പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

20 ഓഗസ്റ്റ്, 2025

ചെളി

ചെളി. നല്ല ചെളി.
മഴ പെയ്തുണ്ടായ ചെളി.
നാടു നാറിയ ചെളി.
നായ നക്കിയ ചെളി.

ആഴമെന്തെന്നറിയാത്ത ചെളി.
ആഴമുള്ളപ്പോൾ വാഴവെക്കുന്ന ചെളി.
ഒഴുക്കിൻ്റെ കൈ കൊണ്ട് വഴിയിലുള്ളതെല്ലാം
വയറ്റിലാക്കിയ ചെളി.

നടപ്പുകാരുടെ ചെരുപ്പിനടിയിൽ
ഒളിച്ചുകേറിയ ചെളി.
പോയവരൊക്കെ വായിലുള്ളതു-
പേക്ഷിച്ചുപോയ ചെളി.

തിരക്കുള്ളവരൊക്കെ
തെറിപ്പിച്ചുപോയ ചെളി.
തെറിച്ചു വീണാലും
തിരിച്ചു വരുന്ന ചെളി.

കുരുത്തക്കേടിൻ്റെ 
കയ്യിലിരിപ്പറിഞ്ഞ ചെളി.
തുണിയുടുത്തവരൊക്കെ
പൊക്കിക്കാണിച്ച ചെളി.

വീട്ടുപടി വരെ
കൂട്ടു പോകുന്ന ചെളി.
കലങ്ങിയൊടുവിൽ
നീരുതെളിയുന്ന ചെളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