പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

27 ജൂൺ, 2021

ആം ആശയം

ഒഴിവു സമയങ്ങളിൽ കഷ്ടപ്പെട്ട് കവിതകൾ എഴുതുന്ന ഒരു പുതു തലമുറ കവിയാണ് ശ്രീ. റാഫി ചൂരണി. ശരിക്കുള്ള പേര് റാഫി കെ. എസ്. ഒരെഴുത്തുകാരന്‌ ആ പേര് ചേരാത്തത് കൊണ്ടും സ്വന്തം നാടിനോടുള്ള സ്നേഹം കൊണ്ടും റാഫി ചൂരണി എന്ന തൂലികാനാമം സ്വീകരിച്ചു. കവിതകൾ രചിക്കുന്ന ശീലം തുടങ്ങിയിട്ട് അധികകാലമായില്ല. ആശയ ദാരിദ്ര്യവും ആശയ സമ്പന്നതയും ചിലപ്പോൾ നാലുവരിക്കവിതകൾക്കും ചിലപ്പോൾ ഖണ്ഡകാവ്യങ്ങൾക്കും ജീവൻ കൊടുത്തുപോന്നു. ഒഴിവില്ലാത്ത സമയങ്ങളിൽ ഉപജീവന മാർഗമായി ബിരുദാനന്തര ബിരുദം അഭ്യസിക്കുന്നു എന്നതും ഇവിടെ എടുത്തുപറയട്ടെ.


ഒരാഴ്ച്ചയായിട്ട് റാഫി ചൂരണിക്ക് ഒന്നും എഴുതാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഈ കഥയുടെ പിന്നാമ്പുറത്തെ വിശേഷം. ഒരു വൈകുന്നേരം കവിക്ക് വിശന്നു. വയറ്റിലോട്ടും തലയിലോട്ടും എന്തെങ്കിലും കേറ്റിയേ പറ്റൂ. കാന്റീനിലെ ചായയ്ക്ക് ഒരു ഗുമ്മില്ലാത്തതിനാൽ ബാബുവേട്ടന്റെ ചായക്കടയിലേക്ക് വിട്ടു. പൂത്തു നിൽക്കുന്ന വാകയുടെ ഒരു വശത്ത് ചായക്കടയും മറുവശത്ത് കോളേജ് ബസ് സ്റ്റോപ്പും. ആശയത്തിന് നല്ല വളക്കൂറുള്ളിടത്താണ് വാക വേരാഴ്ത്തിയിരിക്കുന്നതെന്നാണ് റാഫിയുടെ വിശ്വാസം. ഒരു കട്ടൻ ചായയും ഇലയടയും ശാപ്പിട്ടു. ആശയം വന്നില്ല. ഒരു പഴംപൊരി കൂടി ശാപ്പിട്ടു. ഇത്തവണ സുൽത്താൻ വന്നു നിർത്തി. സുൽത്താന്റെ മുൻപേ വരേണ്ട സെന്റ് തോമസ് തൊട്ടുപിന്നാലെ എത്തിയെങ്കിലും ബസ് സ്റ്റോപ്പിൽ സ്ഥലം കിട്ടാഞ്ഞതിനാൽ ചായക്കടയുടെ മുന്നിൽ വന്നു നിർത്തി. (സുൽത്താനും സെന്റ് തോമസും അന്നാട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണെന്ന് മനസ്സിലാക്കുക). സെന്റ് തോമസ് ബസ്സിൽ നിന്നും ഒരു മധ്യവയസ്കൻ ഇറങ്ങി വന്നു. കവി റാഫി ഗൗനിക്കാൻ മാത്രമുള്ള സവിശേഷതകൾ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ അയാൾ തൊട്ടടുത്ത് വന്നിരുന്ന് ചായ കുടിക്കുന്നത് റാഫി ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം ഒരേമ്പക്കം വിടുന്നതു വരെ റാഫിയുടെ അശ്രദ്ധ തുടർന്നു.




