പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

13 നവംബർ, 2022

നീളുന്ന കൈകൾ

എല്ലാരും നനയുന്ന മഴയിൽ ഞാനും നനയുന്ന പോലെ

അതെന്നെ മാത്രം നനയ്ക്കുന്ന പോലെ

എനിക്കു മാത്രം തണുക്കുന്ന പോലെ


കാലുകൾ കുതിർന്ന് വിരലുകൾ വിറച്ച്

ഒറ്റയ്ക്ക് ഞാൻ തനിച്ചാകുന്ന പോലെ;

ഒരു മറ പോലുമരികിലില്ലാത്ത പോലെ.


അകലെ അടഞ്ഞൊരു കടയുടെ തിണ്ണയിൽ

കൈകൾ നീട്ടി വിളിക്കുന്ന പോലെ;

അൽപമിടമുണ്ട്, വരികെന്ന് പറയുന്ന പോലെ.


മഴയോട് തോറ്റ്, എന്റെ മടി തോറ്റ്, ഞാൻ

എന്നോട് തന്നെ ചിരിക്കുന്ന പോലെ;

എന്നെ നോക്കിയാരോ ചിരിക്കുന്ന പോലെ.


ഇരുളിലാ തിണ്ണയിൽ തിങ്ങി നിൽക്കുമ്പോഴും

ആരുമാരേയും തൊടാത്ത പോലെ;

എന്നാലെല്ലാമറിയുന്നെന്ന പോലെ.


ഞാനും കൈ നീട്ടി, ഒരാൾ കൂടി വന്നതും

തണുപ്പ് തെല്ലാന്നു കുറഞ്ഞ പോലെ;

ഉള്ളിലിനിയും ചൂടുണ്ടെന്ന പോലെ.


25 ഒക്‌ടോബർ, 2022

തീരം

സന്ധ്യയായി. കടൽക്കാറ്റിന് തണുപ്പായിരുന്നു. അതെന്നെ വാരിപ്പുണർന്ന് എന്റെ ചൂടും കൊണ്ട് കടന്നു കളഞ്ഞു. അൽപം ചൂടിനായി ഞാൻ മണൽത്തീരത്ത് കാലുകളാഴ്ത്തി. തീരം തന്റെ കഥ പറഞ്ഞു.


'വർഷങ്ങൾക്കു മുൻപ്  ഞാനൊരു കൽത്തിട്ടായിരുന്നു. തിരയോട് മല്ലിട്ട് ജീവിച്ചു. ഒരു തോണി എന്നോട് അടുത്തു. അതൊരു തീരം തേടി വന്നതായിരുന്നു. ഞാൻ ഗൗനിച്ചില്ല. അതും തിരയോട് മല്ലിട്ടു. ഞാൻ മിണ്ടാതിരുന്നു. ഒരു സായാഹ്നത്തിൽ അതെന്നോടു ചേർന്നു. എല്ലാക്കാലവും തിരയോട് മല്ലിടാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ പൊടിഞ്ഞ് മണലായി. ഇക്കാലമത്രയും ആ തോണി എന്റെ മാറിൽ തല ചായ്ച്ചു കഴിഞ്ഞു. ഒരു രാത്രിയിൽ തിര തോണിയെയും കൊണ്ട് പോയി. ഞാൻ ഒറ്റക്കായി. നെഞ്ചിലെ ചൂടുമായി ഞാൻ കാത്തിരുന്നു. തോണി വന്നില്ല. എന്നെയും കൊണ്ട് പോകാൻ തിരയോട് പറഞ്ഞു. തിര കേട്ടില്ല. ഇപ്പോഴും കാത്തിരിക്കുന്നു. ഇനിയും കാത്തിരിക്കും. ഈ ആഴത്തിൽ ലയിക്കുന്നതു വരെ....'


തീരം പിന്നെയൊന്നും പറഞ്ഞില്ല. 

തിര എന്നെ നോക്കി പല്ലിളിച്ചു, ഒരു ചിപ്പി എന്റെ കാൽചുവട്ടിൽ വച്ച് തിരിച്ച് പോയി. 

