പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

14 ഡിസംബർ, 2020

പോസിറ്റീവ് വൈബ്സ്

സമയം രാത്രി 8 മണി. അഭി ഹമീദ്ക്കാന്റെ ബിരിയാണിക്കട ലക്ഷ്യമാക്കി നടന്നു. മാനേജർ എല്ലാവരുടെയും മുന്നിൽ വച്ച് ചൂടായതിന്റെ ഭാരം എവിടെയെങ്കിലും ഇറക്കി വയ്ക്കണം. GMന് കംപ്ലയ്ന്റ് ചെയ്തതിന് അയാൾ കരുതിക്കൂട്ടിച്ചെയ്തതാണ്. ഇന്നലെത്തന്ന വർക്കും ഇന്നത്തെ മീറ്റിംഗും അയാളുടെ പ്ലാനായിരുന്നു. അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു ബീഫ് ബിരിയാണിയാണ് ഏറ്റവും നല്ല പ്രതിവിധിയെന്ന് അഭിക്കു തോന്നി. 

ഒരു വശത്ത് കലപില കൂട്ടുന്ന വണ്ടികൾ കെട്ടിക്കിടന്നു. മറുവശത്ത് അനാഥരായ ഒരു അമ്മയും കുഞ്ഞും തന്നെ നോക്കി ഹായ് പറഞ്ഞു. തിരക്കുപിടിച്ച ഈ ലോകത്ത് തനിക്ക് നന്മയുടെ നറുപുഞ്ചിരി സമ്മാനിച്ച അവർക്ക് ഒരു ചിരിയും ഹായ്യും കൊടുത്ത് അഭി മുന്നോട്ട് നടന്നു.

'അനാഥരായ ഒരു അമ്മയും കുഞ്ഞും തന്നെ നോക്കി ഹായ് പറഞ്ഞു'!! വെയ്റ്റ്! അങ്ങനെ വരാൻ വഴിയില്ലല്ലോ. അഭി തിരിഞ്ഞു നോക്കി. 

ഓ നോ. അവർ എല്ലവർക്കും ഹായ് കൊടുക്കുന്നുണ്ട്. അബദ്ധം പറ്റി. അവർ ഹായ് കൊടുക്കുന്നതല്ല.  യാചിക്കുകയാണ്. ഛെ!അഭിക്ക് ലജ്ജ തോന്നി. അവർക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു. തിരിഞ്ഞ് നടക്കാനുള്ള മടി കൊണ്ടും ബിരിയാണി കഴിച്ച് തിരിച്ചു വരുമ്പോൾ കൊടുക്കാമെന്നോർത്തു കൊണ്ടും അഭി നടപ്പ് തുടർന്നു. റോഡ്‌ നിമിഷാർധങ്ങളിൽ വണ്ടികളാൽ നിറഞ്ഞും ഒഴിഞ്ഞും കിടന്നു. ഇത്തവണ ഒരു വൃദ്ധൻ തനിക്ക് ഹായ് തരുന്നത്അ ദ്ദേഹത്തിനടുത്തെത്തുന്നതിന് മുൻപേ അഭി തിരിച്ചറിഞ്ഞു. പാവം മനുഷ്യൻ. കാവി മുണ്ട് മൂടിയ ശരീരത്തിൽ തിളങ്ങുന്ന രണ്ട് കണ്ണുകൾ മാത്രമാണ് അദ്ദേഹത്തിന് അഭിമാനിക്കാനുള്ളത്. തനിക്കിന്ന് മോശം ദിവസമാണെന്നത് കൊണ്ട് ഈ മനുഷ്യൻ ഇന്ന് പട്ടിണി കിടക്കാൻ പാടില്ല. പുതിയ ഇന്ത്യയുടെ പുത്തൻ അമ്പതു രൂപാ നോട്ട് അഭി വൃദ്ധന്റെ കയ്യിൽ വച്ച് കൊടുത്തു. അമ്പതു രൂപയ്ക്കുള്ള കാരുണ്യം താനിതുവരെ ആരോടും കാണിച്ചിട്ടില്ല. ചാരിതാർത്ഥ്യത്തോടെ അഭി തന്റെ ലക്ഷ്യത്തോടടുത്തു. 


