പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

07 നവംബർ, 2025

En devoré

I took the turn

Only that I didn't trip

but, I took the turn


I tread deep

Only that I didn't sink

but, I tread deep


I saw the edge

Only that wasn't the end

but, I saw the edge


I am on fire

Only that I ain't the pyre 

but, I am on fire


I feel light

Only that I'm not in flight

but, I feel light


I am at peace

Only that I couldn't sleep

but, I am at peace

20 ഓഗസ്റ്റ്, 2025

ചെളി

ചെളി. നല്ല ചെളി.
മഴ പെയ്തുണ്ടായ ചെളി.
നാടു നാറിയ ചെളി.
നായ നക്കിയ ചെളി.

ആഴമെന്തെന്നറിയാത്ത ചെളി.
ആഴമുള്ളപ്പോൾ വാഴവെക്കുന്ന ചെളി.
ഒഴുക്കിൻ്റെ കൈ കൊണ്ട് വഴിയിലുള്ളതെല്ലാം
വയറ്റിലാക്കിയ ചെളി.

നടപ്പുകാരുടെ ചെരുപ്പിനടിയിൽ
ഒളിച്ചുകേറിയ ചെളി.
പോയവരൊക്കെ വായിലുള്ളതു-
പേക്ഷിച്ചുപോയ ചെളി.

തിരക്കുള്ളവരൊക്കെ
തെറിപ്പിച്ചുപോയ ചെളി.
തെറിച്ചു വീണാലും
തിരിച്ചു വരുന്ന ചെളി.

കുരുത്തക്കേടിൻ്റെ 
കയ്യിലിരിപ്പറിഞ്ഞ ചെളി.
തുണിയുടുത്തവരൊക്കെ
പൊക്കിക്കാണിച്ച ചെളി.

വീട്ടുപടി വരെ
കൂട്ടു പോകുന്ന ചെളി.
കലങ്ങിയൊടുവിൽ
നീരുതെളിയുന്ന ചെളി.

04 ജൂൺ, 2025

നീ വരുമ്പോൾ

പൂക്കാലമെന്ന് ചിരിക്കുന്നു പൊൻവെയിൽ

വേനലാണെന്ന് ശഠിക്കുന്നു മാരുതൻ.

പൂത്തുലഞ്ഞിതാ പൂമ്പൊടി തൊട്ടിതാ

സമയമായെന്നുരയ്ക്കുന്നു പൂമരം.


മേലെ ഇലകൾക്കിടയിൽ ചില്ലയിൽ

മറഞ്ഞു വിരിഞ്ഞൊരു കുഞ്ഞിളം പൂവേ,

ഇതളിലൂറുന്ന തേനും മണവുമേ

കാറ്റുപോലും കവർന്നെടുത്തില്ലേ.


മണ്ണിലേക്കിന്നിറങ്ങി നീ വന്നതോ,

വിണ്ണിലെങ്ങുമിരുട്ടു നിറഞ്ഞതോ,

വണ്ടു തേടും നിൻ്റെ ശലഭമേനി എങ്ങ-

നെൻ വിണ്ട മാറിൽ വന്നു വീണു പൂവേ.


മഴ വരും മുൻപെൻ്റെ മണ്ണറിയേണ്ടു നീ.

നനവറിയും മുൻപേ വേരുറക്കേണ്ടു നീ.

ഉറവ വറ്റാതെയെൻ ഹൃദയം തുറക്കു നീ.

ഉരുളു പൊട്ടാതെന്നെ ചേർത്തുപിടിക്കു നീ. 

11 ഫെബ്രുവരി, 2025

ഓര്‍മ്മിപ്പിക്കല്ലേ പൊന്നേ!

അവളുടെ ഓര്‍മ്മകളിലേക്ക് അരുണിനെ തള്ളിയിട്ടുകൊണ്ടാണ് അവന്റെ ആ ചോദ്യം വന്നത്. 'നിനക്കവളോട് ഒട്ടും വെറുപ്പ് തോന്നുന്നില്ലേ?'

ആദ്യമായി പുഴയിലിറങ്ങിയ കുട്ടിയെപ്പോലെയായി അരുണ്‍. കൈയിട്ടടിക്കണമെന്നുണ്ട്, എന്നാല്‍ ശ്വാസം കിട്ടുന്നുമില്ല. ഇങ്ങനെയുള്ള ചോദ്യങ്ങളില്‍ നിന്ന്‍ എങ്ങനെ രക്ഷപ്പെടണമെന്ന് അരുണിനറിഞ്ഞുകൂട. കാലിനടിയില്‍ നിന്ന്‍ കടലെടുക്കുന്ന മണലുപോലെ അരുണിന്റെ ഉള്ളില്‍ നിന്ന്‍ ഉള്ളതെല്ലാം ചങ്ക് ചോര്‍ത്തിയെടുത്തു. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇവിടെ അരുണിന് കൈയില്‍ വിലങ്ങ് വെച്ചതുപോലെയായി.

