പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

17 ജൂലൈ, 2020

പേര് കിട്ടിയില്ല!



നാലാമത്തെ ഇന്റർവ്യൂ ആണ് കയ്യീന്ന് പോകുന്നത്. നാളെ നാട്ടുകാരോട് എന്തു സമാധാനം പറയും എന്നാലോചിച്ച് ജോണിക്കുട്ടി ഉറങ്ങാൻ കിടന്നു. വലത്തെ സൈഡിലെ ജനാലയിൽ ഇല്യൂമിനേഷൻ ഇട്ട ആകാശം. ഇടത്തേ സൈഡിൽ കൂർക്കംവലിയിൽ ഭാവി വാഗ്ദാനമായ അനിയൻ. ഇതിലൊന്നും താൽപര്യമില്ലാത്ത കഥാനായകൻ ഒരോ ഇലയനക്കൾക്കും കാതുകൂർപ്പിച്ചു. സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയിൽ കരിയിലകൾ അമരുന്ന ശബ്ദം. കള്ളനാണോ? അല്ല, വീടിന്റെ പിറകിലെ കൊക്കോമരത്തിൽ നിന്നാണെന്ന് തോന്നുന്നു. മരപ്പട്ടിയാവും! ഇന്നുവരെ ഒന്നിനെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഉറക്കം വരാത്ത സ്ഥിതിക്ക് ഒരു ആഗ്രഹ പൂർത്തിയാവാം. ശബ്ദമുണ്ടാക്കാതെ ജോണിക്കുട്ടി അടുക്കള വാതിൽ തുറന്നു. കൊക്കോയിൽ നിന്ന് ഇപ്പോഴും ശബ്ദം കേൾക്കാം. മുറ്റം കഴിഞ്ഞ് അലക്ക്കല്ല്, അതിന്റെ തൊട്ടടുത്താണ് വേദി. ചിത്രങ്ങളിൽ കണ്ടതുപോലെയുള്ള ഒരു മരപ്പട്ടിയെ മനസ്സിൽ ധ്യാനിച്ച് മരച്ചുവട്ടിലെത്തി. ആവശ്യഘട്ടങ്ങളിൽ ഒരായുധമായും ഉപയോഗിക്കാവുന്ന ഗൾഫ് മാമന്റെ ടോർച്ച് മിന്നി.
കാൺമാനില്ല. ജോണിക്കുട്ടി എല്ലാ കൊമ്പിലും ടോർച്ചടിച്ചു. എവിടെയുമില്ല. ഹോളിവുഡ് ഹോറർ സിനിമകളെ ഓർമ്മിപ്പിക്കും വിധം മാമന്റെ ടോർച്ച് പെട്ടെന്ന് കണ്ണടച്ചു. കനത്ത ഇരുട്ടും നിശബ്ദതയും തണുപ്പും ജോണിക്കുട്ടിയെ ഒരുമിച്ച് വളഞ്ഞു. കൂടെയുണ്ടാകുമെന്ന് കരുതിയ ധൈര്യം കൈലി മുണ്ടിന്റെ മടക്കിലൊളിച്ചു.

ജോണിക്കുട്ടിക്ക് ഓടാനുള്ള സീനാണിപ്പോൾ. ജോണിക്കുട്ടി ഓടിയില്ല. തന്റെ തോളിൽ ചൂടുള്ള കൊക്കോക്കുരുക്കൾ വീഴുന്നത് അവനറിഞ്ഞു. ജോണിക്കുട്ടി ഓടിയില്ല. കാഷ്ഠത്തിന്റെ കെട്ടവാസന മൂക്കിലെത്തിയപ്പോൾ സ്ഥലകാലബോധം വീണ്ടെടുത്ത് ജോണിക്കുട്ടി ടോർച്ച് തെളിക്കാൻ ഒന്നുകൂടി ശ്രമിച്ചു. മാമൻ ചതിച്ചിട്ടില്ല, ടോർച്ച് ചിരിച്ചു. നേരെ മുകളിലതാ, ഒരു മരപ്പട്ടി മുഴുവനായി നിൽക്കുന്നു!
ആശ്ചര്യം ഒരു ദുരന്തമാകാൻ അധികം വേണ്ടി വന്നില്ല. ജോണിക്കുട്ടി നോക്കിനിൽക്കേ ആ മരപ്പട്ടി ഒരു ഭീകരസത്വമായി താഴേക്ക് കുതിച്ചു. ബോധം പോകുന്നതിന് മുൻപ് തന്റെ തുടയിൽ രണ്ട് പല്ലുകളാഴ്ന്നിറങ്ങുന്നത് ജോണിക്കുട്ടി അറിഞ്ഞു. 