ഞാനത് മണൽത്തീരത്തിന്റെ ഉള്ളം കയ്യിൽ വച്ചു കൊടുത്തു. തീരം ചിരിച്ചു.




മോക്ഷ ബാഷ്പം

മുകിലിൽ പിറവിയായ്

കടലിൽ കുരുതിയായ്

മോക്ഷ ബാഷ്പമേ നിന്റെ

ജന്മങ്ങളനന്തമായ്.


മഴയായ്, നനവായ്

ജീവനായ്, വേരിലായ്

കാലം കൊണ്ടതീയില-

യിലോ കനിയിലോ.


കുടിനീരായ് കണ്ണുനീരായ്

ഉടലിൽ വിയർപ്പായ്

മലിനമായ് മറഞ്ഞ-

തെങ്ങു നീ മണ്ണിലോ.


ഉറവയായ് അരുവിയായ്

ഉരുളായ് പ്രളയമായ്

പിന്നതാ ശാന്തമായ്

ലയിപ്പതേതോ നദിയിലോ.


കടലിലേക്കെത്തുവാ-

നെത്ര നാൾ, ഇനിയെന്നു-

തീരുമോ നിൻ വ്യാജ-

നിർവാണ യാത്രകൾ.


നീ കാണാത്ത മരുഭൂവിലായ്

നിന്റെ ചുടലയാം കാറ്റിന്നു കീഴിലായ്

നീ വരുന്നതും കാത്തു കിടപ്പൂ

നിന്റെ ചരിത്രമുറങ്ങുന്ന വിത്തുകൾ.





27 സെപ്റ്റംബർ, 2022

Tired




I am tired of the bitter cold of loneliness.

I am tired of the hot air of guilt.

I am tired of the sweetness of people.


I am tired of the memories that turn sour.

I am tired of the salted tides of excuses.

I am tired of the weight of conscience.


I am tired of the longevity of time.

I am tired of the mind, dumbfounded.

I am tired of myself for I don't want to sleep.

നഗ്നത

ഒരു കുഞ്ഞ് നഗ്നനായിരുന്നു,

ഒരു രാജാവ് നഗ്നനായിരുന്നു,

ഒരു ദൈവം നഗ്നനായിരുന്നു,

ഒന്നും മറയ്ക്കാനില്ലാത്തവർ.


നഗ്നമായ ഭൂമി,

നഗ്നരായ ജീവികൾ,

അതിന്റെ നടുക്ക്

നാണക്കാരനായ ഒരു മനുഷ്യൻ.


25 ഓഗസ്റ്റ്, 2022

ഒരു സ്വപ്നം

ഞാൻ കട്ടിലിൽ ചുരുണ്ടുകൂടാൻ ആത്മാവ് കാത്തു നിൽക്കുകയായിരുന്നു. കൂർക്കം വലി മുഴങ്ങിത്തുടങ്ങവേ, ടിയാൻ വെളിയിലിറങ്ങി. മുറ്റം കടന്ന് റോഡിലെത്തി. റോഡിൽ സാമാന്യം നല്ല തിരക്കുണ്ട്. വെള്ളിയാഴ്ചയായിരിക്കണം. ഇന്നെങ്ങോട്ടാണെന്നാലോചിച്ച് എങ്ങോട്ടെന്നില്ലാതെ ആത്മാവ് നടന്നു. ഒരു നിമിഷം കൊണ്ട് ഭൂലോകം ചുറ്റി വരാം, പക്ഷേ അതിലൊരു ത്രില്ലില്ല. നല്ല പരിചയമുള്ള ഒരു സുഹൃത്തിന്റെ ആത്മാവ് ആ വഴി പറന്നു പോയി. ഈയുള്ളവന്റെ ആത്മാവും മുൻപ് പറന്നിട്ടുണ്ട്. അന്ന് ഒരു മലമുകളിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണു. അതിൽ പിന്നെ പറക്കാൻ പേടിയാണ്. ഇന്ന് റോഡുമാർഗമാവാം. വീട്ടിൽ സ്കൂട്ടർ ഇരിപ്പുണ്ട്. എങ്കിലും ഒരാവേശത്തിന് അയൽവക്കത്തെ ചേട്ടന്റേത് പോലെത്തെ ഒരു ബുള്ളറ്റ് സംഘടിപ്പിച്ചു. (എന്തിന് അതു 'പോലെ' യാക്കണം, ആ ബുള്ളറ്റ് തന്നെ എടുത്തു). മലമുകളിലെ കാട് ലക്ഷ്യമാക്കി ആത്മാവ് യാത്ര തിരിച്ചു. സന്ധ്യക്ക് മുൻപ് കാട്ടിലെത്തി. ഘോരവനത്തിന്റെ ഹൃദയത്തിലൂടെ വ്യൂ പോയിന്റിലെത്തി. പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒരു പാട് ആത്മാക്കൾ അസ്തമയം കാണാനെത്തിയിട്ടുണ്ട്. കൂട്ടത്തിൽ അനിയന്റെ ആത്മാവും. ഇവന് പോകാൻ വേറൊരു സ്ഥലവും കിട്ടിയില്ലേ! എന്റെ ക്യാമറയാണ് അവന്റെ കഴുത്തിൽ കിടക്കുന്നത്. അവൻ ആരുടെയൊക്കെയോ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. എന്റെ ആത്മാവ് ശല്യപ്പെടുത്താതെ നല്ലൊരു സ്ഥലം നോക്കി ഇരുന്നു. പെട്ടെന്ന് ആകാശം ഇരുണ്ടു. ആസന്നമായ ഒരപകടത്തിന്റെ പ്രതീതി. അതിനെ ശരിവച്ച് കൊണ്ട് ആത്മാക്കൾ ചിതറിയോടി. എന്റെ ആത്മാവും ഓടി. ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും എന്റെ ആത്മാവ് ഒറ്റക്കായി. എല്ലാരും പോയിരിക്കുന്നു. നേരത്തേ സൂചിപ്പിച്ച ഘോരവനത്തിന്റെ ഹൃദയഭാഗത്തെത്തിയിരിക്കണം, ആ തുടിപ്പ് കേൾക്കാം. അനവസരത്തിൽ ആത്മാവ് തിരിഞ്ഞു നോക്കി. അത് തുടിപ്പുകളായിരുന്നില്ല, ഏതോ ഭീകരജീവി തന്നെ പിൻതുടരുന്ന ബി ജി എം ആയിരുന്നു. ബുള്ളറ്റിനടുത്തേക്ക് ഇനി അൽപ ദൂരം കൂടിയേ ഉള്ളു. വൈറലായ ഒരു വീഡിയോയിലെ പരിചയമുള്ള കടുവയാണ് ഭീകരജീവിയെന്ന് വീണ്ടും തിരിഞ്ഞ് നോക്കിയപ്പോൾ ബോധ്യമായി. മൂക്കിൽ നിന്ന് പുറത്ത് ചാടാൻ ശ്രമിക്കുന്ന തുമ്മലിനേപ്പോലെ എന്റെ ആത്മാവ് മുന്നോട്ട് കുതിച്ചു.


പെട്ടെന്ന് കാലിൽ കുരുക്കു വീണു. കടുവ തന്നെ. ആത്മാവിന് വേദനിച്ചു. ഒരു മരവിപ്പ്. നാഡികളിലൂടെ ഒരു മിന്നൽ പ്രവഹിച്ചു.ആത്മാവ് പ്രാണഭയത്താൽ കട്ടിലിൽ വിയർത്തു കുളിച്ചു കിടക്കുന്ന എന്റെ ശരീരത്തിൽ വന്നൊളിച്ചു. ആ ഫ്ലോയിൽ 'അമ്മേ..' എന്നൊരു നിലവിളി എന്റെ തൊണ്ടയിൽ നിന്ന് പ്രവഹിച്ചു. വിളി കേട്ട് വന്നത് അച്ഛനാണെങ്കിലും, കട്ടിൽപ്പടിയിൽ കാലുടക്കിക്കിടക്കുന്ന മകനെ അദ്ദേഹം റൂമിലെ ലൈറ്റ് ഓണാക്കി ശാന്തനാക്കി. ഒരു ചിരി ഞാനങ്ങോട്ട്, ഒരു ചിരി അവിടുന്നിങ്ങോട്ട്. ഇതിലും വലുതെന്തോ ആണ് പ്രതീക്ഷിച്ചിരുന്നതെന്ന് തോന്നുന്നു. അനിയന്റെ ആത്മാവ് ഇനിയും തിരിച്ചെത്തിയിട്ടില്ല. ആ കിടപ്പ് കണ്ടാലറിയാം, അവനിപ്പോഴും ഓട്ടത്തിലാണ്!