 ബീഫ് ബിരിയാണിക്ക് ഒരിക്കലുമില്ലാത്ത സ്വാദുളളതായി അഭിക്ക് തോന്നി. ഹമീദ്ക്കാന്റെ കയ്യിൽ കാശ് കൊടുത്തിറങ്ങുമ്പോൾ അഭിക്ക് മുൻപു കണ്ട അമ്മയെയും കുഞ്ഞിനെയും ഓർമ്മ വന്നു. ആ അമ്മയ്ക്കും കുഞ്ഞിനും എന്തെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ ഈ ദിവസം ധന്യം. ഒരു അമ്പതു രൂപാ നോട്ടുകുടി കയ്യിലെടുത്തു വച്ചു. ഇതൊരു മാറക്കാനാവാത്ത രാത്രിയാകുമെന്ന് ആരോ അഭിയുടെ ചെവിയിൽ മന്ത്രിച്ചു കൊണ്ടേയിരുന്നു. ഓഫീസിലുണ്ടായ സംഭവങ്ങളൊക്കെ അഭി ഇതിനോടകം മറന്നു കഴിഞ്ഞിരുന്നു. അമ്മയെയും കുഞ്ഞിനെയും കണ്ട സ്ഥലം ലക്ഷ്യമാക്കി അഭി നടന്നു. വേദിയിലും പരിസരങ്ങളിലും അന്വേഷിച്ചു. അവരെ കാണാനില്ല. ആ അമ്മയും കുഞ്ഞും ഈ നേരം കൊണ്ട് അപ്രത്യക്ഷമാകുമെന്ന് അഭി തീരെ പ്രതീക്ഷിച്ചിരുന്നില്ല. ആ സഹായം അപ്പോഴേ ചെയ്യേണ്ടതായിരുന്നെന്ന് അഭി തന്നോട് തന്നെ പറഞ്ഞു. 

ചിലപ്പോൾ അവർ ഒരു നിമിത്തമായിരിക്കാം. തന്റെ സഹായം വേണ്ടിയിരുന്നത് ആ വൃദ്ധനായിരിക്കാം. താൻ ആ വൃദ്ധനോട് കാണിച്ച കാരുണ്യം ഈശ്വരന്റെ പദ്ധതിയായിരിക്കാം. അങ്ങനെയൊക്കെ ചിന്തിച്ച് താൻ കൂടുതൽ പോസിറ്റീവായി മാറുന്നത് അഭിക്ക് അനുഭവിക്കാൻ കഴിഞ്ഞു. നടത്തം തുടർന്ന ആ ചെറുപ്പക്കാരൻ തന്റെ മുറിയും താങ്ങി നിൽക്കുന്ന പഴയ കെട്ടിടത്തിലേക്ക് തിരിഞ്ഞു. 

തന്റെ മുറിയിലേക്കുള്ള ചവിട്ടുപടി കേറുമ്പോൾ താഴെ ഇരുട്ടിൽ ആരോ പിറുപിറുക്കുന്നത് അഭി കേട്ടു. സുക്ഷിച്ചു നോക്കിയപ്പോൾ അരണ്ട വെളിച്ചത്തിൽ താൻ മുൻപു കണ്ട കാവി മുണ്ട് അനങ്ങുന്നത് അഭി ദർശിച്ചു. ഇത്രയും കാലം ഈ മനുഷ്യൻ എന്റെ മുറിയുടെ താഴെയാണ് കഴിഞ്ഞിരുന്നതെന്ന് അഭിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. താൻ നന്നാവാൻ വൈകിപ്പോയോ എന്നൊരു കുറ്റബോധം അഭിയെ വേദനിപ്പിച്ചു. പെട്ടെന്ന് അശരീരി കണക്കെ ഗ്രാമർ എന്തെന്നറിയാത്ത കുറേ ഇംഗ്ലീഷ് വാക്കുകൾ  ആ ഇരുട്ടിൽ നിന്നുമുയർന്നു. മദ്യ-മൂത്ര മിശ്രിതത്തിന്റെ ഗന്ധം പരന്നു. തന്റെ പുത്തൻ അമ്പതു രൂപ ബീവറേജിലെ മുഷിഞ്ഞ നോട്ടുകൾക്കിടയിൽ കിടക്കുന്നത് അഭിക്ക് കാണാൻ കഴിഞ്ഞു. കാലിനടിയിൽ നിന്ന് മണ്ണൊലിച്ചു പോകുന്നത് പോലെ. തന്റെ പോസിറ്റിവിറ്റി പൂജ്യത്തിലെത്തിയത് പോലെ. ഈശ്വരന്റെ സംവിധാനമെങ്കിലും, വൃദ്ധമഹാന്റെയാണ് തിരക്കഥയെന്ന് അഭി പതിയെ തിരിച്ചറിഞ്ഞു. ബോധമുണ്ടായിരുന്നെങ്കിൽ അയാളോട് രണ്ട് ഡയലോഗ് പറയാമായിരുന്നു. നഷ്ടപ്പെട്ട ഭാരം വീണ്ടു കിട്ടിയിരിക്കുന്നു. ബാക്കി പടികൾ കയറുമ്പോൾ തന്റെ മാനേജരുടെ ശബ്ദവും ഈ വൃദ്ധന്റെ ശബ്ദവും ഒന്നായി മാറുന്നതു പോലെ അഭിക്കു തോന്നി.  കാരണം രണ്ടും അഭിക്ക് മനസ്സിലായിരുന്നില്ല. 

മൂഡ് പിന്നെയും പോയി!

17 ജൂലൈ, 2020

പേര് കിട്ടിയില്ല!



നാലാമത്തെ ഇന്റർവ്യൂ ആണ് കയ്യീന്ന് പോകുന്നത്. നാളെ നാട്ടുകാരോട് എന്തു സമാധാനം പറയും എന്നാലോചിച്ച് ജോണിക്കുട്ടി ഉറങ്ങാൻ കിടന്നു. വലത്തെ സൈഡിലെ ജനാലയിൽ ഇല്യൂമിനേഷൻ ഇട്ട ആകാശം. ഇടത്തേ സൈഡിൽ കൂർക്കംവലിയിൽ ഭാവി വാഗ്ദാനമായ അനിയൻ. ഇതിലൊന്നും താൽപര്യമില്ലാത്ത കഥാനായകൻ ഒരോ ഇലയനക്കൾക്കും കാതുകൂർപ്പിച്ചു. സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയിൽ കരിയിലകൾ അമരുന്ന ശബ്ദം. കള്ളനാണോ? അല്ല, വീടിന്റെ പിറകിലെ കൊക്കോമരത്തിൽ നിന്നാണെന്ന് തോന്നുന്നു. മരപ്പട്ടിയാവും! ഇന്നുവരെ ഒന്നിനെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഉറക്കം വരാത്ത സ്ഥിതിക്ക് ഒരു ആഗ്രഹ പൂർത്തിയാവാം. ശബ്ദമുണ്ടാക്കാതെ ജോണിക്കുട്ടി അടുക്കള വാതിൽ തുറന്നു. കൊക്കോയിൽ നിന്ന് ഇപ്പോഴും ശബ്ദം കേൾക്കാം. മുറ്റം കഴിഞ്ഞ് അലക്ക്കല്ല്, അതിന്റെ തൊട്ടടുത്താണ് വേദി. ചിത്രങ്ങളിൽ കണ്ടതുപോലെയുള്ള ഒരു മരപ്പട്ടിയെ മനസ്സിൽ ധ്യാനിച്ച് മരച്ചുവട്ടിലെത്തി. ആവശ്യഘട്ടങ്ങളിൽ ഒരായുധമായും ഉപയോഗിക്കാവുന്ന ഗൾഫ് മാമന്റെ ടോർച്ച് മിന്നി.
കാൺമാനില്ല. ജോണിക്കുട്ടി എല്ലാ കൊമ്പിലും ടോർച്ചടിച്ചു. എവിടെയുമില്ല. ഹോളിവുഡ് ഹോറർ സിനിമകളെ ഓർമ്മിപ്പിക്കും വിധം മാമന്റെ ടോർച്ച് പെട്ടെന്ന് കണ്ണടച്ചു. കനത്ത ഇരുട്ടും നിശബ്ദതയും തണുപ്പും ജോണിക്കുട്ടിയെ ഒരുമിച്ച് വളഞ്ഞു. കൂടെയുണ്ടാകുമെന്ന് കരുതിയ ധൈര്യം കൈലി മുണ്ടിന്റെ മടക്കിലൊളിച്ചു.

ജോണിക്കുട്ടിക്ക് ഓടാനുള്ള സീനാണിപ്പോൾ. ജോണിക്കുട്ടി ഓടിയില്ല. തന്റെ തോളിൽ ചൂടുള്ള കൊക്കോക്കുരുക്കൾ വീഴുന്നത് അവനറിഞ്ഞു. ജോണിക്കുട്ടി ഓടിയില്ല. കാഷ്ഠത്തിന്റെ കെട്ടവാസന മൂക്കിലെത്തിയപ്പോൾ സ്ഥലകാലബോധം വീണ്ടെടുത്ത് ജോണിക്കുട്ടി ടോർച്ച് തെളിക്കാൻ ഒന്നുകൂടി ശ്രമിച്ചു. മാമൻ ചതിച്ചിട്ടില്ല, ടോർച്ച് ചിരിച്ചു. നേരെ മുകളിലതാ, ഒരു മരപ്പട്ടി മുഴുവനായി നിൽക്കുന്നു!
ആശ്ചര്യം ഒരു ദുരന്തമാകാൻ അധികം വേണ്ടി വന്നില്ല. ജോണിക്കുട്ടി നോക്കിനിൽക്കേ ആ മരപ്പട്ടി ഒരു ഭീകരസത്വമായി താഴേക്ക് കുതിച്ചു. ബോധം പോകുന്നതിന് മുൻപ് തന്റെ തുടയിൽ രണ്ട് പല്ലുകളാഴ്ന്നിറങ്ങുന്നത് ജോണിക്കുട്ടി അറിഞ്ഞു. 

അതിൽ പിന്നെ രാത്രിയിൽ ജോണിക്കുട്ടിക്ക് ഉറക്കം വന്നിട്ടില്ല. ശരീരത്തിൽ മൊത്തമൊരസ്വസ്ഥത. തടി നല്ലപോലെ കുറഞ്ഞു. കാലിലെ ഞരമ്പുകൾ തെളിഞ്ഞു വന്നു. വീട്ടുകാർക്കും എന്തോ അപകടം മണത്തു. പേപ്പട്ടി വിഷത്തിനുള്ള ഇഞ്ചക്ഷൻ കൊണ്ടൊന്നുമായില്ല. ആയുർവ്വേദ ചികിത്സ നോക്കാം എന്ന് വീട്ടുകാർ തീരുമാനിച്ച ഒരു വൈകുന്നേരം അവിചാരിതമായി വീട്ടിലെ തേങ്ങയുടെ സ്റ്റോക്ക് തീർന്നു. അടിയന്തിര ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ചെറിയ തെങ്ങിൽ നിന്ന് പറിക്കണം. അനിയൻ തോട്ടിയെടുക്കാൻ പോയ സമയം ജോണിക്കുട്ടിക്ക് തെങ്ങിലേക്ക് വല്ലാത്തൊരു ആകർഷണം അനുഭവപ്പെട്ടു. അമ്മയുടെ തോളിൽ അള്ളിപ്പിടിക്കുന്ന കുഞ്ഞിന്റെ വ്യഗ്രതയോടെ ജോണിക്കുട്ടി തെങ്ങിന്റെ മുകളിലേക്ക് പാഞ്ഞുകയറി. ഒരു കുല മുഴുവൻ പറിച്ചു താഴെയിട്ടു. താഴെയിറങ്ങാൻ നോക്കുമ്പോഴതാ ചുവന്ന നെക്ക് ലേസിട്ട ഒരു കവുങ്ങ് മാടിവിളിക്കുന്നു. ജോണിക്കുട്ടി ഒറ്റച്ചാട്ടത്തിന് കവുങ്ങിലേക്ക്. ഇടത്തേ ത്തോളിൽ തേങ്ങാക്കുലയും വലത്തേക്കൈയിൽ അടക്കാക്കുലയുമായി സ്ലോ മോഷനിൽ അടുക്കളമുറ്റത്തെത്തുമ്പോൾ, തന്റെ ശരീരത്തിലെന്താണ് സംഭവിച്ചതെന്ന് ജോണിക്കുട്ടിക്ക് ഏറെക്കുറെ മനസ്സിലായി.
പിറ്റേന്ന് പോലീസ് കോൺസ്റ്റബിളായ അപ്പന്റെ ഫോണിലേക്ക്, തെങ്ങിന്റെ മുകളിൽ കുടുങ്ങിയ ചെത്തുകാരനെ രക്ഷിക്കണമെന്നൊരു കോൾ!
ആവേശം തുടിക്കുന്ന ഒരു പശ്ചാത്തല സംഗീതം പരന്നു.
ഈ നാട്ടുകാരുടെ മുന്നിൽ ഒരു അവതാര പിറവിക്ക് സമയമായിരിക്കുന്നു.
ജോണി ഒരു സൂപ്പർ ഹീറോയായിരിക്കുന്നു!!

