സന്ധ്യയായി. കടൽക്കാറ്റിന് തണുപ്പായിരുന്നു. അതെന്നെ വാരിപ്പുണർന്ന് എന്റെ ചൂടും കൊണ്ട് കടന്നു കളഞ്ഞു. അൽപം ചൂടിനായി ഞാൻ മണൽത്തീരത്ത് കാലുകളാഴ്ത്തി. തീരം തന്റെ കഥ പറഞ്ഞു.
'വർഷങ്ങൾക്കു മുൻപ് ഞാനൊരു കൽത്തിട്ടായിരുന്നു. തിരയോട് മല്ലിട്ട് ജീവിച്ചു. ഒരു തോണി എന്നോട് അടുത്തു. അതൊരു തീരം തേടി വന്നതായിരുന്നു. ഞാൻ ഗൗനിച്ചില്ല. അതും തിരയോട് മല്ലിട്ടു. ഞാൻ മിണ്ടാതിരുന്നു. ഒരു സായാഹ്നത്തിൽ അതെന്നോടു ചേർന്നു. എല്ലാക്കാലവും തിരയോട് മല്ലിടാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ പൊടിഞ്ഞ് മണലായി. ഇക്കാലമത്രയും ആ തോണി എന്റെ മാറിൽ തല ചായ്ച്ചു കഴിഞ്ഞു. ഒരു രാത്രിയിൽ തിര തോണിയെയും കൊണ്ട് പോയി. ഞാൻ ഒറ്റക്കായി. നെഞ്ചിലെ ചൂടുമായി ഞാൻ കാത്തിരുന്നു. തോണി വന്നില്ല. എന്നെയും കൊണ്ട് പോകാൻ തിരയോട് പറഞ്ഞു. തിര കേട്ടില്ല. ഇപ്പോഴും കാത്തിരിക്കുന്നു. ഇനിയും കാത്തിരിക്കും. ഈ ആഴത്തിൽ ലയിക്കുന്നതു വരെ....'
തീരം പിന്നെയൊന്നും പറഞ്ഞില്ല.
തിര എന്നെ നോക്കി പല്ലിളിച്ചു, ഒരു ചിപ്പി എന്റെ കാൽചുവട്ടിൽ വച്ച് തിരിച്ച് പോയി.
ഞാനത് മണൽത്തീരത്തിന്റെ ഉള്ളം കയ്യിൽ വച്ചു കൊടുത്തു. തീരം ചിരിച്ചു.
Way to go mahn👏! Keep it up
മറുപടിഇല്ലാതാക്കൂ