ആത്മബന്ധനം

മഴ വന്ന് കറന്റ് പോയ ഒരു രാത്രിയിൽ ഞാൻ ഉമ്മറത്ത് പോയി ഇരുന്നു. ദുഃഖം മൂടിക്കെട്ടിയ ഓർമ്മകൾ പെയ്ത് മനസ്സിൽ ചളിയായി. നിരാശ പടർന്ന് ആത്മാവിന് എന്റെ ശരീരം വിട്ട് പോകാൻ തോന്നി. പോകുന്നതിന് മുമ്പ് നല്ല ചില ഓർമ്മകൾ കയ്യിലെടുക്കാൻ ആത്മാവ് മുറ്റത്തേക്കിറങ്ങി. ആദ്യം പ്രണയത്തെയാണ് കണ്ടത്. പൂക്കൾ കൊഴിഞ്ഞെങ്കിലും മുള്ളുകളും ഇലകളുമായ് അതങ്ങനെ പച്ചയായി നിൽക്കുന്നു. അതിൽ വിരിയാൻ പുതിയ മൊട്ടുകളില്ല. വലത് സൈഡിലെ ഷെഡിൽ ഒരു പഴയ ടൂവീലർ കിടപ്പുണ്ട്. ആരൊക്കെയോ പെട്രോളടിച്ച് എവിടെയൊക്കെയോ പോയ യാത്രകൾ പൊടിപിടിച്ചിരിക്കുന്നു. യാത്ര പോകാൻ കാശില്ലെന്നപ്പോഴാണോർത്തത്. ആത്മാവ് കാശെടുക്കാൻ വീട്ടിനുള്ളിൽ കയറി. മേശപ്പുറത്തെ പഴയ ഡയറി തുറന്നു. വായിച്ചാൽ മനസ്സിലാവാത്ത കുറേ കണക്കുകളുടെ ഇടയിൽ നിന്ന് അഞ്ഞൂറിന്റെ ഒരു പുത്തൻ നോട്ടെടുത്തു. അൽപം വെള്ളം കുടിക്കാമെന്ന് കരുതി ആത്മാവ് അടുക്കളയിലുമെത്തി. അടുപ്പിൽ ചാരം മൂടിയ കനലിന്റെ ചൂട്. നാളെ അത് വീണ്ടും ജ്വലിക്കും, എന്നത്തേയും പോലെ. ഇനി യാത്രയാവാം. ആരും കണ്ടില്ലെന്ന് കരുതി യാത്രയാവാൻ തിണ്ണയിലെത്തിയ ആത്മാവിന്റെ മുന്നിൽ വീട്ടിലെ കുറിഞ്ഞി പൂച്ച വഴിമുടക്കി നിൽക്കുന്നു. ആത്മാവ് കാൽ നീട്ടി വെച്ച് പടികളിറങ്ങി.


പെട്ടെന്ന് പിറകിൽ നിന്നാരോ വലിച്ചു. ആത്മാവിന് വേദനിച്ചു. ഒരു മരവിപ്പ്. നാഡികളിലൂടെ ഒരു മിന്നൽ പ്രവഹിച്ചു. ആത്മാവ് പ്രാണഭയത്താൽ ഉമ്മറത്ത് ചാരി വച്ചിരുന്ന എന്റെ ശരീരത്തിൽ വന്നൊളിച്ചു.

പിന്നെ ഇടിവെട്ടി: 'എടാ.....!'

അമ്മയാണ്.

'വന്ന് ചോറുണ്ണെടാ... എനിക്ക് പാത്രം കഴുകീട്ട് കിടന്നുറങ്ങണം.'