കാസെറ്റ് വലിഞ്ഞതുപോലെ ബിജിഎം പെട്ടെന്ന് നിശ്ചലമായി! ഒരു ഗുരുതര പ്രതിസന്ധി. സൂപ്പർഹീറോയെ എന്ത് പേര് വിളിക്കും?!

ജോണിക്കുട്ടിക്ക് അപ്പോഴാണ് ഉറക്കം തെളിഞ്ഞത്. നല്ല പരിചയമുള്ള നാറ്റം. കൊക്കോമരത്തിന്റെ ചുവട്ടിൽത്തന്നെ. വെളിച്ചം വീഴുന്നേ ഉള്ളു. കുളിച്ച് കട്ടിലിൽ കിടന്നു. പക്ഷേ മനസ്സിലിപ്പോഴും ഒരു പിടച്ചിൽ. നല്ലൊരു പേര് ഇതുവരെ ആലോചിച്ചിട്ട് കിട്ടിയില്ല!!

സുമേഷിന്‍റെ സ്വഭാവദൂഷ്യങ്ങൾ

സുമേഷ് ഒരു പാവമായിരുന്നു. അദ്ദേഹത്തിന് ഒരു റൂം മേറ്റുണ്ടായിരുന്നു. അന്യദേശക്കാരൻ. സുമേഷിന്റെ മാതൃഭാഷ റൂം മേറ്റിന് അന്യമായിരുന്നെങ്കിലും, അന്യദേശക്കാരന്റെ മാതൃഭാഷ പ്ലസ്ടുവിന് സെക്കന്റ് ലാംഗ്വേജായി പഠിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ എല്ലാ സംസാരങ്ങളും സുമേഷിന് മനസ്സിലായിരുന്നു. 

പറയത്തക്ക ദുശ്ശീലങ്ങളൊന്നുമില്ലാത്ത ഒരു ശുദ്ധനായിരുന്നു റൂം മേറ്റ്. സുമേഷിന്റെ ഭാഗ്യം! പോരാത്തതിന് സുമേഷിനെ പോലൊരു റൂം മേറ്റിനെയാണ് അന്യദേശക്കാരനും ആഗ്രഹിച്ചിരുന്നത്. രണ്ടു പേർക്കും സന്തോഷം.

സുമേഷ് രാത്രി വൈകിയാണ് ഉറങ്ങിയിരുന്നത്. യൂ ട്യൂബ് വീഡിയോകളോ ഇംഗ്ലീഷ് പ്രീമിയർ ലീഗോ സുമേഷിന്റെ ഉറക്കം രാത്രി ഒരു മണി, രണ്ടു മണി വരെയൊക്കെ നീട്ടിക്കൊണ്ടു പോയിരുന്നു. ഈ സമയമത്രയും റൂമിലെ ലൈറ്റ് ഓഫ് ചെയ്യാറുണ്ടായിരുന്നില്ല. റൂം മേറ്റ് ഉറക്കം വരുമ്പോൾ ഓഫ് ചെയ്തു കൊള്ളുമെന്ന് സുമേഷ് കരുതിയിരുന്നു. എന്നാൽ അതുണ്ടായില്ല. എത്ര വെട്ടമുണ്ടെങ്കിലും ഉറങ്ങാൻ കഴിയുന്ന അനന്യസാധാരണനായിരുന്നു ഈ റൂം മേറ്റ്. എങ്കിലും ലൈറ്റ് ഓണാക്കിയിട്ട് തന്റെ റൂം മേറ്റിനെ വേദനിപ്പിക്കണ്ടെന്ന് സുമേഷിന് തോന്നി. (അയാൾ തന്നെ പറ്റി എന്തു വിചാരിക്കും, തന്റെ നാട്ടുകാർ മുഴുവൻ മോശക്കാരാണെന്ന് ചിന്തിക്കില്ലേ..!!) സ്വയം നന്നാവാനും ഇതാണ് നല്ലതെന്ന് ചിന്തിച്ച് പിന്നീടുള്ള ദിവസങ്ങളിൽ സുമേഷ് നേരത്തെ കിടന്നുറങ്ങാൻ തീരുമാനിച്ചു.

