ഒരു വശത്ത് കലപില കൂട്ടുന്ന വണ്ടികൾ കെട്ടിക്കിടന്നു. മറുവശത്ത് അനാഥരായ ഒരു അമ്മയും കുഞ്ഞും തന്നെ നോക്കി ഹായ് പറഞ്ഞു. തിരക്കുപിടിച്ച ഈ ലോകത്ത് തനിക്ക് നന്മയുടെ നറുപുഞ്ചിരി സമ്മാനിച്ച അവർക്ക് ഒരു ചിരിയും ഹായ്യും കൊടുത്ത് അഭി മുന്നോട്ട് നടന്നു.
'അനാഥരായ ഒരു അമ്മയും കുഞ്ഞും തന്നെ നോക്കി ഹായ് പറഞ്ഞു'!! വെയ്റ്റ്! അങ്ങനെ വരാൻ വഴിയില്ലല്ലോ. അഭി തിരിഞ്ഞു നോക്കി.
ഓ നോ. അവർ എല്ലവർക്കും ഹായ് കൊടുക്കുന്നുണ്ട്. അബദ്ധം പറ്റി. അവർ ഹായ് കൊടുക്കുന്നതല്ല. യാചിക്കുകയാണ്. ഛെ!അഭിക്ക് ലജ്ജ തോന്നി. അവർക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു. തിരിഞ്ഞ് നടക്കാനുള്ള മടി കൊണ്ടും ബിരിയാണി കഴിച്ച് തിരിച്ചു വരുമ്പോൾ കൊടുക്കാമെന്നോർത്തു കൊണ്ടും അഭി നടപ്പ് തുടർന്നു. റോഡ് നിമിഷാർധങ്ങളിൽ വണ്ടികളാൽ നിറഞ്ഞും ഒഴിഞ്ഞും കിടന്നു. ഇത്തവണ ഒരു വൃദ്ധൻ തനിക്ക് ഹായ് തരുന്നത്അ ദ്ദേഹത്തിനടുത്തെത്തുന്നതിന് മുൻപേ അഭി തിരിച്ചറിഞ്ഞു. പാവം മനുഷ്യൻ. കാവി മുണ്ട് മൂടിയ ശരീരത്തിൽ തിളങ്ങുന്ന രണ്ട് കണ്ണുകൾ മാത്രമാണ് അദ്ദേഹത്തിന് അഭിമാനിക്കാനുള്ളത്. തനിക്കിന്ന് മോശം ദിവസമാണെന്നത് കൊണ്ട് ഈ മനുഷ്യൻ ഇന്ന് പട്ടിണി കിടക്കാൻ പാടില്ല. പുതിയ ഇന്ത്യയുടെ പുത്തൻ അമ്പതു രൂപാ നോട്ട് അഭി വൃദ്ധന്റെ കയ്യിൽ വച്ച് കൊടുത്തു. അമ്പതു രൂപയ്ക്കുള്ള കാരുണ്യം താനിതുവരെ ആരോടും കാണിച്ചിട്ടില്ല. ചാരിതാർത്ഥ്യത്തോടെ അഭി തന്റെ ലക്ഷ്യത്തോടടുത്തു.
ചിലപ്പോൾ അവർ ഒരു നിമിത്തമായിരിക്കാം. തന്റെ സഹായം വേണ്ടിയിരുന്നത് ആ വൃദ്ധനായിരിക്കാം. താൻ ആ വൃദ്ധനോട് കാണിച്ച കാരുണ്യം ഈശ്വരന്റെ പദ്ധതിയായിരിക്കാം. അങ്ങനെയൊക്കെ ചിന്തിച്ച് താൻ കൂടുതൽ പോസിറ്റീവായി മാറുന്നത് അഭിക്ക് അനുഭവിക്കാൻ കഴിഞ്ഞു. നടത്തം തുടർന്ന ആ ചെറുപ്പക്കാരൻ തന്റെ മുറിയും താങ്ങി നിൽക്കുന്ന പഴയ കെട്ടിടത്തിലേക്ക് തിരിഞ്ഞു.
തന്റെ മുറിയിലേക്കുള്ള ചവിട്ടുപടി കേറുമ്പോൾ താഴെ ഇരുട്ടിൽ ആരോ പിറുപിറുക്കുന്നത് അഭി കേട്ടു. സുക്ഷിച്ചു നോക്കിയപ്പോൾ അരണ്ട വെളിച്ചത്തിൽ താൻ മുൻപു കണ്ട കാവി മുണ്ട് അനങ്ങുന്നത് അഭി ദർശിച്ചു. ഇത്രയും കാലം ഈ മനുഷ്യൻ എന്റെ മുറിയുടെ താഴെയാണ് കഴിഞ്ഞിരുന്നതെന്ന് അഭിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. താൻ നന്നാവാൻ വൈകിപ്പോയോ എന്നൊരു കുറ്റബോധം അഭിയെ വേദനിപ്പിച്ചു. പെട്ടെന്ന് അശരീരി കണക്കെ ഗ്രാമർ എന്തെന്നറിയാത്ത കുറേ ഇംഗ്ലീഷ് വാക്കുകൾ ആ ഇരുട്ടിൽ നിന്നുമുയർന്നു. മദ്യ-മൂത്ര മിശ്രിതത്തിന്റെ ഗന്ധം പരന്നു. തന്റെ പുത്തൻ അമ്പതു രൂപ ബീവറേജിലെ മുഷിഞ്ഞ നോട്ടുകൾക്കിടയിൽ കിടക്കുന്നത് അഭിക്ക് കാണാൻ കഴിഞ്ഞു. കാലിനടിയിൽ നിന്ന് മണ്ണൊലിച്ചു പോകുന്നത് പോലെ. തന്റെ പോസിറ്റിവിറ്റി പൂജ്യത്തിലെത്തിയത് പോലെ. ഈശ്വരന്റെ സംവിധാനമെങ്കിലും, വൃദ്ധമഹാന്റെയാണ് തിരക്കഥയെന്ന് അഭി പതിയെ തിരിച്ചറിഞ്ഞു. ബോധമുണ്ടായിരുന്നെങ്കിൽ അയാളോട് രണ്ട് ഡയലോഗ് പറയാമായിരുന്നു. നഷ്ടപ്പെട്ട ഭാരം വീണ്ടു കിട്ടിയിരിക്കുന്നു. ബാക്കി പടികൾ കയറുമ്പോൾ തന്റെ മാനേജരുടെ ശബ്ദവും ഈ വൃദ്ധന്റെ ശബ്ദവും ഒന്നായി മാറുന്നതു പോലെ അഭിക്കു തോന്നി. കാരണം രണ്ടും അഭിക്ക് മനസ്സിലായിരുന്നില്ല.
മൂഡ് പിന്നെയും പോയി!
