‌ പറഞ്ഞ്‌ നാട്ടുകാരെ പറ്റിച്ച ആട്ടിടയനായ ചെറുക്കന്റെ ദാരുണമായ അന്ത്യം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. ആ കഥയിലെ ചെറുക്കന്‍ വികൃതിയായിരുന്നില്ലെങ്കിലോ.?! അവന്‍ യഥാര്‍ത്ഥത്തില്‍ പുലിയെ കണ്ടിരുന്നുവെങ്കില്‍, തന്റെ ആടുകളെ രക്ഷിക്കാന്‍ അവന്‍ ശ്രമിക്കില്ലെ.? നാട്ടുകാര്‍ വരുന്നത്‌ പുലി കണ്ടിട്ടുണ്ടാവാം. അതുകൊണ്ട്‌ ആദ്യരണ്ടു തവണ പുലി രക്ഷപ്പെട്ടിരിക്കാം.. മുന്നാം തവണ തക്കം പാര്‍ത്തിരുന്ന്‌ പുലി അവനെ കൊന്നു തിന്നു എന്നതും സത്യമായിക്കൂടെ.? നമുക്കിഷ്ടമില്ലാത്തവരെപ്പറ്റി നമ്മള്‍ നല്ല രീതിയില്‍ മറ്റുള്ളവരോട്‌ പറയാറില്ല. ഇക്കഥയും ആ ചെറുക്കനോട് വിരോധമുള്ള ആരെങ്കിലും പറഞ്ഞു പരത്തിയതാണെങ്കില്‍ നമ്മള്‍ ആ ബാലനെയഥാര്‍ത്ഥത്തില്‍ 'മിസ്സണ്ടര്‍സ്റ്റാന്റ്‌ " ചെയ്യുകയല്ലേ. മുന്നാമതൊരാള്‍ക്കുകൂടി അവസരം ലഭിച്ചാല്‍ കുറച്ചുകൂടി ആകര്‍ഷണീയവും വ്യത്യസ്തവുമായ മറ്റൊരു കഥ കേട്ടേക്കും. അങ്ങനെയെങ്കില്‍ ഈ കഥകളില്‍ ഏതാണ്‌ “റിയല്‍” എന്നത്‌ വെറുമൊരു ധാരണ മാത്രമായിരിക്കാം. ഈ പറയുന്നവരൊക്കെ “ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ? എന്നു കൂടി ചിന്തിക്കുന്നത്‌ നല്ലതായിരിക്കും.

ഇങ്ങനെയുള്ള മത്സരങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാനായിരിക്കും ഇപ്പോള്‍ എല്ലാം ചർച്ച ചെയ്ത്‌ തീരുമാനിക്കാനുള്ള ഒരു “യുനാനിമസ് " ഇടപെടല്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും  ഉണ്ടാവുന്നത്. ഇങ്ങനെയൊക്കെ ചിന്തിച്ചും പറഞ്ഞും കാടുകയറനുള്ള വ്യഗ്രതയാണ്‌ തിരിച്ചു കയറാന്‍ പറ്റാത്ത വന്‍കുഴികളുടെ ആഴം നമ്മെ കാണിച്ചു തരുന്നത്‌. എത്ര മാന്യനായ രാഷ്ട്രീയക്കാരനായാലും എത്ര താന്തോന്നിയായ മദ്യപാനിയായാലും ഈ സ്ഥിതി വിശേഷം ഒന്നു തന്നെ. കാടു കയറിയില്ലെങ്കില്‍ മേല്‍പറഞ്ഞതുപോല കപ്പല്‍ എങ്ങോട്ടും ചലിക്കാതെ നിന്നിടത്ത്‌ തന്നെ കിടക്കും. ഒന്നുമില്ലാത്തതിലും നല്ലതല്ലേ എന്തെങ്കിലുമൊക്കെ ആവുന്നത്‌. ഒരു കാര്യം കൂടിപ്പറഞ്ഞ്‌ ഈ സംവാദം ഇവിടെ അവസാനിപ്പിക്കുന്നു. നമ്മള്‍ പലതും കാണാതെ തന്നെ വിശ്വസിക്കുന്നു. നേരില്‍കണ്ട്‌ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. ഒന്നുകൂടി ശ്രദ്ധിക്കുക. തലക്കെട്ട് മാത്രം വായിച്ച്‌ ഉള്ളടക്കത്തെ വിധിക്കരുത്‌, എഴുത്തുകാരനും വായനക്കാരനും അത്‌ ഒരു പോലെ ക്ഷീണം ചെയ്തക്കും..!