ബസ്‌ സ്റ്റോപ്പില്‍ ഡ്രോപ്പ് ചെയ്യുന്നതുവരെ അരുണിന്റെ രഹസ്യങ്ങളെല്ലാം ഊറ്റിയശേഷമാണ് ആ ചങ്ക് വിട്ടുപോയത്. മുന്നോട്ട് പോകുമ്പോഴും അരുണിന്റെ സ്കൂട്ടറിന് നല്ല ഭാരം ചുമക്കേണ്ടിവന്നു. അരുണും അവന്റെ ഭൂതവും. ബുവാരി ഹോട്ടല്‍ എത്തുന്നത് വരെ മേല്‍ പറഞ്ഞതൊക്കെയും തന്നെയും പിന്നെയും ആലോചിച്ച്കൊണ്ടാണ് അരുണ്‍ വണ്ടിയോടിച്ചത്. പഴയ പ്റൌഢിയുടെ ഓര്‍മ്മയില്‍ ജീവിക്കുന്ന ആ ഹോട്ടലല്ലാതെവേറെയൊന്നും അരുണിന് വഴിയില്‍ ആകര്‍ഷകമായി തോന്നിയില്ല. ഒഴിഞ്ഞുകിടന്നിരുന്ന ഒരുപാട് സീറ്റുകളുടെയിടയില്‍ തികച്ചും ഒറ്റപ്പെട്ടതെന്നു തോന്നിച്ച ഒരിടത്ത് അരുണ്‍ ഇരുന്നു. മെനു പലയാവര്‍ത്തി വായിച്ചും സംശയങ്ങള്‍ ചോദിച്ചും അവസാനം ഒരു മട്ടന്‍ ബിരിയാണിക്ക് സമ്മതം മൂളി. കാമുകീകാമുകന്മാരാരും തന്നെ ആ ഹോട്ടലില്‍ ഭക്ഷണം കഴിക്കനുണ്ടായിരുന്നില്ല. ഒരു ശാന്തത അവിടെയെങ്ങും തങ്ങി നില്‍ക്കുന്നതായി അവനനുഭവപ്പെട്ടു.

മട്ടന്‍ ബിരിയാണി വന്നു. സാധാരണ കിട്ടുന്ന അത്ര അളവില്‍ ചോറില്ല. മാനസിക സമ്മര്‍ധമുള്ളപ്പോള്‍ അധികം കഴിക്കുന്നതും നല്ലതല്ല. ശാന്തനായി, രുചിയാസ്വധിക്കാന്‍ ശ്രമിച്ച് അരുണ്‍ അത്താഴം കഴിക്കാന്‍ തുടങ്ങി. ബിരിയാണിക്ക് ചൂടില്ല. ഇറച്ചി കല്ലുപോലെ ഇരിക്കുന്നു. എങ്കിലും അരുണ്‍ ശാന്തത കൈവെടിയാതെ സാവധാനം കഴിച്ചു തുടങ്ങി. ആകെ കിട്ടിയ മട്ടന്‍ പീസില്‍ മുക്കാല്‍ ഭാഗവും എല്ലായിരുന്നെങ്കിലും, കടിച്ചുകീറുമ്പോള്‍ പലപ്പോഴും ഇറച്ചി പല്ലിന്റെയുള്ളില്‍ കേറിയിരുന്നെങ്കിലും അരുണ്‍ സമചിത്തതയോടെ തുടര്‍ന്നു. ബിരിയാണിയില്‍ നിന്ന്‍ ഒരു മുടികിട്ടി. ഇത്തരം അവസരങ്ങളൊന്നും വിട്ടുകളയാതെ വെയിറ്ററോട് തട്ടിക്കയറുമായിരുന്ന അരുണ്‍ അപ്പോഴും സംയമനം പാലിച്ചു. പാത്രത്തില്‍ എല്ല് മാത്രം അവശേഷിപ്പിച്ച്, ഒരു നാരങ്ങാജ്യൂസിനും ഓര്‍ഡര്‍ കൊടുത്ത് അരുണ്‍ കൈ കഴുകാന്‍ ചെന്നു.

