A എന്ന വരയും, B എന്ന വരയും;
വെറും വരകളല്ല, നേർവരകൾ.
കടലാസിൽ വരച്ചാലും ഏതു കാൻ-
വാസിൽ വരച്ചാലും നേർവരകൾ.
A, B-യിലൂടെയും B, A-യിലൂടെയും
എപ്പോഴും കടന്നുപോയിരുന്നു.
ചെറുതും വലുതുമായ് അവർക്കിടയിൽ
എപ്പോഴും രണ്ടു കോണുകളും.
പാഠങ്ങൾ കടന്നുപോയ്, രൂപങ്ങൾ
പലതുമായ് വീണ്ടും ആരോ വര വരച്ചു.
A എന്ന വരയും, B എന്ന വരയും;
വെറും വരകളല്ല, നേർവരകൾ.
A, B-യിൽ നിന്നും B, A-യിൽ നിന്നും
തുല്യ ദൂരത്തായ് വരച്ചു.
കടലാസിലായാലും കാൻവാസിലായാലും
തുല്യ ദൂരത്തായ് വരച്ചു.
അടുത്തുനിന്നന്തരവും അകലെനി-
ന്നൊന്നായും കാണും ദൂരത്ത് വച്ചു.
A, Bയുടെ അടുത്തേക്കോ B, Aയുടെ
അടുത്തേക്കോ വരാത്തവണ്ണം
ചെറുതെന്നോ വലുതെന്നോ അവർ-
ക്കിടയിൽ കോണുകളുമുണ്ടായില്ല.
അടുക്കുവാനാവാതെ, പിരിയേണ്ടതില്ലാതെ
ഒട്ടുവരികൾക്കിടയിലീ വരകൾ.
A എന്ന വരയും, B എന്ന വരയും;
അനന്തമായ് രണ്ടു നേർവരകൾ.
