പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

28 നവംബർ, 2023

നേർവരകൾ

A എന്ന വരയും, B എന്ന വരയും;

വെറും വരകളല്ല, നേർവരകൾ.

കടലാസിൽ വരച്ചാലും ഏതു കാൻ-

വാസിൽ വരച്ചാലും നേർവരകൾ.

A, B-യിലൂടെയും B, A-യിലൂടെയും

എപ്പോഴും കടന്നുപോയിരുന്നു.

ചെറുതും വലുതുമായ് അവർക്കിടയിൽ

എപ്പോഴും രണ്ടു കോണുകളും.


പാഠങ്ങൾ കടന്നുപോയ്, രൂപങ്ങൾ

പലതുമായ് വീണ്ടും ആരോ വര വരച്ചു.

A എന്ന വരയും, B എന്ന വരയും;

വെറും വരകളല്ല, നേർവരകൾ.

A, B-യിൽ നിന്നും B, A-യിൽ നിന്നും

തുല്യ ദൂരത്തായ് വരച്ചു.

കടലാസിലായാലും കാൻവാസിലായാലും

തുല്യ ദൂരത്തായ് വരച്ചു.

അടുത്തുനിന്നന്തരവും അകലെനി-

ന്നൊന്നായും കാണും ദൂരത്ത് വച്ചു.


A, Bയുടെ അടുത്തേക്കോ B, Aയുടെ

അടുത്തേക്കോ വരാത്തവണ്ണം

ചെറുതെന്നോ വലുതെന്നോ അവർ-

ക്കിടയിൽ കോണുകളുമുണ്ടായില്ല.

അടുക്കുവാനാവാതെ, പിരിയേണ്ടതില്ലാതെ

ഒട്ടുവരികൾക്കിടയിലീ വരകൾ.

A എന്ന വരയും, B എന്ന വരയും;

അനന്തമായ് രണ്ടു നേർവരകൾ.

27 നവംബർ, 2023

ആളില്ലാത്തൊരടുപ്പ്

ആളിപ്പടരും തീയുണ്ടടുപ്പിൽ,

അണച്ചൊതുക്കാൻ ആളില്ല.

തിങ്ങി നിറഞ്ഞ് പുകയുണ്ടടുപ്പിൽ,

ഊതിക്കളയാൻ ആളില്ല.

ചാരം മൂടി വിറകുണ്ടടുപ്പിൽ,

ഇളക്കിവെക്കാൻ ആളില്ല.


അടി പിടിച്ചൊരു കലത്തിനുള്ളിൽ,

നുരഞ്ഞുപൊങ്ങും ആവിക്കിടയിൽ,

വേവാൻ വച്ച കറിയുണ്ടടുപ്പിൽ,

വേവ് നോക്കാൻ ആളില്ല.

കരിയും മുൻപേ കയിലിലൊരല്പം,

രുചിച്ചു നോക്കാൻ ആളില്ല.




11 നവംബർ, 2023

സാമുഖ്യജീവിതം

കണ്ണെടുക്കാതെയിരിക്കേണമെന്നതും

കണ്ണടച്ചാലുമോർക്കേണമെന്നതും,

ശീലിച്ചതാരും പറഞ്ഞിട്ടുമല്ല; എന്നു

ശീലമായെന്ന് ഞാനറിഞ്ഞിട്ടുമില്ല.


ഓരോ മറുപടി കേട്ടു മടുത്തു ഞാൻ,

ഒരു മറുപടിക്കായും കാത്തു മടുത്തു ഞാൻ;

ആരോടെല്ലാം പറയേണ്ടതിന്നു ഞാൻ,

ആരോട് എല്ലാം പറയേണ്ടതിന്നു ഞാൻ.


വിരലിൻ്റെ തുമ്പിലായ് ഇന്നലെകൾ

ദുർഗ്രഹമെൻ നേർത്തൊരീ നൊടികൾ;

നിധിയില്ല, നിലയില്ല, നിശ്ചയവുമില്ലെങ്കിലും

നാളേക്കു ഞാൻ ഞാനായിരുന്നു കൊള്ളാം.

