അവളുടെ ഓര്‍മ്മകളിലേക്ക് അരുണിനെ തള്ളിയിട്ടുകൊണ്ടാണ് അവന്റെ ആ ചോദ്യം വന്നത്. 'നിനക്കവളോട് ഒട്ടും വെറുപ്പ് തോന്നുന്നില്ലേ?'
ആദ്യമായി പുഴയിലിറങ്ങിയ കുട്ടിയെപ്പോലെയായി അരുണ്‍. കൈയിട്ടടിക്കണമെന്നുണ്ട്, എന്നാല്‍ ശ്വാസം കിട്ടുന്നുമില്ല. ഇങ്ങനെയുള്ള ചോദ്യങ്ങളില്‍ നിന്ന്‍ എങ്ങനെ രക്ഷപ്പെടണമെന്ന് അരുണിനറിഞ്ഞുകൂട. കാലിനടിയില്‍ നിന്ന്‍ കടലെടുക്കുന്ന മണലുപോലെ അരുണിന്റെ ഉള്ളില്‍ നിന്ന്‍ ഉള്ളതെല്ലാം ചങ്ക് ചോര്‍ത്തിയെടുത്തു. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇവിടെ അരുണിന് കൈയില്‍ വിലങ്ങ് വെച്ചതുപോലെയായി.
ബസ് സ്റ്റോപ്പില്‍ ഡ്രോപ്പ് ചെയ്യുന്നതുവരെ അരുണിന്റെ രഹസ്യങ്ങളെല്ലാം ഊറ്റിയശേഷമാണ് ആ ചങ്ക് വിട്ടുപോയത്. മുന്നോട്ട് പോകുമ്പോഴും അരുണിന്റെ സ്കൂട്ടറിന് നല്ല ഭാരം ചുമക്കേണ്ടിവന്നു. അരുണും അവന്റെ ഭൂതവും. ബുവാരി ഹോട്ടല്‍ എത്തുന്നത് വരെ മേല്‍ പറഞ്ഞതൊക്കെയും തന്നെയും പിന്നെയും ആലോചിച്ച്കൊണ്ടാണ് അരുണ്‍ വണ്ടിയോടിച്ചത്. പഴയ പ്റൌഢിയുടെ ഓര്‍മ്മയില്‍ ജീവിക്കുന്ന ആ ഹോട്ടലല്ലാതെവേറെയൊന്നും അരുണിന് വഴിയില്‍ ആകര്‍ഷകമായി തോന്നിയില്ല. ഒഴിഞ്ഞുകിടന്നിരുന്ന ഒരുപാട് സീറ്റുകളുടെയിടയില്‍ തികച്ചും ഒറ്റപ്പെട്ടതെന്നു തോന്നിച്ച ഒരിടത്ത് അരുണ്‍ ഇരുന്നു. മെനു പലയാവര്‍ത്തി വായിച്ചും സംശയങ്ങള്‍ ചോദിച്ചും അവസാനം ഒരു മട്ടന്‍ ബിരിയാണിക്ക് സമ്മതം മൂളി. കാമുകീകാമുകന്മാരാരും തന്നെ ആ ഹോട്ടലില്‍ ഭക്ഷണം കഴിക്കനുണ്ടായിരുന്നില്ല. ഒരു ശാന്തത അവിടെയെങ്ങും തങ്ങി നില്‍ക്കുന്നതായി അവനനുഭവപ്പെട്ടു.
മട്ടന്‍ ബിരിയാണി വന്നു. സാധാരണ കിട്ടുന്ന അത്ര അളവില്‍ ചോറില്ല. മാനസിക സമ്മര്‍ധമുള്ളപ്പോള്‍ അധികം കഴിക്കുന്നതും നല്ലതല്ല. ശാന്തനായി, രുചിയാസ്വധിക്കാന്‍ ശ്രമിച്ച് അരുണ്‍ അത്താഴം കഴിക്കാന്‍ തുടങ്ങി. ബിരിയാണിക്ക് ചൂടില്ല. ഇറച്ചി കല്ലുപോലെ ഇരിക്കുന്നു. എങ്കിലും അരുണ്‍ ശാന്തത കൈവെടിയാതെ സാവധാനം കഴിച്ചു തുടങ്ങി. ആകെ കിട്ടിയ മട്ടന്‍ പീസില്‍ മുക്കാല്‍ ഭാഗവും എല്ലായിരുന്നെങ്കിലും, കടിച്ചുകീറുമ്പോള്‍ പലപ്പോഴും ഇറച്ചി പല്ലിന്റെയുള്ളില്‍ കേറിയിരുന്നെങ്കിലും അരുണ്‍ സമചിത്തതയോടെ തുടര്‍ന്നു. ബിരിയാണിയില്‍ നിന്ന്‍ ഒരു മുടികിട്ടി. ഇത്തരം അവസരങ്ങളൊന്നും വിട്ടുകളയാതെ വെയിറ്ററോട് തട്ടിക്കയറുമായിരുന്ന അരുണ്‍ അപ്പോഴും സംയമനം പാലിച്ചു. പാത്രത്തില്‍ എല്ല് മാത്രം അവശേഷിപ്പിച്ച്, ഒരു നാരങ്ങാജ്യൂസിനും ഓര്‍ഡര്‍ കൊടുത്ത് അരുണ്‍ കൈ കഴുകാന്‍ ചെന്നു.
