ഒന്നു നനയണം, മഴയല്ല
ഒരു പുലരിയുടെ മഞ്ഞിനാൽ
ഒന്നു വിടരണം, വെയിലല്ല
ഒരു കുഞ്ഞു കാറ്റിനാൽ
ഒന്നു പടരണം മണമായ്
ആരെയോ തൊടുവാൻ
കൊഴിയവേ ചേരണം
ആരുമറിയാതെ മണ്ണിലായ്
വീണ്ടുമുയരണം അണുവായ്
പുതിയതെന്തിനോ ഉയിരായ്.
ഒന്നു നനയണം, മഴയല്ല
ഒരു പുലരിയുടെ മഞ്ഞിനാൽ
ഒന്നു വിടരണം, വെയിലല്ല
ഒരു കുഞ്ഞു കാറ്റിനാൽ
ഒന്നു പടരണം മണമായ്
ആരെയോ തൊടുവാൻ
കൊഴിയവേ ചേരണം
ആരുമറിയാതെ മണ്ണിലായ്
വീണ്ടുമുയരണം അണുവായ്
പുതിയതെന്തിനോ ഉയിരായ്.
'യദിഹാസ്തി തദന്യത്ര, യന്നേഹാസ്തി ന കുത്രചിൽ'.
ഡയലോഗ് കൊള്ളാമെന്ന് കരുതുന്നു.
'ഇവിടെയുള്ളത് മറ്റ് പലയിടത്തും ഉണ്ടായിരിക്കും, എന്നാൽ ഇവിടെ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടായിരിക്കുകയില്ല'.
സകലരസവികാരനിബിഡമായ ഒരു കലാലയം ബാഹ്യലോകത്തിന്റെ തനിയാവർത്തനമാണ്. ചട്ടക്കൂടിനകത്ത് നിന്ന് പുറത്തുചാടാൻ വെമ്പൽ കൊള്ളുന്ന ശ്വാനന് തുല്യരാണ് ഓരോ വിദ്യാർത്ഥിയും. ചിലത് കൂട്ടിൽ സിംഹവും, പുറത്ത് പൂച്ചയുമായിരിക്കും. ചിലത് എല്ലാമന്വേഷിച്ച്, ആസ്വദിച്ച് നടക്കും. ചുരുക്കം ചിലത് പുറത്തിറങ്ങാൻ പോലും ശ്രമിക്കാത്തവയുമായിരിക്കും. കൂട്ടിൽ അത് സുരക്ഷിതമാണ്. അതിന്റെ വിഹാരകേന്ദ്രം ആ കൂടുതന്നെ. ഇത്തരത്തിൽ അനന്യസാധാരണനായ ഒരുവന്റെ ഇരുപതു വർഷത്തെ വിശ്രുതമായ ഏകാന്ത ജീവിതത്തിലേക്ക് സ്വാഗതം. അതിൽ അവന് ഏറ്റവും ഇഷ്ടപ്പെടുന്ന അവസാന മൂന്നു സംവത്സരങ്ങളിലേക്ക് ഒരെത്തിനോട്ടം. ജനനം മുതൽക്കുള്ള പഠനത്തിനും, പ്രായപൂർത്തിക്കു ശേഷമുള്ള പ്രണയത്തിനും, തെല്ലു നേരത്തെ രാഷ്ട്രീയത്തിനും സ്വഭാവത്തിൽ കാര്യമായ മാറ്റമൊന്നും കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും കാഴ്ചപ്പാടുകൾക്ക് അഗാധമായ വ്യത്യാസം വന്നു കഴിഞ്ഞു. ഇവിടെ അധികം കുരയ്ക്കാത്ത കടിക്കാത്ത ഞാൻ എന്റെ സ്തുത്യർഹമായ സേവനം എങ്ങനെ കാഴ്ചവച്ചു എന്ന് കാണുക.
മൂന്നു വർഷം. പഠനം സാധാരണം. ആദ്യ വർഷം പ്രണയം, ഒരു തിരഞ്ഞുനോട്ടം. എടുത്തു ചാടിയ ആദർശത്തിന്റെ ആഴവും ഇരുട്ടും നാണക്കേടുമോർത്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ ഞാൻ ആദ്യ വർഷം കോളേജിനെപ്പറ്റി പഠിച്ചു. രണ്ടാം വർഷത്തിൽ പ്രണയം പാഥേയമല്ലെന്ന് മനസിലാക്കി, എന്റെ കാമുകിമാർക്ക് മുഖം കൊടുക്കാതെ ഞാനൊഴിഞ്ഞുമാറി (എന്നാണെന്റെ ധാരണ). സുഹൃത്തുക്കൾക്കിടയിൽ രാഷ്ട്രീയമുണ്ടാക്കിയ ചേരിതിരിവ് ആ 'പരിപാടി' തന്നെ ഒരു ഗൂഢാലോചന ആവശ്യപ്പെടുന്നുണ്ടെന്ന് തോന്നിച്ചു. മൂന്നാം വർഷം ഒരു ഇടിയും മിന്നലും മാത്രമേ ഓർമ്മയുള്ളു എന്ന മട്ടിൽ പെയ്തൊഴിഞ്ഞെങ്കിലും ഇതുവരെ എന്നെ ശല്യപ്പെടുത്താത്ത പഠനം നിരാശപ്പെടുത്തിയില്ല. പുറത്തെന്നെ കാത്തു നിൽക്കുന്ന സമൂഹത്തിന് എന്താണാവശ്യമെന്നറിയില്ല. എങ്കിലും ഈ ചട്ടക്കൂടിനകത്തെ പഠനത്തിന്റെയും പ്രണയത്തിന്റെയും രാഷ്ട്രീയത്തിന്റെയും പൂർത്തീകരണമാണ് സമൂഹം എന്നതാണ് ഇരുപതു വർഷത്തെ ഗവേഷണത്തിന്റെ നിഗമനം.
പക്ഷേ, ആരൊക്കെയോ പറഞ്ഞപോലെ കലാലയജീവിതമല്ല ജീവിതം എന്നൊരടി ഞാൻ പ്രതീക്ഷിക്കുന്നു. സമൂഹം നമ്മളിൽ നിന്ന് വിശ്വസ്തതയാണ് കാംക്ഷിക്കുന്നത്. സ്വന്തം മനസ്സിനോടും ശരീരത്തോടും ബന്ധങ്ങളോടുമുള്ള വിശ്വസ്തത. ഈ വിശ്വാസ ലംഘനത്തിന് നമ്മുടെ ബാഹ്യലോകം തന്നെ കൽപിക്കുന്ന അലിഖിത ശിക്ഷ, പിന്നങ്ങോട്ട് മുളച്ചുപൊങ്ങാൻ അനുവദിക്കാത്ത അപമാനവും നാണക്കേടും. ചിലപ്പോൾ തോന്നും ഈ സമൂഹത്തിന് അമേരിക്കയുടെ മാതിരി ഒരു മൂരാച്ചി സ്വഭാവമാണെന്ന്. എന്തെങ്കിലു പ്രശ്നം കണ്ടാൽ അവിടെ തലയിട്ട് നശിപ്പിച്ച് അവരുടെ ജീവിതം കുളം തോണ്ടിയിട്ടേ മടക്കമുള്ളു. ടിവി കാണാൻ ഇരിക്കുന്ന ചില പിള്ളേരെപ്പോലെ, അതിന് എപ്പോഴും ആരെയെങ്കിലുമിങ്ങനെ തിന്നോണ്ടിരിക്കണം. അതു മാത്രമോ, രാസ വളപ്രയോഗം പോലെ മാധ്യമങ്ങളുടെ ഇടപെടലുകൂടിയാകുമ്പോൾ, എല്ലാം പെട്ടെന്നാവും. എന്തു നട്ടാലും പെട്ടെന്ന് കാപറിച്ചുതരുന്നത് ഈ മാധ്യമവളമാണ്. അളവിൽ കവിഞ്ഞ വളപ്രയോഗം മണ്ണിനെയും ചെടിയേയും നശിപ്പിക്കും.
