'യദിഹാസ്തി തദന്യത്ര, യന്നേഹാസ്തി ന കുത്രചിൽ'.
ഡയലോഗ് കൊള്ളാമെന്ന് കരുതുന്നു.
'ഇവിടെയുള്ളത് മറ്റ് പലയിടത്തും ഉണ്ടായിരിക്കും, എന്നാൽ ഇവിടെ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടായിരിക്കുകയില്ല'.
സകലരസവികാരനിബിഡമായ ഒരു കലാലയം ബാഹ്യലോകത്തിന്റെ തനിയാവർത്തനമാണ്. ചട്ടക്കൂടിനകത്ത് നിന്ന് പുറത്തുചാടാൻ വെമ്പൽ കൊള്ളുന്ന ശ്വാനന് തുല്യരാണ് ഓരോ വിദ്യാർത്ഥിയും. ചിലത് കൂട്ടിൽ സിംഹവും, പുറത്ത് പൂച്ചയുമായിരിക്കും. ചിലത് എല്ലാമന്വേഷിച്ച്, ആസ്വദിച്ച് നടക്കും. ചുരുക്കം ചിലത് പുറത്തിറങ്ങാൻ പോലും ശ്രമിക്കാത്തവയുമായിരിക്കും. കൂട്ടിൽ അത് സുരക്ഷിതമാണ്. അതിന്റെ വിഹാരകേന്ദ്രം ആ കൂടുതന്നെ. ഇത്തരത്തിൽ അനന്യസാധാരണനായ ഒരുവന്റെ ഇരുപതു വർഷത്തെ വിശ്രുതമായ ഏകാന്ത ജീവിതത്തിലേക്ക് സ്വാഗതം. അതിൽ അവന് ഏറ്റവും ഇഷ്ടപ്പെടുന്ന അവസാന മൂന്നു സംവത്സരങ്ങളിലേക്ക് ഒരെത്തിനോട്ടം. ജനനം മുതൽക്കുള്ള പഠനത്തിനും, പ്രായപൂർത്തിക്കു ശേഷമുള്ള പ്രണയത്തിനും, തെല്ലു നേരത്തെ രാഷ്ട്രീയത്തിനും സ്വഭാവത്തിൽ കാര്യമായ മാറ്റമൊന്നും കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും കാഴ്ചപ്പാടുകൾക്ക് അഗാധമായ വ്യത്യാസം വന്നു കഴിഞ്ഞു. ഇവിടെ അധികം കുരയ്ക്കാത്ത കടിക്കാത്ത ഞാൻ എന്റെ സ്തുത്യർഹമായ സേവനം എങ്ങനെ കാഴ്ചവച്ചു എന്ന് കാണുക.
മൂന്നു വർഷം. പഠനം സാധാരണം. ആദ്യ വർഷം പ്രണയം, ഒരു തിരഞ്ഞുനോട്ടം. എടുത്തു ചാടിയ ആദർശത്തിന്റെ ആഴവും ഇരുട്ടും നാണക്കേടുമോർത്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ ഞാൻ ആദ്യ വർഷം കോളേജിനെപ്പറ്റി പഠിച്ചു. രണ്ടാം വർഷത്തിൽ പ്രണയം പാഥേയമല്ലെന്ന് മനസിലാക്കി, എന്റെ കാമുകിമാർക്ക് മുഖം കൊടുക്കാതെ ഞാനൊഴിഞ്ഞുമാറി (എന്നാണെന്റെ ധാരണ). സുഹൃത്തുക്കൾക്കിടയിൽ രാഷ്ട്രീയമുണ്ടാക്കിയ ചേരിതിരിവ് ആ 'പരിപാടി' തന്നെ ഒരു ഗൂഢാലോചന ആവശ്യപ്പെടുന്നുണ്ടെന്ന് തോന്നിച്ചു. മൂന്നാം വർഷം ഒരു ഇടിയും മിന്നലും മാത്രമേ ഓർമ്മയുള്ളു എന്ന മട്ടിൽ പെയ്തൊഴിഞ്ഞെങ്കിലും ഇതുവരെ എന്നെ ശല്യപ്പെടുത്താത്ത പഠനം നിരാശപ്പെടുത്തിയില്ല. പുറത്തെന്നെ കാത്തു നിൽക്കുന്ന സമൂഹത്തിന് എന്താണാവശ്യമെന്നറിയില്ല. എങ്കിലും ഈ ചട്ടക്കൂടിനകത്തെ പഠനത്തിന്റെയും പ്രണയത്തിന്റെയും രാഷ്ട്രീയത്തിന്റെയും പൂർത്തീകരണമാണ് സമൂഹം എന്നതാണ് ഇരുപതു വർഷത്തെ ഗവേഷണത്തിന്റെ നിഗമനം.