ഒരു ഞെട്ടലോടെയാണ് റാഫി ആ ഏമ്പക്കം കേൾക്കുന്നത്. ഏമ്പക്കവും അതിന്റെ ഉറവിടവും പൊടുന്നനെ റാഫിയുടെ ശ്രദ്ധയിൽപ്പെട്ടു. റാഫിയുടെ നോട്ടവും ഭാവവും കണ്ട് മധ്യവയസ്കൻ വിശദീകരിച്ചു.


'ഗ്യാസാ. ബസിലിരുന്ന് യാത്ര ചെയ്തതിന്റെയാ.'


ക്ഷമിച്ചു, സാരമില്ല എന്നൊക്കെ തോന്നിക്കാൻ മറ്റൊരു നോട്ടവും മറ്റൊരു ഭാവവും റാഫി മറുപടിയായി പുറത്തെടുത്തു. ബാബുവേട്ടന് കൊടുക്കാൻ കീശയിൽ നിന്ന് ഇരുപതിന്റെ ഒരു നോട്ടും പുറത്തെടുത്തു (ചായയ്ക്ക് എട്ടുരൂപ, കടിക്ക് ആറുരൂപ; കടിക്ക് താരതമ്യേന വലിപ്പക്കുറവുള്ളത് കൊണ്ടാണ് വിലക്കുറവ്). കൈയിൽ ശേഷിച്ച എണ്ണ കൊണ്ട് കഷ്ടിച്ച് ഒരിഞ്ച് നീളമെത്തിയ താടിയും തടവി റാഫി ഹോസ്റ്റലിലേക്ക് തിരിച്ചു.


നല്ലൊരാശയം കിട്ടിയിരിക്കുന്നു. പല വിധത്തിൽ മസ്തിഷ്ക പ്രക്ഷാളനം നടത്തിക്കൊണ്ട് റാഫി റൂമിലെത്തി. ഇരുന്നു. കിടന്നു. നടന്നു. വീണ്ടും കിടന്നിട്ടും ആശയം വികസിക്കുന്നില്ല എന്നൊരു വിഷമസന്ധിയിലായി റാഫി. അപ്പോൾ ആ വഴി കടന്നു പോയ റാഫിയുടെ സുഹൃത്തുക്കളും സർവ്വോപരി അഭ്യുദയകാംക്ഷികളുമായ രണ്ടു പേർ എഴുത്തിനെപ്പറ്റി തിരക്കാൻ റൂമിലേക്ക് വന്നു.


ഒന്നാമൻ: 'എന്താ കുഞ്ഞുമ്മോനെ പുതിയ പാട്ടൊന്നൂല്ലേ?'


റാഫി പ്രത്യുത്തരിച്ചു.


'ഒരാശയം ദേ ഇപ്പം കിട്ടിയതേ ഉള്ളു. അങ്ങ് വികസിപ്പിക്കാൻ സാധിക്കുന്നില്ല.'


'ഇത്രയ്ക്ക് കഠിനമായ ആ ആശയം എന്താണാവോ?' എന്നായി രണ്ടാമൻ.


അൽപം മടിച്ചെങ്കിലും ശ്രീമാൻ റാഫി ചൂരണി തന്റെ ആശയം അവതരിപ്പിച്ചു:


'ഒരു യാത്ര കഴിഞ്ഞെത്തിയ കാർമേഘം..., വയറിൽ പെയ്യാൻ വെമ്പി നിറഞ്ഞു നിൽക്കുന്ന നീർക്കണങ്ങൾ..., കാർമേഘം ഒരേമ്പക്കം വിടുന്നു..., അതൊരിടിമുഴക്കമായി ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു.....'


ഒന്നാമന് കാര്യം മനസ്സിലായി.

'ഗ്യാസാ. ബാബുവേട്ടന്റെ പഴംപൊരിയാവും.'


രണ്ടാമനും പ്രശ്നം ആമാശയമാണെന്ന് മനസ്സിലായി.

'ഇങ്ങനെ നിന്നാൽ ആശയം വികസിക്കില്ല. ഒന്നുകിൽ അൽപ നേരം കിടക്കണം, അല്ലെങ്കിൽ ആ കക്കൂസിൽ പോയിരുന്ന് നന്നായിട്ടൊന്ന് മുക്കണം. നല്ല വികസനമുണ്ടാവും.'

1 അഭിപ്രായം: