പ്രതീക്ഷയ്‌ക്കൊരു വകയും കരുതി വെക്കാതെയാണ്
ഉറങ്ങാൻ കിടന്നത്.
പ്രതീക്ഷയുണ്ടാകുമെന്നതുകൊണ്ടാണ്
രാവിലെ നേരത്തെ എണീറ്റതും.
എപ്പോൾ വരുമെന്ന് പറഞ്ഞിട്ടില്ല.
ചിലപ്പോൾ വരാൻ വൈകുമായിരിക്കും.
ആ മുഖം കണ്ട ഓർമയില്ല.
എന്തിനാണ് വരുന്നതെന്ന് അറിയില്ല.
പ്രതീക്ഷകൂടി വന്നിട്ട് ചെയ്യാൻ കരുതി വെച്ച ഒരുപാട് കാര്യങ്ങളുണ്ട്.
വന്നാൽത്തന്നെ എത്രനേരം കൂടെയുണ്ടാകുമെന്നറിയില്ല.
എല്ലാത്തിനും സമയമുണ്ടാവുമോ ആവോ.
നേരം പോയികൊണ്ടേയിരുന്നു.
ഒടുക്കം രാത്രിയായി.
ഉറങ്ങാൻ സമയമായി.
മനസ്സ് പറഞ്ഞു, 'പ്രതീക്ഷ കൈ വിടരുത്'.
ഞാൻ ചുറ്റും നോക്കി.
ഞാനാരുടെയും കൈ പിടിച്ചിട്ടില്ല.
കൈ വിടാൻ മാത്രം ആരുമെന്റെയും കൈ പിടിച്ചിട്ടില്ലെന്ന് ബോധ്യമായി.
ഇന്നിനിയിപ്പോൾ ഉറങ്ങാം.
നാളെ നേരത്തെ എണീക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