26 സെപ്റ്റംബർ, 2023

നിറവ്

മഴയില്ലെങ്കിലും ഒരു നനവ് തോന്നുന്നു;

ഓർമയുടെ കുളിരാവാം,

ഒരിളം കാറ്റിൻ്റെ തലോടലാവാം.


വരികളില്ലാത്തൊരീണം കേൾക്കുന്നു;

ഹൃദയം തുടിച്ചതാവാം,

ഒരാളെന്നെയോർത്തതാവാം.


മിഴിപ്പൂട്ടിനുള്ളിൽ മുഖങ്ങൾ തെളിയുന്നു;

കാണാൻ കൊതിച്ചതാവാം,

മനസ്സെന്തോ തിരഞ്ഞതാവാം.


ഉണരാനായുറങ്ങുവാൻ തോന്നുന്നു;

എൻ്റെ നെടുവീർപ്പാവാം,

നാളേക്കൊരു കരുതലാവാം.


ഈ രാവിൽ ഒരു നിറവ് തോന്നുന്നു;

വികലമായൊരു നിനവാവാം,

വീടൊഴിഞ്ഞൊരു വിഷാദമാവാം.



22 സെപ്റ്റംബർ, 2023

ഒരു വഴിക്ക് പോകുമ്പോൾ

കാട്ടുപാതയ്ക്ക് കൂട്ട് വേണം,

നാട്ടുപാതയിൽ ഒറ്റയ്ക്ക് വേണം.


നഗരവീഥിയിൽ നിശ്ശബ്ദമാവണം,

തെരുവിലൂടെ തിടുക്കത്തിലാവണം.


മലമ്പാതയ്ക്ക് കൈയ്യിൽ കരുതണം,

മലയ്ക്ക് പോകുമ്പോൾ മടിയൊഴിച്ചിടണം.


ഒരു നാളേക്ക് ഊണുവേണം,

പല നാളേക്ക് പദ്ധതി വേണം.


അടുത്താണെങ്കിൽ ഉടനെ വേണം,

അകലേക്കെങ്കിൽ ഓർമിക്ക വേണം.


ഒടുവിലാവുമ്പോൾ ഒരാളെങ്കിലും വേണം,

ഒരാളുള്ളപ്പോൾ ഒരിക്കലെങ്കിലും വേണം.


21 സെപ്റ്റംബർ, 2023

നിലനിൽപ്പ്

പട തുടങ്ങാനാഞ്ഞിട്ടോ,

പേടിച്ചു വിറച്ചിട്ടോ,

അല്ല ഈ നിൽപ്.


കരളു തുടിച്ചിട്ടോ,

കണ്ണു കലങ്ങിയിട്ടോ

അല്ല ഈ നിൽപ്പ്.


പറഞ്ഞു തുടങ്ങാഞ്ഞിട്ടോ,

കേട്ടു കൊതിതീരാതിരുന്നിട്ടോ,

അല്ല ഈ നിൽപ്.


തിരയാനൊന്നുമില്ലാഞ്ഞിട്ടോ,

മടങ്ങാനുള്ള കൊതികൊണ്ടോ,

അല്ല ഈ നിൽപ്.


ഉയരാനാകാഞ്ഞിട്ടോ, വീണു-

പോകരുതെന്നോർത്തിട്ടോ,

അല്ല ഈ നിൽപ്.


മടിയെന്ന് ചമഞ്ഞിട്ട്

മറവിക്ക് വിറ്റതാണെ-

ൻ്റെയീ നിൽപ്.

19 സെപ്റ്റംബർ, 2023

മയങ്ങും മുമ്പ്

നാളെ നിന്നാരോ കരയുന്നത് കേൾപ്പൂ,

ഇന്നലെ പിന്നിൽ ബോധമറ്റ് കിടപ്പൂ.

നാളെയിലേക്ക് തിരിയണോ, അതോ

ഇന്നലെയിലേക്ക് മടങ്ങണോ?


ഇന്നീ പകൽ ഇരുളുന്നു,

രാവ് തെളിയുന്നു.