സടകൊഴിഞ്ഞ സിംഹത്തെപ്പോലെ ഒരു വാഷ് റൂം. രാജകീയമായ കണ്ണാടിയും വാഷ്‌ ബേസിനും ടോയിലെറ്റ് സീറ്റും അവിടെയുണ്ടായിരുന്നെങ്കിലും കൈ കഴുകാന്‍ ഉറപ്പില്ലാത്ത ഒരു ടാപ്പും ടോയിലെറ്റില്‍ ഫ്ലഷിനു പകരം ബക്കറ്റും വെള്ളവുമാണുണ്ടായിരുന്നത്. അല്പം നീരസം തോന്നിയെങ്കിലും അരുണ്‍ ഒന്നിലും ഇടപെടേണ്ടെന്നു വിചാരിച്ച് ജ്യൂസ് കുടിക്കാനിരുന്നു. ജ്യൂസ് വന്നിട്ടില്ല. പത്ത് മിനിട്ടുകഴിഞ്ഞപ്പോള്‍ വെയിറ്റര്‍ വന്നു ജ്യൂസ് കിട്ടിയില്ലേ എന്ന ചോദിച്ചു. അരുണ്‍ തല കുലുക്കിയതേയുള്ളു, ഒന്നും പറഞ്ഞില്ല. അവസാനം ജ്യൂസ് വന്നു. മധുരം ചോദിച്ചിട്ട് ഉപ്പിട്ടതാണ് കൊണ്ടുവന്നത്. ക്ഷമയുടെ നെല്ലിപ്പലകയിലാണ് അരുണിപ്പോള്‍. ബില്ല് വന്നു. ബിരിയാണിക്ക് മുന്നൂറ്റെണ്‍പത് രൂപ. ജ്യൂസിന്റെ വില കൂടി കണ്ടു കഴിഞ്ഞപ്പോഴേക്കും അരുണിന്റെ സമനില തെറ്റി. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ അരുണോരാഗ്നേയാസ്ത്രമായി മാറി. ഒരു തുക്കടാ ഗ്ലാസില്‍ വിളമ്പിയ ഉപ്പിട്ട നാരങ്ങാവെള്ളത്തിന് എഴുപത് രൂപ. സ്ഫോടനാത്മകമായ ചടുലതയോടെ അരുണിന്റെ ശകാരവര്‍ഷം ആ വെയിറ്ററുടെ മേല്‍ പെയ്തിറങ്ങി. പത്ത് മിനുട്ടോളം കനത്ത് നിന്ന ശേഷം അരുണ്‍ ഹോട്ടലില്‍ നിന്നിറങ്ങി. വിജനമായ പരിസരത്ത് അനാഥമായി കിടക്കുന്ന തന്റെ സ്കൂട്ടറിലേക്ക് നടന്നു.

ചങ്ങാതി തണുത്തിരിപ്പാണ്. വിറയ്ക്കുന്ന കവിളുകളില്‍ ചൂടുള്ള കാപ്പി വെയ്ക്കുന്നത്പോലെ നനഞ്ഞ സീറ്റില്‍ അരുണ്‍ തന്റെ ചൂടുള്ള ശരീരം ഇറക്കിവെച്ചു. തട്ടിയുണര്‍ത്താന്‍നേരം മുന്‍കാമുകിയുടെ ഓര്‍മ്മകളിലേക്ക് അരുണിനെ വലിച്ചിഴച്ച്കൊണ്ട് സ്കൂട്ടറിങ്ങനെ മുരണ്ടു. 'പെട്രോളടിക്കാതെ ഇനി എങ്ങോട്ടുമില്ല'.

10 ഫെബ്രുവരി, 2025

പ്രതി സന്ധി

പുതിയൊരു പാത വിടരുന്നപോല്‍

പതിയെ കാലും കുതിക്കുന്നിതാ.

ചെമ്മാനമാകെ തെളിയുന്നപോല്‍

മഞ്ഞവെയിലും പരക്കുന്നിതാ.


ശങ്കിച്ചതൊക്കെയുമൊഴിയുന്നപോല്‍

വാശിയാലെന്‍ കരുത്തേറുന്നിതാ.

മടിയുടെ മേലാട മാറുന്നപോല്‍

മടിശ്ശീലയരയില്‍ മുറുക്കുന്നിതാ.


മോടിക്ക് മാറ്റൊന്നു കൂട്ടുന്നപോല്‍

വേഷം പുതുതൊന്നണിയുന്നിതാ.

തോളിലെ ഭാരം കുറയുന്നപോല്‍

ഭാണ്ഡം നേരായൊഴിക്കുന്നിതാ.