കലാലയം വിട്ട യൗവ്വനങ്ങൾ സമൂഹത്തിലേക്ക് ചേക്കേറുമ്പോൾ അത് കടലിൽ പതിക്കുന്ന പുഴ പോലെ അർത്ഥശൂന്യമാവുന്നു. എത്ര ശുദ്ധജലം വന്ന് പതിച്ചാലും കടലിന്റെ ഉപ്പ് കുറയില്ല. ഇതിനൊരറുതിയില്ല എന്ന് ഞാൻ കരുതുന്നില്ല. ഇനിയും തുറന്ന് വിടാൻ ഒരുപാട് ശ്വാനൻമാർ കാത്തു കിടക്കുന്നു. എത്ര മരുന്നടിച്ചാലും അതിജീവിച്ച് ജനിതകമാറ്റം സംഭവിച്ച കൊതുകുകളേപ്പോലെ എന്റെ പിന്നാലെ വരുന്ന അവർ എന്നേക്കാൾ ശക്തരാണ്. പ്രതികരണ ശേഷി വിരൽത്തുമ്പിൽ മാത്രമുള്ള യുവാക്കളാണ് ഇന്നുള്ളതെങ്കിലും, പിന്നോട്ടു വലിഞ്ഞ് ആർത്തിരമ്പുന്ന തിരമാലകൾ ഇനിയും വരുമെന്ന പ്രതീക്ഷയിൽ എന്റെ സ്വപ്നം പൂർണ്ണമാവുന്നു.
ഒഴിവു സമയങ്ങളിൽ കഷ്ടപ്പെട്ട് കവിതകൾ എഴുതുന്ന ഒരു പുതു തലമുറ കവിയാണ് ശ്രീ. റാഫി ചൂരണി. ശരിക്കുള്ള പേര് റാഫി കെ. എസ്. ഒരെഴുത്തുകാരന് ആ പേര് ചേരാത്തത് കൊണ്ടും സ്വന്തം നാടിനോടുള്ള സ്നേഹം കൊണ്ടും റാഫി ചൂരണി എന്ന തൂലികാനാമം സ്വീകരിച്ചു. കവിതകൾ രചിക്കുന്ന ശീലം തുടങ്ങിയിട്ട് അധികകാലമായില്ല. ആശയ ദാരിദ്ര്യവും ആശയ സമ്പന്നതയും ചിലപ്പോൾ നാലുവരിക്കവിതകൾക്കും ചിലപ്പോൾ ഖണ്ഡകാവ്യങ്ങൾക്കും ജീവൻ കൊടുത്തുപോന്നു. ഒഴിവില്ലാത്ത സമയങ്ങളിൽ ഉപജീവന മാർഗമായി ബിരുദാനന്തര ബിരുദം അഭ്യസിക്കുന്നു എന്നതും ഇവിടെ എടുത്തുപറയട്ടെ.
