പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

18 ജനുവരി, 2025

അപദ്ധസഞ്ചാരം

കടലിൽ പതിക്കേണ്ടൊരെന്നെ

കായലിലൊഴുക്കിയതാരാണ്.

കരിമണൽ മുത്തേണ്ടൊരെന്ന

കയത്തിൽ തള്ളിയതാരാണ്.

 

നൂറുതിരയാവേണ്ടൊരെന്നെ

കുഞ്ഞോളമാക്കിയതാരാണ്.

നുരപത ചിതറേണ്ടൊരെന്നെ

ആറ്റുചേറിലിറക്കിയതാരാണ്.

 

കടുംനീല മോഹിച്ചൊരെന്നെ

ഇളം പച്ച മുക്കിയതാരാണ്.

പൊൻവെയിലുകായേണ്ടൊരെന്നെ

തണലത്തു കൊണ്ടിട്ടതാരാണ്.

 

ആര്‍ത്തിരമ്പേണ്ടുന്നൊരെന്നെ

ശാന്തതടവറയിലാക്കിയതാരാണ്.

തെളിഞ്ഞ നീരാടയേകിയെന്നെ

ലജ്ജിതനാക്കിയതാരാണ്.

 

അപഥസഞ്ചാരിയായൊരെന്നെ

അബദ്ധപഞ്ജരമേറ്റുന്നൊരാ

അജ്ഞാതകാരണഭൂതര്‍ നിങ്ങള്‍

എന്‍റെ ആഴം മാത്രം കവരരുതേ.

17 ജനുവരി, 2025

മോഹഭംഗം

അസ്തമയമെന്നൊന്നുണ്ടത്രേ,

കാണാന്‍ ഭംഗിയുണ്ടത്രേ.

മലമുകളില്‍ നിന്നല്ല,

താഴ്വാരത്താണ് വിശേഷമത്രേ.


കതിരവന്‍ ഉരുകുമത്രേ,

വാനം ചുവക്കുമത്രേ.

താഴ്വരയ്ക്കപ്പുറം

പുഴയോരമാണ് ശ്രേഷ്ഠമത്രേ.


തങ്കക്കുടമുടയാതെയാ

ആഴങ്ങളില്‍ താഴുമത്രേ.

പുഴയാഴം പോരത്രേ,

കടലാഴം വേണമത്രേ.


വൈകി, തീരമെത്തിയിട്ടും

വീഴാന്‍ നേരമായില്ലത്രേ.

തരിയെണ്ണിത്തീര്‍ന്നിട്ടും,

മണലിനുമൊന്നുമറിയില്ലത്രേ.


മേഘം മറച്ചതാണോ, മിഴി-

ക്കോണിലെ മങ്ങലാണോ,

തിരയെന്നെ മൂടുമ്പോഴാ

പൊന്‍കിണ്ണം മുങ്ങിയത്രേ.