പക്ഷേ, ആരൊക്കെയോ പറഞ്ഞപോലെ കലാലയജീവിതമല്ല ജീവിതം എന്നൊരടി ഞാൻ പ്രതീക്ഷിക്കുന്നു. സമൂഹം നമ്മളിൽ നിന്ന് വിശ്വസ്തതയാണ് കാംക്ഷിക്കുന്നത്. സ്വന്തം മനസ്സിനോടും ശരീരത്തോടും ബന്ധങ്ങളോടുമുള്ള വിശ്വസ്തത. ഈ വിശ്വാസ ലംഘനത്തിന് നമ്മുടെ ബാഹ്യലോകം തന്നെ കൽപിക്കുന്ന അലിഖിത ശിക്ഷ, പിന്നങ്ങോട്ട് മുളച്ചുപൊങ്ങാൻ അനുവദിക്കാത്ത അപമാനവും നാണക്കേടും. ചിലപ്പോൾ തോന്നും ഈ സമൂഹത്തിന് അമേരിക്കയുടെ മാതിരി ഒരു മൂരാച്ചി സ്വഭാവമാണെന്ന്. എന്തെങ്കിലു പ്രശ്നം കണ്ടാൽ അവിടെ തലയിട്ട് നശിപ്പിച്ച് അവരുടെ ജീവിതം കുളം തോണ്ടിയിട്ടേ മടക്കമുള്ളു. ടിവി കാണാൻ ഇരിക്കുന്ന ചില പിള്ളേരെപ്പോലെ, അതിന് എപ്പോഴും ആരെയെങ്കിലുമിങ്ങനെ തിന്നോണ്ടിരിക്കണം. അതു മാത്രമോ, രാസ വളപ്രയോഗം പോലെ മാധ്യമങ്ങളുടെ ഇടപെടലുകൂടിയാകുമ്പോൾ, എല്ലാം പെട്ടെന്നാവും. എന്തു നട്ടാലും പെട്ടെന്ന് കാപറിച്ചുതരുന്നത് ഈ മാധ്യമവളമാണ്. അളവിൽ കവിഞ്ഞ വളപ്രയോഗം മണ്ണിനെയും ചെടിയേയും നശിപ്പിക്കും.
കലാലയം വിട്ട യൗവ്വനങ്ങൾ സമൂഹത്തിലേക്ക് ചേക്കേറുമ്പോൾ അത് കടലിൽ പതിക്കുന്ന പുഴ പോലെ അർത്ഥശൂന്യമാവുന്നു. എത്ര ശുദ്ധജലം വന്ന് പതിച്ചാലും കടലിന്റെ ഉപ്പ് കുറയില്ല. ഇതിനൊരറുതിയില്ല എന്ന് ഞാൻ കരുതുന്നില്ല. ഇനിയും തുറന്ന് വിടാൻ ഒരുപാട് ശ്വാനൻമാർ കാത്തു കിടക്കുന്നു. എത്ര മരുന്നടിച്ചാലും അതിജീവിച്ച് ജനിതകമാറ്റം സംഭവിച്ച കൊതുകുകളേപ്പോലെ എന്റെ പിന്നാലെ വരുന്ന അവർ എന്നേക്കാൾ ശക്തരാണ്. പ്രതികരണ ശേഷി വിരൽത്തുമ്പിൽ മാത്രമുള്ള യുവാക്കളാണ് ഇന്നുള്ളതെങ്കിലും, പിന്നോട്ടു വലിഞ്ഞ് ആർത്തിരമ്പുന്ന തിരമാലകൾ ഇനിയും വരുമെന്ന പ്രതീക്ഷയിൽ എന്റെ സ്വപ്നം പൂർണ്ണമാവുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