അതിൽ പിന്നെ രാത്രിയിൽ ജോണിക്കുട്ടിക്ക് ഉറക്കം വന്നിട്ടില്ല. ശരീരത്തിൽ മൊത്തമൊരസ്വസ്ഥത. തടി നല്ലപോലെ കുറഞ്ഞു. കാലിലെ ഞരമ്പുകൾ തെളിഞ്ഞു വന്നു. വീട്ടുകാർക്കും എന്തോ അപകടം മണത്തു. പേപ്പട്ടി വിഷത്തിനുള്ള ഇഞ്ചക്ഷൻ കൊണ്ടൊന്നുമായില്ല. ആയുർവ്വേദ ചികിത്സ നോക്കാം എന്ന് വീട്ടുകാർ തീരുമാനിച്ച ഒരു വൈകുന്നേരം അവിചാരിതമായി വീട്ടിലെ തേങ്ങയുടെ സ്റ്റോക്ക് തീർന്നു. അടിയന്തിര ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ചെറിയ തെങ്ങിൽ നിന്ന് പറിക്കണം. അനിയൻ തോട്ടിയെടുക്കാൻ പോയ സമയം ജോണിക്കുട്ടിക്ക് തെങ്ങിലേക്ക് വല്ലാത്തൊരു ആകർഷണം അനുഭവപ്പെട്ടു. അമ്മയുടെ തോളിൽ അള്ളിപ്പിടിക്കുന്ന കുഞ്ഞിന്റെ വ്യഗ്രതയോടെ ജോണിക്കുട്ടി തെങ്ങിന്റെ മുകളിലേക്ക് പാഞ്ഞുകയറി. ഒരു കുല മുഴുവൻ പറിച്ചു താഴെയിട്ടു. താഴെയിറങ്ങാൻ നോക്കുമ്പോഴതാ ചുവന്ന നെക്ക് ലേസിട്ട ഒരു കവുങ്ങ് മാടിവിളിക്കുന്നു. ജോണിക്കുട്ടി ഒറ്റച്ചാട്ടത്തിന് കവുങ്ങിലേക്ക്. ഇടത്തേ ത്തോളിൽ തേങ്ങാക്കുലയും വലത്തേക്കൈയിൽ അടക്കാക്കുലയുമായി സ്ലോ മോഷനിൽ അടുക്കളമുറ്റത്തെത്തുമ്പോൾ, തന്റെ ശരീരത്തിലെന്താണ് സംഭവിച്ചതെന്ന് ജോണിക്കുട്ടിക്ക് ഏറെക്കുറെ മനസ്സിലായി.
പിറ്റേന്ന് പോലീസ് കോൺസ്റ്റബിളായ അപ്പന്റെ ഫോണിലേക്ക്, തെങ്ങിന്റെ മുകളിൽ കുടുങ്ങിയ ചെത്തുകാരനെ രക്ഷിക്കണമെന്നൊരു കോൾ!
ആവേശം തുടിക്കുന്ന ഒരു പശ്ചാത്തല സംഗീതം പരന്നു.
ഈ നാട്ടുകാരുടെ മുന്നിൽ ഒരു അവതാര പിറവിക്ക് സമയമായിരിക്കുന്നു.
ജോണി ഒരു സൂപ്പർ ഹീറോയായിരിക്കുന്നു!!

കാസെറ്റ് വലിഞ്ഞതുപോലെ ബിജിഎം പെട്ടെന്ന് നിശ്ചലമായി! ഒരു ഗുരുതര പ്രതിസന്ധി. സൂപ്പർഹീറോയെ എന്ത് പേര് വിളിക്കും?!

ജോണിക്കുട്ടിക്ക് അപ്പോഴാണ് ഉറക്കം തെളിഞ്ഞത്. നല്ല പരിചയമുള്ള നാറ്റം. കൊക്കോമരത്തിന്റെ ചുവട്ടിൽത്തന്നെ. വെളിച്ചം വീഴുന്നേ ഉള്ളു. കുളിച്ച് കട്ടിലിൽ കിടന്നു. പക്ഷേ മനസ്സിലിപ്പോഴും ഒരു പിടച്ചിൽ. നല്ലൊരു പേര് ഇതുവരെ ആലോചിച്ചിട്ട് കിട്ടിയില്ല!!

4 അഭിപ്രായങ്ങൾ: