മഴയില്ലെങ്കിലും ഒരു നനവ് തോന്നുന്നു;
ഓർമയുടെ കുളിരാവാം,
ഒരിളം കാറ്റിൻ്റെ തലോടലാവാം.
വരികളില്ലാത്തൊരീണം കേൾക്കുന്നു;
ഹൃദയം തുടിച്ചതാവാം,
ഒരാളെന്നെയോർത്തതാവാം.
മിഴിപ്പൂട്ടിനുള്ളിൽ മുഖങ്ങൾ തെളിയുന്നു;
കാണാൻ കൊതിച്ചതാവാം,
മനസ്സെന്തോ തിരഞ്ഞതാവാം.
ഉണരാനായുറങ്ങുവാൻ തോന്നുന്നു;
എൻ്റെ നെടുവീർപ്പാവാം,
നാളേക്കൊരു കരുതലാവാം.
ഈ രാവിൽ ഒരു നിറവ് തോന്നുന്നു;
വികലമായൊരു നിനവാവാം,
വീടൊഴിഞ്ഞൊരു വിഷാദമാവാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