പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

04 ജൂൺ, 2025

നീ വരുമ്പോൾ

പൂക്കാലമെന്ന് ചിരിക്കുന്നു പൊൻവെയിൽ

വേനലാണെന്ന് ശഠിക്കുന്നു മാരുതൻ.

പൂത്തുലഞ്ഞിതാ പൂമ്പൊടി തൊട്ടിതാ

സമയമായെന്നുരയ്ക്കുന്നു പൂമരം.


മേലെ ഇലകൾക്കിടയിൽ ചില്ലയിൽ

മറഞ്ഞു വിരിഞ്ഞൊരു കുഞ്ഞിളം പൂവേ,

ഇതളിലൂറുന്ന തേനും മണവുമേ

കാറ്റുപോലും കവർന്നെടുത്തില്ലേ.


മണ്ണിലേക്കിന്നിറങ്ങി നീ വന്നതോ,

വിണ്ണിലെങ്ങുമിരുട്ടു നിറഞ്ഞതോ,

വണ്ടു തേടും നിൻ്റെ ശലഭമേനി എങ്ങ-

നെൻ വിണ്ട മാറിൽ വന്നു വീണു പൂവേ.


മഴ വരും മുൻപെൻ്റെ മണ്ണറിയേണ്ടു നീ.

നനവറിയും മുൻപേ വേരുറക്കേണ്ടു നീ.

ഉറവ വറ്റാതെയെൻ ഹൃദയം തുറക്കു നീ.

ഉരുളു പൊട്ടാതെന്നെ ചേർത്തുപിടിക്കു നീ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