നിഴലിൻ്റെ മാത്രകൾ,

നിലയ്ക്കാത്ത ശങ്കകൾ.



നിദ്ര വിളിക്കുമ്പോൾ

ശാന്തനാവേണ്ടതെങ്ങനെ,

തല ചായ്ക്കുമ്പോൾ

മിഴിയടയ്ക്കേണ്ടതെങ്ങനെ?

26 ഫെബ്രുവരി, 2023

Sci-hy thought experiment

Disclaimer: The below content is pure imagination and has spiced up scientific terms. It is not intentionally committed.


Part 1: Atom's reality


Human beings may be the first to develop thoughts into actions. But that doesnt mean they are of highest intelligence; we use a limited volume of our integrated brain. It is considered that micro-organisms have much simpler nervous systems. And it is thus assumed, they use it to its full advantage. Their metabolisms are fast. Lifetimes are short. They may be able to sense the fundamental units or building blocks of space, time and gravity. A quark or an atom may be grain of sand in their geometry. In fempto seconds they may call it a day. The gravitational waves may ripple across the wonders of their world. I have a thought that it is a continuum barrier we try to dissect.


Part 2: Nebula's reality


What about the galaxy organism or the nebula organism? What if they constitute a fundamental unit equivalent to a biological cell? Their events take aeons to complete. Their space stretched beyond lightyears. They blink at a speed of what we calculate to be the age of the universe. I have a thought that it is a continuum barrier we try to escape.


Part 3: The multiversal lattice


Are we the nodes or the basis of a multiversal lattice? What are the coordinates of our space, time and gravity on a Gigalogarithmic scale? Are we bound to our characteristic dimensional wells separated by a continuum energy barrier? Can we have the energy to hop over or tunnel through these barriers? Is it just that we can't imagine a force that hold each of these realities at some coordination?

NB: The author has degrees of imagination constrained to the dimensions of space, time and gravity


10 ഫെബ്രുവരി, 2023

ഗാൻസർ

ഒരു ജേർണലിസ്റ്റ് ഒരിക്കൽ ഒരു കവിയെ തേടി പുറപ്പെട്ടു. വിരലിലെണ്ണാവുന്ന കവിതകൾ മാത്രമെഴുതിയിരുന്ന അയാൾക്ക് ഒരു തൂലികാനാമമല്ലാതെ മറ്റ് വിലാസങ്ങളൊന്നുമുണ്ടായിരുന്നില്ല.


"മഴയെ ഭോഗിച്ച ഭൂമി ഞാൻ

പുതിയതൊന്നും മുളയ്ക്കുന്നില്ല

പഴയതെല്ലാം ചീയുന്നുതാനും"

- ഗാൻസർ


കവിയെ കാണാൻ സാധ്യതയുള്ള ഇടങ്ങളിൽ (സാഹിത്യ സദസ്സുകളിൽ, കലാലയങ്ങളിൽ, കടൽത്തീരങ്ങളിൽ, കള്ളുഷാപ്പുകളിൽ) ഒക്കെയും അന്വേഷിച്ചിട്ടും ഒരു വിവരവുമില്ല.ആശുപത്രികളിലും ജയിലുകളിലും അന്വേഷിച്ചിട്ടും ഒരു സൂചന പോലുമില്ല. മല കയറിയിട്ടും കപ്പലിൽ പോയിട്ടും കവിയെ അറിയുന്ന ആരെയും കണ്ടില്ല. നിരാശയോടെ ജേർണലിസ്റ്റ് മടക്കയാത്ര ആരംഭിച്ചു.

തിരിച്ചുള്ള വണ്ടി കേറാൻ കാത്തു നിൽക്കുമ്പോൾ ദൂരെ ആരോ പാടുന്നത് ജേർണലിസ്റ്റ് ശ്രദ്ധിച്ചു.


"വാതിലടച്ചിട്ടുണ്ടോ? 

ജനലഴിയിട്ടിട്ടുണ്ടോ?

കാറ്റു കടന്നിട്ടുണ്ടോ?