കിളി പോയ മരകൊമ്പുപോലെ എന്റെ തല ആടിയപ്പോഴാണ് സ്ഥലകാലബോധം തിരിച്ച് വന്നത്. അമ്മയുടെ കൈനഖം എന്റെ ചെവി വിട്ടു പോയതും ആ നേരത്താണ്.

നഗരത്തിലെ നാഴികകൾ

ഒരു നഗരമുണ്ടായിരുന്നു. നഗരത്തിൽ ഒരുപാട് തെരുവുവിളക്കുകളും ഉണ്ടായിരുന്നു. ഇരുളുമ്പോൾ അവ കണ്ണുതുറക്കുകയും പുലരുമ്പോൾ കണ്ണടയ്ക്കുകയും ചെയ്തിരുന്നു. ആ കണ്ണുകൾ ആരോ തുറക്കുകയും അടയ്ക്കുകയും ചെയ്തിരുന്നു. പാതിരാ മുതൽ പുലരുന്നതുവരെ ആ നഗരത്തിൽ എല്ലാവരും ഉറങ്ങിയിരുന്നു. എന്തുകൊണ്ടോ ആ നേരത്താരും വിളക്കിന്റെ കണ്ണുകൾ മൂടിയിരുന്നില്ല.


അതേ നഗരത്തിൽ നടുക്കൊരു പള്ളിയുണ്ടായിരുന്നു. പള്ളിക്ക് ഉയരത്തിൽ തൂക്കിയ മണിയുണ്ടായിരുന്നു. പുലരുന്നതു മുതൽ പാതിരാ വരെ ഒരോ മണിക്കൂർ ഇടവിട്ട് ആ മണി അടിച്ചു കൊണ്ടേയിരുന്നു. ആ മണി ആരോ അടിച്ചു കൊണ്ടേയിരുന്നു. പാതിരാ മുതൽ പുലരുന്നതുവരെ ആ നഗരത്തിൽ എല്ലാവരും ഉറങ്ങിയിരുന്നു. അതുകൊണ്ട് ആരോ ആ മണിയുടെ നാക്ക് ബന്ധിച്ചിരുന്നു.



വെളിച്ചം അഴിഞ്ഞാടുകയും ശബ്ദം തുറങ്കിലടയ്ക്കപ്പെടുകയും ചെയ്തിരുന്ന ആ നഗരത്തിൽ തന്നെ ഒരുപാട് കോഴികളുമുണ്ടായിരുന്നു. അവ ഗ്രാമങ്ങളിലെ കോഴികളെ പോലെ തിന്നുകൊഴുത്തിരുന്നില്ല. അവയ്ക്കുല്ലസിക്കാൻ പച്ചപ്പുൽമേടുകളുണ്ടായിരുന്നില്ല. എങ്കിലും അവരുടെയുള്ളിൽ വിപ്ലവമുണ്ടായിരുന്നു. പകലിരവെന്നില്ലാതെ ഒരിക്കലും കെടാത്ത വെളിച്ചം അവരുടെ ഉറക്കം കെടുത്തിയിരുന്നു. ശബ്ദത്തിനു നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം അവരുടെ ഉളളുനീറിച്ചു. വെളിച്ചത്തിനെതിരെ, വർഗീയതയ്ക്കെതിരെ അവർ ശബ്ദിച്ചു. വെളിച്ചത്തിന്റെ ഭൂരിപക്ഷമുതലാളിത്തത്തിനെതിരേ അവരുടെ ആണുങ്ങൾ ശബ്ദിച്ചു. നഗരമുറങ്ങുമ്പോഴും അവരുടെ ആണുങ്ങൾ ശബ്ദിച്ചു. അവരോടൊപ്പം നിന്ന് കുരച്ച പട്ടികളെയും അമറിയ പശുക്കളെയും നഗരം നിശബ്ദമാക്കിയപ്പോഴും അവരുടെ ആണുങ്ങൾ ശബ്ദിച്ചു. നശിച്ച കോഴികൾ! മനുഷ്യന്റെ ഉറക്കം കളയാൻ!