ഒരാഴ്ച്ചയായിട്ട് റാഫി ചൂരണിക്ക് ഒന്നും എഴുതാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഈ കഥയുടെ പിന്നാമ്പുറത്തെ വിശേഷം. ഒരു വൈകുന്നേരം കവിക്ക് വിശന്നു. വയറ്റിലോട്ടും തലയിലോട്ടും എന്തെങ്കിലും കേറ്റിയേ പറ്റൂ. കാന്റീനിലെ ചായയ്ക്ക് ഒരു ഗുമ്മില്ലാത്തതിനാൽ ബാബുവേട്ടന്റെ ചായക്കടയിലേക്ക് വിട്ടു. പൂത്തു നിൽക്കുന്ന വാകയുടെ ഒരു വശത്ത് ചായക്കടയും മറുവശത്ത് കോളേജ് ബസ് സ്റ്റോപ്പും. ആശയത്തിന് നല്ല വളക്കൂറുള്ളിടത്താണ് വാക വേരാഴ്ത്തിയിരിക്കുന്നതെന്നാണ് റാഫിയുടെ വിശ്വാസം. ഒരു കട്ടൻ ചായയും ഇലയടയും ശാപ്പിട്ടു. ആശയം വന്നില്ല. ഒരു പഴംപൊരി കൂടി ശാപ്പിട്ടു. ഇത്തവണ സുൽത്താൻ വന്നു നിർത്തി. സുൽത്താന്റെ മുൻപേ വരേണ്ട സെന്റ് തോമസ് തൊട്ടുപിന്നാലെ എത്തിയെങ്കിലും ബസ് സ്റ്റോപ്പിൽ സ്ഥലം കിട്ടാഞ്ഞതിനാൽ ചായക്കടയുടെ മുന്നിൽ വന്നു നിർത്തി. (സുൽത്താനും സെന്റ് തോമസും അന്നാട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണെന്ന് മനസ്സിലാക്കുക). സെന്റ് തോമസ് ബസ്സിൽ നിന്നും ഒരു മധ്യവയസ്കൻ ഇറങ്ങി വന്നു. കവി റാഫി ഗൗനിക്കാൻ മാത്രമുള്ള സവിശേഷതകൾ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ അയാൾ തൊട്ടടുത്ത് വന്നിരുന്ന് ചായ കുടിക്കുന്നത് റാഫി ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം ഒരേമ്പക്കം വിടുന്നതു വരെ റാഫിയുടെ അശ്രദ്ധ തുടർന്നു.
ഒരു ഞെട്ടലോടെയാണ് റാഫി ആ ഏമ്പക്കം കേൾക്കുന്നത്. ഏമ്പക്കവും അതിന്റെ ഉറവിടവും പൊടുന്നനെ റാഫിയുടെ ശ്രദ്ധയിൽപ്പെട്ടു. റാഫിയുടെ നോട്ടവും ഭാവവും കണ്ട് മധ്യവയസ്കൻ വിശദീകരിച്ചു.
'ഗ്യാസാ. ബസിലിരുന്ന് യാത്ര ചെയ്തതിന്റെയാ.'
ക്ഷമിച്ചു, സാരമില്ല എന്നൊക്കെ തോന്നിക്കാൻ മറ്റൊരു നോട്ടവും മറ്റൊരു ഭാവവും റാഫി മറുപടിയായി പുറത്തെടുത്തു. ബാബുവേട്ടന് കൊടുക്കാൻ കീശയിൽ നിന്ന് ഇരുപതിന്റെ ഒരു നോട്ടും പുറത്തെടുത്തു (ചായയ്ക്ക് എട്ടുരൂപ, കടിക്ക് ആറുരൂപ; കടിക്ക് താരതമ്യേന വലിപ്പക്കുറവുള്ളത് കൊണ്ടാണ് വിലക്കുറവ്). കൈയിൽ ശേഷിച്ച എണ്ണ കൊണ്ട് കഷ്ടിച്ച് ഒരിഞ്ച് നീളമെത്തിയ താടിയും തടവി റാഫി ഹോസ്റ്റലിലേക്ക് തിരിച്ചു.
നല്ലൊരാശയം കിട്ടിയിരിക്കുന്നു. പല വിധത്തിൽ മസ്തിഷ്ക പ്രക്ഷാളനം നടത്തിക്കൊണ്ട് റാഫി റൂമിലെത്തി. ഇരുന്നു. കിടന്നു. നടന്നു. വീണ്ടും കിടന്നിട്ടും ആശയം വികസിക്കുന്നില്ല എന്നൊരു വിഷമസന്ധിയിലായി റാഫി. അപ്പോൾ ആ വഴി കടന്നു പോയ റാഫിയുടെ സുഹൃത്തുക്കളും സർവ്വോപരി അഭ്യുദയകാംക്ഷികളുമായ രണ്ടു പേർ എഴുത്തിനെപ്പറ്റി തിരക്കാൻ റൂമിലേക്ക് വന്നു.