- Evan Kurian (BSc Physics 4th Semester)
from "soil. so-ill! so I'll..."
Annual College Magazine 2014-15
St. Joseph's College Devagiri
Pages: 50-52

13 മാർച്ച്, 2024

അഹാരോഹണം

ഒരു കയറ്റം കണ്ടു.

കയറിയപ്പോ നാലാളുകണ്ടു.

ഒരു കുന്നു കണ്ടു.

കുന്നേറിയപ്പോ കുറച്ചാളുകണ്ടു.

പിന്നൊരു മല കണ്ടു.

മുകളിലെത്തുമ്പോ നിറച്ചാളുകണ്ടു.


ഒടുക്കമൊരു കൊടുമുടി കണ്ടു.

ഉച്ചിയില്ലാത്ത ഉയരം കണ്ടു.

ഒക്കെക്കണ്ടവരുടക്കും കണ്ടു.

ഏറും മുമ്പൊരിറക്കം കണ്ടു.

അതും കടന്നതിനപ്പുറവും

കടന്നു, കാണായ് കൊടുമുടിയും.




മഞ്ഞു കണ്ടു, മേഘം കണ്ടു,

മേലെ മുടിയുടെ ശൃംഗം കണ്ടു.

നെറുകയിലെത്തി ചുറ്റും കണ്ടു.

ഇനിയേറാനില്ലെന്നു കണ്ടു.

എനിക്കു കാണാനാളില്ലെന്നു കണ്ടു.

എന്നെക്കാണാനുമാരുമില്ലെന്നു കണ്ടു.

കടലാസ്

നനഞ്ഞാൽ കീറുന്ന

മഷിപടരുന്ന കടലാസ്.

ഉണങ്ങിയാൽ ചുളുങ്ങുന്ന

നിറം മങ്ങുന്ന കടലാസ്.


എഴുത്ത് തെളിയുന്ന

എഴുതാപ്പുറം കാണാത്ത കടലാസ്.

വരയിടാത്ത, എന്നാൽ

വരപ്പാടുകൾ മായാത്ത കടലാസ്.


കാറ്റത്ത് പാറുന്ന

കനമില്ലാത്ത കടലാസ്.

കനലിൽ കരിയുന്ന

കടുപ്പമില്ലാത്ത കടലാസ്.


ചക്കര പൊതിയുന്ന

ചവറും പൊതിയുന്ന കടലാസ്.

എന്തിനെയും മൂടും, എന്നാൽ

എന്തുകൊണ്ടും മുറിയുന്ന കടലാസ്.




ആതുരം

നീ മറന്നു പോയ വഴികളിൽ

ഞാനിതാ...

നീ പറഞ്ഞു പോയ മൊഴികളിൽ

ഞാനലിഞ്ഞിതാ...


ഒരു വരിയിൽ തുടങ്ങി നാം,

ഒരു ചിരിയിൽ തുടങ്ങി നാം,

ഒരു നാൾ ഒന്നായ്ത്തീരുവാനായ്

കാത്തു കനവുകൾ നെയ്തു നാം.


മറുപടിയില്ലാതായ് മൗനം മാത്രമായ്

മിഴികളിലെപ്പോഴും ഈറൻ മാത്രമായ്

ചിറകുകളില്ലാതായ് വാനം മാത്രമായ്

മഴയുണ്ടെന്നാലും കരിമുകിൽ മായാതായ്.


ഇനി നീ ഓർമവെയിൽ,

അതിലാളും ഞാൻ നിഴൽ.

തേടുമെൻ നിദ്രകൾ,

നീയില്ലാ കനവുകൾ.