ഹാ! ആശങ്ക. മറവി വിളിച്ചപോല്‍

നേരം മുറിഞ്ഞു നിലയ്ക്കുന്നിതാ.

ഉദ്യമോദ്ദേശ്യം തകിടം മറിഞ്ഞപോല്‍

ഈ പോക്കിതെങ്ങോട്ടെന്നറിയാതെ ഞാന്‍.


തോളിലെ ഭാരം കുറയ്ക്കേണ്ടതാല്‍

ഭാണ്ഡം നേരായൊഴിക്കുന്നതോ.

മോടിക്ക് കോട്ടം വരാതിരിക്കാന്‍

വേഷം പഴയതഴിക്കുന്നതോ.


മടുപ്പിന്‍റെ മേലാടയേറുന്നതാല്‍

മടിശ്ശീലയരയില്‍ മുറിക്കുന്നതോ.

ശങ്കിച്ചതൊക്കെയുമേറുന്നപോല്‍

ശാഠ്യം മെല്ലെയയയുന്നതോ.


മഞ്ഞവെയിലുപരക്കുന്നതല്ലീ

ചെമ്മാനമാകെയിരുട്ടുന്നതോ.

വന്നവഴിയേ തിരിഞ്ഞുനോക്കുമ്പോള്‍

കാലിന്‍ കിതപ്പുമറിയുന്നതോ.


പുതിയൊരു യാത്ര തുടങ്ങേണ്ടതോ

എന്‍റെ പഴയ വഴിക്കുമടങ്ങേണ്ടതോ.

നാഴികനോക്കുവാന്‍ ദിക്കൊന്നു കാണുവാന്‍

ഓര്‍മ്മ വരുംവരെ കാക്കുന്നു ഞാന്‍. 

18 ജനുവരി, 2025

അപദ്ധസഞ്ചാരം

കടലിൽ പതിക്കേണ്ടൊരെന്നെ

കായലിലൊഴുക്കിയതാരാണ്.

കരിമണൽ മുത്തേണ്ടൊരെന്ന

കയത്തിൽ തള്ളിയതാരാണ്.

 

നൂറുതിരയാവേണ്ടൊരെന്നെ

കുഞ്ഞോളമാക്കിയതാരാണ്.

നുരപത ചിതറേണ്ടൊരെന്നെ

ആറ്റുചേറിലിറക്കിയതാരാണ്.

 

കടുംനീല മോഹിച്ചൊരെന്നെ

ഇളം പച്ച മുക്കിയതാരാണ്.

പൊൻവെയിലുകായേണ്ടൊരെന്നെ

തണലത്തു കൊണ്ടിട്ടതാരാണ്.

 

ആര്‍ത്തിരമ്പേണ്ടുന്നൊരെന്നെ

ശാന്തതടവറയിലാക്കിയതാരാണ്.

തെളിഞ്ഞ നീരാടയേകിയെന്നെ

ലജ്ജിതനാക്കിയതാരാണ്.

 

അപഥസഞ്ചാരിയായൊരെന്നെ

അബദ്ധപഞ്ജരമേറ്റുന്നൊരാ

അജ്ഞാതകാരണഭൂതര്‍ നിങ്ങള്‍

എന്‍റെ ആഴം മാത്രം കവരരുതേ.

17 ജനുവരി, 2025

മോഹഭംഗം

അസ്തമയമെന്നൊന്നുണ്ടത്രേ,

കാണാന്‍ ഭംഗിയുണ്ടത്രേ.

മലമുകളില്‍ നിന്നല്ല,

താഴ്വാരത്താണ് വിശേഷമത്രേ.


കതിരവന്‍ ഉരുകുമത്രേ,

വാനം ചുവക്കുമത്രേ.

താഴ്വരയ്ക്കപ്പുറം

പുഴയോരമാണ് ശ്രേഷ്ഠമത്രേ.


തങ്കക്കുടമുടയാതെയാ

ആഴങ്ങളില്‍ താഴുമത്രേ.

പുഴയാഴം പോരത്രേ,

കടലാഴം വേണമത്രേ.


വൈകി, തീരമെത്തിയിട്ടും

വീഴാന്‍ നേരമായില്ലത്രേ.

തരിയെണ്ണിത്തീര്‍ന്നിട്ടും,

മണലിനുമൊന്നുമറിയില്ലത്രേ.


മേഘം മറച്ചതാണോ, മിഴി-

ക്കോണിലെ മങ്ങലാണോ,

തിരയെന്നെ മൂടുമ്പോഴാ

പൊന്‍കിണ്ണം മുങ്ങിയത്രേ.