സടകൊഴിഞ്ഞ സിംഹത്തെപ്പോലെ ഒരു വാഷ് റൂം. രാജകീയമായ കണ്ണാടിയും വാഷ് ബേസിനും ടോയിലെറ്റ് സീറ്റും അവിടെയുണ്ടായിരുന്നെങ്കിലും കൈ കഴുകാന്‍ ഉറപ്പില്ലാത്ത ഒരു ടാപ്പും ടോയിലെറ്റില്‍ ഫ്ലഷിനു പകരം ബക്കറ്റും വെള്ളവുമാണുണ്ടായിരുന്നത്. അല്പം നീരസം തോന്നിയെങ്കിലും അരുണ്‍ ഒന്നിലും ഇടപെടേണ്ടെന്നു വിചാരിച്ച് ജ്യൂസ് കുടിക്കാനിരുന്നു. ജ്യൂസ് വന്നിട്ടില്ല. പത്ത് മിനിട്ടുകഴിഞ്ഞപ്പോള്‍ വെയിറ്റര്‍ വന്നു ജ്യൂസ് കിട്ടിയില്ലേ എന്ന ചോദിച്ചു. അരുണ്‍ തല കുലുക്കിയതേയുള്ളു, ഒന്നും പറഞ്ഞില്ല. അവസാനം ജ്യൂസ് വന്നു. മധുരം ചോദിച്ചിട്ട് ഉപ്പിട്ടതാണ് കൊണ്ടുവന്നത്. ക്ഷമയുടെ നെല്ലിപ്പലകയിലാണ് അരുണിപ്പോള്‍. ബില്ല് വന്നു. ബിരിയാണിക്ക് മുന്നൂറ്റെണ്‍പത് രൂപ. ജ്യൂസിന്റെ വില കൂടി കണ്ടു കഴിഞ്ഞപ്പോഴേക്കും അരുണിന്റെ സമനില തെറ്റി. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ അരുണോരാഗ്നേയാസ്ത്രമായി മാറി. ഒരു തുക്കടാ ഗ്ലാസില്‍ വിളമ്പിയ ഉപ്പിട്ട നാരങ്ങാവെള്ളത്തിന് എഴുപത് രൂപ. സ്ഫോടനാത്മകമായ ചടുലതയോടെ അരുണിന്റെ ശകാരവര്‍ഷം ആ വെയിറ്ററുടെ മേല്‍ പെയ്തിറങ്ങി. പത്ത് മിനുട്ടോളം കനത്ത് നിന്ന ശേഷം അരുണ്‍ ഹോട്ടലില്‍ നിന്നിറങ്ങി. വിജനമായ പരിസരത്ത് അനാഥമായി കിടക്കുന്ന തന്റെ സ്കൂട്ടറിലേക്ക് നടന്നു.
ചങ്ങാതി തണുത്തിരിപ്പാണ്. വിറയ്ക്കുന്ന കവിളുകളില്‍ ചൂടുള്ള കാപ്പി വെയ്ക്കുന്നത്പോലെ നനഞ്ഞ സീറ്റില്‍ അരുണ്‍ തന്റെ ചൂടുള്ള ശരീരം ഇറക്കിവെച്ചു. തട്ടിയുണര്‍ത്താന്‍നേരം മുന്‍കാമുകിയുടെ ഓര്‍മ്മകളിലേക്ക് അരുണിനെ വലിച്ചിഴച്ച്കൊണ്ട് സ്കൂട്ടറിങ്ങനെ മുരണ്ടു. 'പെട്രോളടിക്കാതെ ഇനി എങ്ങോട്ടുമില്ല'.