ഒന്നാമൻ: 'എന്താ കുഞ്ഞുമ്മോനെ പുതിയ പാട്ടൊന്നൂല്ലേ?'
റാഫി പ്രത്യുത്തരിച്ചു.
'ഒരാശയം ദേ ഇപ്പം കിട്ടിയതേ ഉള്ളു. അങ്ങ് വികസിപ്പിക്കാൻ സാധിക്കുന്നില്ല.'
'ഇത്രയ്ക്ക് കഠിനമായ ആ ആശയം എന്താണാവോ?' എന്നായി രണ്ടാമൻ.
അൽപം മടിച്ചെങ്കിലും ശ്രീമാൻ റാഫി ചൂരണി തന്റെ ആശയം അവതരിപ്പിച്ചു:
'ഒരു യാത്ര കഴിഞ്ഞെത്തിയ കാർമേഘം..., വയറിൽ പെയ്യാൻ വെമ്പി നിറഞ്ഞു നിൽക്കുന്ന നീർക്കണങ്ങൾ..., കാർമേഘം ഒരേമ്പക്കം വിടുന്നു..., അതൊരിടിമുഴക്കമായി ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു.....'
ഒന്നാമന് കാര്യം മനസ്സിലായി.
'ഗ്യാസാ. ബാബുവേട്ടന്റെ പഴംപൊരിയാവും.'
രണ്ടാമനും പ്രശ്നം ആമാശയമാണെന്ന് മനസ്സിലായി.
'ഇങ്ങനെ നിന്നാൽ ആശയം വികസിക്കില്ല. ഒന്നുകിൽ അൽപ നേരം കിടക്കണം, അല്ലെങ്കിൽ ആ കക്കൂസിൽ പോയിരുന്ന് നന്നായിട്ടൊന്ന് മുക്കണം. നല്ല വികസനമുണ്ടാവും.'
നിന്നൊരു വെള്ളിടിയുണ്ടായ്.
നിറഞ്ഞ തുള്ളികൾ പൊഴിയുകയായി,
ഉറഞ്ഞ മേഘം മഴയായ്.
കരിമ്പുകയേറ്റു കലങ്ങിയ കണ്ണിൽ
നിന്നൊരു തുള്ളി കിനിഞ്ഞു.
വരണ്ട മണ്ണു നനച്ചു,
നനഞ്ഞ ചതുപ്പു നിറച്ചു.
കനച്ച മൗനം മുറ്റിയ ചുണ്ടിൽ
നിന്നൊരു തുള്ളി കിനിഞ്ഞു.
ഉലഞ്ഞ തണ്ടിലുടഞ്ഞു,
തണുത്ത പൂവു തുടിച്ചു.
കല്ലു വിയർത്തതുപോലാ കയ്യിൽ
നിന്നൊരു തുള്ളി കിനിഞ്ഞു.
തണുവിൽ ചൂടു പകർന്നു,
അണുവിൽ പ്രണയമുയിർത്തു.
പെയ്തു കഴിഞ്ഞു തളർന്നൂ മേഘം
കാറ്റിൻ കയ്യിലുറങ്ങി.
പരക്കെ വെയിലു ചിരിച്ചു,
പതുക്കെ ഭൂമി മിടിച്ചു.
കടലു കണക്കേ ചങ്കിൻ വേരിൽ
നിന്നൊരു ബാഷ്പമുയർന്നു.
പുതിയൊരു വാനം കണ്ടു,
മഴവില്ലൊന്നതു തീർത്തു.
കാറ്റായ് കാലം പേറിയ ബാഷ്പം
മഞ്ഞായ് ചിറകുവിരിച്ചു.
ചേക്കേറാനീ പുൽനാമ്പുകളിൽ
പുലരികൾ കാത്തു കിടപ്പൂ.