വെട്ടമൊഴിഞ്ഞിട്ടുണ്ടോ?

ഒന്നു മയങ്ങാൻ നേരം

ആരാൻ തട്ടിവിളിക്കാനുണ്ടോ?"


അടുത്തുള്ളയാളോട് ആരാണ് പാടുന്നതെന്ന് അയാൾ ചോദിച്ചു. അതൊരു ഭ്രാന്തനാണെന്ന് മറുപടി കിട്ടി. ആകാംക്ഷയോടെ ജേർണലിസ്റ്റ് പാട്ടുകാരന്റെ അടുത്ത് ചെന്നു. ഒരു മനുഷ്യൻ താമസിക്കുന്നു എന്ന് തോന്നാത്ത വിധം കാടുപിടിച്ച ഒരു ഒറ്റമുറി വീട്ടിൽ നിന്നാണ് ശബ്ദം വരുന്നത്.ചില്ലു പൊട്ടിയ ജനലിന്റെ പഴുതിലൂടെ ജേർണലിസ്റ്റ് അകത്തേക്കു നോക്കി.


"എന്റെ ജാലകം ആരോ തകർത്തു

എന്റെ തോട്ടത്തിലാരോ കടന്നു

പേടിയെന്നെ ചങ്ങലക്കിട്ടു

ഇനി ഞാനാരെ ഉപദ്രവിക്കും?"


ജേർണലിസ്റ്റിന് ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. ആ അന്തരീക്ഷത്തിന്റെ വീർപ്പുമുട്ടലിൽ ഒന്നും പറയുവാനോ എഴുതുവാനോ അയാൾക്കു കഴിഞ്ഞില്ല. അയാൾ അവിടെ നിന്നിറങ്ങി. വീണ്ടും വണ്ടി കാത്തു നിൽക്കുമ്പോൾ ജേർണലിസ്റ്റ് അടുത്തുള്ളയാളോട് ചോദിച്ചു.


'അയാൾക്കെങ്ങനെയാണ് ഭ്രാന്തു വന്നത്?'


'ചെറുപ്പത്തിൽ വിഷാദം വന്നതാ. ആത്മഹത്യ ചെയ്യാതിരിക്കാൻ അയാൾ സ്വയം ചങ്ങലയ്ക്കിട്ടു. ഭ്രാന്തു വരാതിരിക്കാൻ പാട്ടു പാടുകയാണെന്നും ആരെയും ശല്യപ്പെടുത്താനല്ലെന്നും ഇടയ്ക്കിടയ്ക്ക് വിളിച്ച് പറയുന്നത് കേൾക്കാം.'


'ആശുപത്രി?'


'പലതവണ കൊണ്ടുപോയിട്ടുണ്ട്. നോർമലാണെന്ന് പറഞ്ഞ് അവര് തന്നെ തിരിച്ചയയ്ക്കും. പാട്ടല്ലേ, വേറെ ശല്യമൊന്നുമില്ലല്ലോ?

12 ജനുവരി, 2023

മശകം

ഭാഗം 1: മശകം - ദ ഫാൾ


സുഹൃത്തുക്കൾക്കെല്ലാം ജോലിയാവുന്നത് രാഹുലിനും സന്തോഷം തന്നിരുന്ന കാര്യമാണ്. എന്നാൽ എല്ലാവരും തന്നെ ഉടനെ കല്യാണം കഴിക്കാൻ കൂടി തുടങ്ങിയത് തെല്ലൊരമ്പരപ്പിലേക്കും അനാഥത്വത്തിലേക്കുമാണ് രാഹുലിനെ തള്ളി വിട്ടത്. ജനുവരിയിലെ തണുപ്പ് ശരീരത്തിൽ നിന്ന് മനസ്സിലേക്ക് പടരാൻ തുടങ്ങിയിരിക്കുന്നു. പുതിയതൊന്നും കാണിക്കാനില്ലാതെ ജനലുകൾ അടഞ്ഞുകിടക്കുന്നു. തണുപ്പല്ലാതെ മറ്റൊന്നും തരാനില്ലാതെ ഫാൻ ചത്തുതൂങ്ങിക്കിടക്കുന്നു. ഇരുട്ടിനും നിശബ്ദതയ്ക്കും പോലും തണുപ്പുള്ളത് പോലെ. പലതും ആശിച്ച്, എന്നാൽ സ്വയം ആശ്ലേഷിച്ച് രാഹുൽ കിടന്നു.


