കടലിൽ പതിക്കേണ്ടൊരെന്നെ
കായലിലൊഴുക്കിയതാരാണ്.
കരിമണൽ മുത്തേണ്ടൊരെന്ന
കയത്തിൽ തള്ളിയതാരാണ്.
നൂറുതിരയാവേണ്ടൊരെന്നെ
കുഞ്ഞോളമാക്കിയതാരാണ്.
നുരപത ചിതറേണ്ടൊരെന്നെ
ആറ്റുചേറിലിറക്കിയതാരാണ്.
കടുംനീല മോഹിച്ചൊരെന്നെ
ഇളം പച്ച മുക്കിയതാരാണ്.
പൊൻവെയിലുകായേണ്ടൊരെന്നെ
തണലത്തു കൊണ്ടിട്ടതാരാണ്.
ആര്‍ത്തിരമ്പേണ്ടുന്നൊരെന്നെ
ശാന്തതടവറയിലാക്കിയതാരാണ്.
തെളിഞ്ഞ നീരാടയേകിയെന്നെ
ലജ്ജിതനാക്കിയതാരാണ്.
അപഥസഞ്ചാരിയായൊരെന്നെ
അബദ്ധപഞ്ജരമേറ്റുന്നൊരാ
അജ്ഞാതകാരണഭൂതര്‍ നിങ്ങള്‍
എന്‍റെ ആഴം മാത്രം കവരരുതേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