പതിനൊന്ന് മണിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല. ഹല്ലാ, തുടങ്ങിയല്ലേ ഉള്ളു, രണ്ടു ദിവസം കൊണ്ട് ശരിയായേക്കും. ശരിയായി. ഇപ്പോൾ നല്ല ഉറക്കം കിട്ടുന്നുണ്ട്. അതിനു ശേഷം സുമേഷിന്റെ റൂം മേറ്റാണ് വൈകിയുറങ്ങുന്നത്. അതേസമയം, നേരത്തേ തന്നെ ലൈറ്റ് ഓഫ് ചെയ്യാൻ സുമേഷും മുൻകൈയ്യെടുത്തു. ഒരു തുള്ളി ലൈറ്റുണ്ടെങ്കിൽ പോലും സുമേഷിന് ഉറങ്ങാൻ കഴിയുമായിരുന്നില്ല. പ്രീമിയർ ലീഗായിരുന്നു സുമേഷിന്റെ വീക്ക്നെസ്സെങ്കിൽ മൊഴിമാറ്റം നടത്തിയ അന്യഭാഷാചിത്രങ്ങളായിരുന്നു റൂം മേറ്റിന് ഹരം. പക്ഷേ, ഒരു പ്രശ്നം. അദ്ദേഹത്തിന് ഇയർഫോൺ വെക്കുന്ന ശീലം തീരയില്ലായിരുന്നു. റൂം മേറ്റ് ഉറങ്ങുന്നതു വരെ     ഐറ്റം ഡാൻസ് സോങ്ങുകളും ഹീറോയുടെ മാസ് ഡയലോഗുകളും ഹീറോയിന്റെ കരച്ചിലുകളും ആ മുറിയുടെ ചുവരുകളെ പ്രകമ്പനം കൊള്ളിച്ചു. ആദ്യമൊക്കെ ഇയർഫോൺ ഉപയോഗിക്കാൻ സുമേഷ് അഭ്യർത്ഥിച്ചിരുന്നു. എല്ലാ ദിവസവും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പിന്നെ സുമേഷിന്റെ ഉളുപ്പ് ഇടപെട്ട് അവനെ ആ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ചു. സുമേഷിന് എന്നെന്നേക്കുമായി ഉറക്കം നഷ്ടപ്പെട്ടു.

ഇതിനിടയിൽ ഉറക്കം വരാൻ സുമേഷ് പരീക്ഷിച്ച ഒരു പാട് പദ്ധതികൾ നിർദ്ദയം പരാജയപ്പെട്ടിരുന്നു. യൂട്യൂബിലെ താരാട്ടുപാട്ടുകൾ, നൂറു തൊട്ട് പൂജ്യം വരെയെണ്ണൽ, പകൽ ആവശ്യത്തിൽ കൂടുതൽ ശാരീരികാദ്ധ്വാനം... ഒന്നും വേണ്ടത്ര ഫലം കണ്ടില്ല. മാത്രമല്ല, പഴയ രണ്ടു മണി ഉറക്കത്തിലേക്ക് തിരിച്ചു പോകുമെന്ന അവസ്ഥയുമായി.

ക്ഷമയുടെ നെല്ലിപ്പലക കണ്ടു നിന്നിരുന്ന സുമേഷിന് ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. റൂം മേറ്റിന് ട്രാൻസ്ഫർ കിട്ടി, വെക്കേറ്റ് ചെയ്യുവാണ്. സുമേഷ് ആവേശത്തോടെ അന്യദേശക്കാരനെ യാത്രയാക്കി. പോവുമ്പോൾ ആ മനുഷ്യന് സുമേഷിനെ പറ്റി പറയാൻ നല്ലതുമാത്രമേ ഉണ്ടായിരുന്നുള്ളു. ഉറക്കം നഷ്ടപ്പെടുന്നതുവരെയുള്ള കാലയളവിൽ സുമേഷിനും അയാളെപ്പറ്റി നല്ലതേ പറയാനുണ്ടായിരുന്നുള്ളു.

രണ്ടു ദിവസം കഴിഞ്ഞാൽ പുതിയ റൂം മേറ്റ് വരും. ഇത്തവണയും ഒരന്യദേശക്കാരനാണ്.
സുമേഷിന്റെ മനസ്സിൽ ഇപ്പോൾ ഒരൊറ്റ ചിന്തയേ ഉള്ളൂ, "ഏത് @@മ®നായാലും കൊള്ളാം, ഉറക്കം കളഞ്ഞാൽ എന്റെ സ്വഭാവം മാറും!".

സുമേഷ് ശരിക്കും പാവമായിരുന്നു. പക്ഷേ ഉറക്കം കിട്ടാതെ വരുമ്പോൾ ആളുകളുടെ സ്വഭാവം മാറുന്നത് എന്ത് കഷ്ടമാണ്.

ഒരു ഗവേഷകന്‍റെ ചാപല്യങ്ങൾ

ഇന്ന് ബുധനാഴ്ചയായി. തിങ്കളാഴ്ച കയ്യിൽ കിട്ടിയ *പേപ്പറാണ്. ഇതുവരെ ആദ്യ പേജ് വായിച്ചു കഴിഞ്ഞിട്ടില്ല. ഒന്നുകൂടി മുഴുവൻ ഓടിച്ചു നോക്കി. പത്തു പതിനഞ്ചു തവണ വായിച്ചു തുടങ്ങിയതാണ്, എങ്കിലും ഇപ്പോഴും പുതിയതു പോലെ തന്നെ. അതേ വിരസത, അതേ മനസ്സിലാകായ്ക. ഏതോ പ്രബുദ്ധ ജേർണലിൽ പ്രസിദ്ധീകരിച്ചതാണ്. ഇപ്പോഴാണ് അതിന്റെ ഭംഗിയൊക്കെ നോക്കുന്നത്.കോളം തിരിച്ച് എഴുതിയിട്ടുണ്ട്. ചിത്രങ്ങളൊക്കെ ഒന്നിനൊന്നു മെച്ചം. 

'ഇൻട്രോഡക്ഷൻ' ഇനിയും വായിച്ചു തീർന്നിട്ടില്ലെന്ന ഓർമ്മ വന്ന് വീണ്ടും വായനയിലേക്ക്. ഇന്ന് ഇത് തീർക്കണം. ഒരു പേപ്പർ കൂടി വായിക്കാനുണ്ട്. അതും ഇന്ന് തീർക്കണം. 

വീണ്ടും വായന ആരംഭിച്ചപ്പോഴാണ്, അല്ലെങ്കിലും ഈ 'ഇൻട്രോഡക്ഷൻ' വായിച്ചിട്ട് കാര്യമില്ല, 'റിസൾട്ട്സ് ആൻഡ് ഡിസ്കഷനാ'ണ് വായിക്കേണ്ടത് എന്നൊരു ഉൾവിളി കിട്ടിയത്. ഹാവൂ! രണ്ട് പേജ് മുന്നിലെത്താം. മൂന്നാം ദിവസം വലിയ മുന്നേറ്റം തന്നെയാണ് നടത്തുന്നത്. മൗസ് സ്ക്രോൾ ചെയ്ത് പേജുകൾ മുന്നോട്ട്. പരിചയമുള്ളൊരു 'ടേബിൾ' കണ്ണിൽ പെട്ടു. ചില വാക്കുകൾക്ക് സംക്ഷിപ്തരൂപങ്ങളാണ് കൊടുത്തിട്ടുള്ളത്. അതുകൊണ്ട് ഒന്നും വ്യക്തമായില്ല. 'റിസൾട്ട്സ് ആൻഡ് ഡിസ്കഷൻ' ഇരുത്തി വായിക്കാം. ഒന്നുമല്ലെങ്കിലും രണ്ട് പേജ് ചാടിക്കടന്നതല്ലേ, ഈ പുതിയ സെക്ഷൻ തൊട്ട് തുടങ്ങാം. 


എവിടെ! പുതിയ സെക്ഷനെവിടെ! ഒരു പാരഗ്രാഫിന്റെ തുടക്കം പോലും കാണാനില്ല. ശെടാ! 

ഭംഗിയുണ്ടെന്ന് കണ്ടപ്പോഴെ, ഒരു പന്തികേട് തോന്നിയതാ. ഇനിയിപ്പോ എവിടുന്ന് തുടങ്ങും? മൗസ് വീണ്ടും സ്ക്രോൾ ചെയ്തു. ഒരു പേജ് പിറകോട്ട് പോയി. ഒരു തലക്കെട്ടും കാണാനില്ല. വീണ്ടും സ്ക്രോൾ ചെയ്തു. ഇൻട്രോഡക്ഷനെന്ന് കരുതിയ ആദ്യ പേജിൽ തിരിച്ചെത്തി. അവിടെ ഇൻട്രോഡക്ഷൻ എന്ന് പോലും കൊടുത്തിട്ടില്ലെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്. പേപ്പറല്ല, അതൊരു നോവലാണെന്നാ തോന്നുന്നത്. ആദ്യം മുതൽ ഒന്നുകൂടി വായിക്കേണ്ടിവരും. ശ്ശെ! മൂഡ് പോയി! ക്രോം തുറന്ന് പുതിയ ടാബ് എടുത്തു. യൂട്യൂബ് തുറന്നപ്പോഴതാ കരിക്കിന്റെ പുതിയ എപ്പിസോഡ്. ഇപ്പോ കുറച്ച് ആശ്വാസമൊക്കെ തോന്നുന്നുണ്ട്....