ഉറക്കം വരുന്നില്ല; കൊതുക്. ഇന്നിനി ഒരങ്കത്തിനില്ല; ക്ഷമിച്ചിരിക്കുന്നു; വേണ്ടത് കുടിച്ചിട്ട് പോട്ടെ. ഒരു ദിവസം അങ്ങനെ പോയി. പിറ്റേ ദിവസവും അവൾ വന്നു; രാഹുൽ വീണ്ടും ക്ഷമിച്ചു; പുതപ്പിൽ ചോര പറ്റിക്കണ്ട എന്നു വിചാരിച്ചിട്ടാണ്. മൂന്നാം ദിവസവും അവൾ രക്തദാഹിയായി വന്നു. ഇത്തവണ ഏറ്റുമുട്ടാൻ തന്നെയാണ് രാഹുലിന്റെ തീരുമാനം. വെളിച്ചത്തിന്റെ ആനുകൂല്യം വേണ്ടെന്നു വച്ച് രാഹുൽ ശത്രുസംഹാരത്തിന് തയ്യാറെടുത്തു. കനത്ത പോരാട്ടം തന്നെയാണ് പിന്നീടുള്ള അഞ്ച് മിനുട്ട് കാണികളില്ലാതെ അരങ്ങേറിയത്. അന്തിമ വിജയം രാഹുലിന് തന്നെ. അവസാന നിമിഷം, എന്നാൽ മത്സരത്തിലാദ്യമായ് തന്റെ വിശാലമായ കൈപ്പത്തിയുടെ പ്രഹരം കൊതുകിനേറ്റതായി രാഹുലിന് മനസ്സിലായി. ശത്രുവിന്റെ നിശ്ചലമായ ശരീരവും ചോരക്കളമായ കൈപ്പത്തിയും നാളെ വൃത്തിയാക്കാമെന്ന് മനസ്സിൽ പറഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ അയാൾ പുതപ്പിനടിലേക്ക് കയറി.



ഭാഗം 2: മശകം - ദ ലൈഫ്


കാറ്റത്ത് പാറിപ്പോയേക്കാവുന്ന ഒരു ജഡത്തിന് വേണ്ടി മെനക്കെടേണ്ട. രാഹുൽ തന്റെ ഏകാന്തതയുടെ മറ്റൊരു ദിവസത്തിലേക്ക് കടന്നു. ആളുകൾ കല്യാണം കഴിക്കുകയും കഴിപ്പിച്ചു കൊടുക്കുകയും ചെയ്യുന്ന ഒരു സാധാരണ ദിവസം തന്നെയായിരുന്നു അത്. എല്ലാവിധ ക്ഷണങ്ങളും ഒരേ വിധത്തിൽ നിരസിച്ച് കൊണ്ടും ചിത്രങ്ങളിൽ അയവിറക്കിക്കൊണ്ടും രാഹുൽ അന്ന് രാത്രിയോടെ ഉറക്കത്തിലേക്ക് വഴുതി വീണു.

നവ്യാ നായരുമായുള്ള വിവാഹം കഴിഞ്ഞ് പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ട് നടക്കുകയാണ്. സ്വപ്ന നായികമായുമായുള്ള നർമ സംഭാഷണങ്ങളും കാൻഡിഡ് പൊട്ടിച്ചിരികളുമാണ് സീൻ. ഒരു പാട് റീടേക്കു കൾ. നീളൻ ഡയലോഗുകൾ. വാക്കുകൾ ഒന്നും വ്യക്തമല്ല. ഓരോ മൂളലുകൾ പോലെ.

പോകെ പോകെ മൂളലുകൾ തീവ്രമായി. അലോസരമായി. യാഥാർത്ഥ്യമായി. ജീവിതമായി.