ഒരു വായിനോക്കിയുടെ ദിനവൃത്താന്തങ്ങൾ

സുന്ദരിയാണ്. കറുത്തിട്ടാണ്. ഹാവൂ! കോംപറ്റീഷൻ കുറയും. കാന്റീനിൽ വരുമ്പോഴൊക്കെ ഞാൻ മാത്രമേ അവളെ നോക്കാറുള്ളെന്നാണ് തോന്നുന്നത്. ബാക്കിയെല്ലാർക്കും അവളുടെ കൂട്ടുകാരെ മതി. എല്ലാ ദിവസവും അറ്റൻഡൻസ് എടുക്കും. ഇടയ്ക്കിടയ്ക്ക് ഒളികണ്ണിട്ട് ഉണ്ടെന്ന് ഉറപ്പു വരുത്തും. ഇതൊരു പതിവായിരിക്കെ ഒരിക്കൽ ഒരു ചായക്കടയിൽ വച്ചു കണ്ടു. ഒരുവട്ടം കണ്ണുകളിടഞ്ഞു. അടിവയറ്റിൽ ഷോക്കടിച്ചു! ചായ ചുണ്ടോടടുപ്പിക്കെ അവൾ ചെവിക്കു മുകളിലൂടെ ചുരുളൻ മുടി ഒതുക്കിവച്ചു. താഴെ തുഴയെറിയുന്ന വെള്ളിക്കമ്മൽ. വരുമെന്ന് പ്രതീക്ഷിച്ചിരുന്ന പുളകം കയ്യിലെ ചരടുകണ്ടപ്പോൾ പിൻവലിഞ്ഞു. ഹിന്ദുവാണ്. ശ്ശൊ! പ്രതീക്ഷകൾക്കു മങ്ങലേറ്റിരിക്കുന്നു. 

പിന്നീടാലോചിച്ചപ്പോൾ എന്നിലെ വർഗീയ വാദിയോട് എനിക്ക് പുച്ഛം തോന്നി. അതത്ര സാരമില്ല. തുടരാം. പതിവുകൾ തിരിച്ചുവന്നു. അങ്ങനെയിരിക്കെ വീണ്ടും ചായക്കടയിൽ കണ്ടുമുട്ടി. കണ്ടുമുട്ടിയില്ല, കുറച്ചു കൂടി അടുത്തു കിട്ടി. ശബ്ദം അവ്യക്തമായി കേൾക്കാം. കിളിനാദം. ആശ്വാസദായകം. ഫോണിലാണ് സംസാരിക്കുന്നത്. തികഞ്ഞ മെയ് വഴക്കത്തോടെ കുറച്ചു കൂടി അടുത്തുചെന്നു. വാക്കുകൾ ഇപ്പോൾ തെളിഞ്ഞു കേൾക്കാം. അയ്യേ! തമിഴ്! ഇതൊരു മാതിരി മറ്റേടത്തെ ഏർപ്പാടായിപ്പോയി.

വീണ്ടും നീണ്ട ചിന്തകൾ. എവിടെടോ ദേശീയബോധം? അല്ലെങ്കിലും വളയ്ക്കാനൊന്നുമല്ലല്ലോ, സൗന്ദര്യാസ്വാദനമല്ലേ, ഒരു പെണ്ണാണ്, ലേബലൊന്നും വേണ്ട. 

ആസ്വാദനശേഷി വീണ്ടെടുത്ത് പതിവുകളിലേക്ക് മടങ്ങിയെത്തി. എങ്കിലും പഴയ അത്ര പഞ്ച് പോര. പതിയെ പതിയെ ഏതോ കാക്ക ആ മാമ്പഴം കൊത്തിക്കൊണ്ടു പോയി...

വീണ്ടുമൊരു ദിവസം ചായ കുടിക്കാൻ പോയി. ഹായ്, സുന്ദരിയാണ്. മെലിഞ്ഞിട്ടാണ്. കണ്ണട വച്ചിട്ടാണ്. ഇത്തവണ കോംപറ്റീഷൻ ശരിക്കും കുറയും.....